സലാം ബൈറൂത്: കുടിയേറ്റ തൊഴിലാളികൾക്ക് ഷാർജ ഒരു ലക്ഷം ഡോളർ അനുവദിച്ചു
text_fieldsഷാർജ: പോർട്ട് ബൈറൂത്തിലെ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ സഹായിക്കുന്നതിനായി യു.എ.ഇയിൽ ആരംഭിച്ച അന്താരാഷ്ട്ര അടിയന്തര സഹായ കാമ്പയിൻ സലാം ബൈറൂത് കുടിയേറ്റ തൊഴിലാളികളെ തിരിച്ചയക്കുന്നതിന് ഒരുലക്ഷം യു.എസ് ഡോളർ അനുവദിച്ചു. ഈ തൊഴിലാളികൾ ലബനാൻ തലസ്ഥാനത്ത് താമസ സ്ഥലവും ഭക്ഷണവുമില്ലാതെ കഴിയുകയാണ്.
ഷാർജ ഭരണാധികാരിയുടെ ഭാര്യയും ദി ബിഗ് ഹാർട്ട് ഫൗണ്ടേഷൻ ചെയർപേഴ്‌സനും യു.എൻ.എച്ച്.സി.ആറിലെ അഭയാർഥി കുട്ടികൾക്കായുള്ള പ്രമുഖ അഭിഭാഷകയുമായ ശൈഖ ജൗഹർ ബിൻത് മുഹമ്മദ് അൽ ഖാസിമി ആരംഭിച്ച സലാം ബൈറൂത് ഷാർജ ആസ്ഥാനമായുള്ള ആഗോള മാനുഷിക സംഘടനയായ ടി.ബി.എച്ച്.എഫുമായി സഹകരിച്ചാണ് ലബനാനിലെ ദുരിതാശ്വാസ ഓപറേറ്റർമാരുമായി ഏകോപിപ്പിച്ച് പ്രവർത്തിക്കുന്നത്.
കുടിയേറ്റ തൊഴിലാളികളെ,- പ്രധാനമായും സ്ത്രീകളെ അവരുടെ മാതൃരാജ്യത്തേക്ക് സുരക്ഷിതമായി മടക്കി അയക്കുന്നതിനാണ് ഒരുലക്ഷം ഡോളർ ഫണ്ട് അനുവദിച്ചത്.ലബനാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന അടിസ്ഥാനവിഭാഗ കൂട്ടായ്മയായ എ.ആർ.എം എന്ന വംശീയ വിരുദ്ധ പ്രസ്ഥാനത്തിലൂടെയാണ് നടപ്പാക്കുന്നത്. കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമത്തിനാണ് ഈ തുക ചെലവഴിക്കുന്നത്.
എ.ആർ.എമ്മുമായുള്ള ആദ്യ പങ്കാളിത്തത്തിൽ വീടും ഉപജീവനവും നഷ്ടപ്പെട്ട കുടിയേറ്റ തൊഴിലാളികളെ നാട്ടിലേക്ക് മടങ്ങുന്നത് തടയുന്ന വ്യവസ്ഥാപരമായ തടസ്സങ്ങൾ നീക്കുന്നതിൽ സലാം ബൈറൂത് ശ്രദ്ധ കേന്ദ്രീകരിക്കും. കോവിഡ് പൊട്ടിപ്പുറപ്പെട്ടതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ടവർക്ക് ഇരട്ടി പ്രഹരമാണ് സ്ഫോടനം ഉണ്ടാക്കിയത്. ആളുകളെ സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിനായി രജിസ്റ്റർ ചെയ്യുന്നതിനുള്ള സുപ്രധാന ഡേറ്റ ശേഖരണമാണ് പദ്ധതി പ്രവർത്തനങ്ങളിൽ പ്രധാനം.
കാലഹരണപ്പെട്ട പാസ്‌പോർട്ടുകൾ പുതുക്കുന്നതിനും പേപ്പർവർക്കുകൾ കൈകാര്യം ചെയ്യുന്നതിനും സഹായിക്കും. കൂടാതെ, കാലഹരണപ്പെട്ട രേഖകൾ ശരിയാക്കുന്നതിനുള്ള ഫീസ് നൽകും.കോവിഡ് പരിശോധന, നിർബന്ധിത ക്വാറൻറീൻ എന്നിവക്ക് ആവശ്യമായ സഹായം നൽകും. അഞ്ച് മാസത്തിനുള്ളിൽ ഇവർക്ക് മടങ്ങിപ്പോക്ക് ഒരുക്കാനാണ് പദ്ധതി. ലബനാൻ തൊഴിൽ മന്ത്രാലയത്തിെൻറ 2018 ലെ ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾ പ്രകാരം വിദേശ തൊഴിലാളികളിൽ ഭൂരിഭാഗവും ഇത്യോപ്യക്കാരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.