സലാമ ആപ്പ്; കൂടുതൽ സ്ഥാപനങ്ങളിലേക്ക് വ്യാപിപ്പിച്ചു
text_fieldsഅബൂദബി: രക്ഷിതാക്കൾക്ക് സ്കൂള്‍ ബസ്സുകളുടെ നീക്കം മനസിലാക്കാൻ സഹായിക്കുന്ന ‘സലാമ’ ആപ്ലിക്കേഷന്‍ കൂടുതൽ സ്ഥാപനങ്ങളിലേക്ക് വ്യാപിപ്പിച്ചു. ഇതു വഴി എമിറേറ്റിലെ കൂടുതല്‍ മാതാപിതാക്കള്‍ക്ക് ട്രാക്കിങ് സംവിധാനം ഉപയോഗപ്പെടുത്താം. സര്‍ക്കാര്‍ സ്കൂളുകളും നഴ്സറികളും ഉള്‍പ്പെടെ 672 സ്ഥാപനങ്ങളിലേക്കാണ് ആപ്പിന്റെ സേവനം വ്യാപിപ്പിച്ചത്. സ്കൂള്‍ ഗതാഗത മേഖലയില്‍ മാതാപിതാക്കളുടെ വിശ്വാസം വര്‍ധിപ്പിക്കുകയാണ് ഇതിലൂടെ സംയോജിത ഗതാഗത വകുപ്പ് ലക്ഷ്യമിടുന്നത്. നിലവില്‍ 2,39,000 ത്തിലേറെ വിദ്യാര്‍ഥികളാണ് സ്കൂള്‍ ബസ്സുകള്‍ ഉപയോഗിക്കുന്നത്. എമിറേറ്റിലെ ആകെ വിദ്യാര്‍ഥികളുടെ 49 ശതമാനമാണ് ഇത്. വിദ്യാഭ്യാസ, വിജ്ഞാന വകുപ്പും എമിറേറ്റ്സ് സ്കൂള്‍സ് എസ്റ്റാബ്ലിഷ്മെന്റും സഹകരിച്ചാണ് ആപ്ലിക്കേഷന്‍ വികസിപ്പിച്ചത്. സലാമ ആപ്ലിക്കേഷന്‍ നിലവില്‍ 15000ത്തിലേറെ മാതാപിതാക്കളാണ് ഡൗണ്‍ ലോഡ് ചെയ്തിരിക്കുന്നത്.
സ്കൂള്‍ ട്രിപ്പുകളുടെ തൽസമയ സഞ്ചാരപദം ആപ്ലിക്കേഷനിലൂടെ ഉപയോക്താക്കള്‍ക്ക് അറിയാനാവും. വാഹനം പുറപ്പെടുന്ന സമയവും ഓരോ കേന്ദ്രങ്ങളില്‍ എത്തുന്ന സമയവുമൊക്കെ ആപ്പിലൂടെ അറിയാം. വിദ്യാര്‍ഥികള്‍ ബസ്സില്‍ പോവാത്ത ദിവസം അക്കാര്യവും ആപ്പിലൂടെ അറിയിക്കാനാവും. ബസ് ഓരോ കേന്ദ്രങ്ങളിലും എത്തുന്ന വിവരം ആപ്പില്‍ നോട്ടിഫിക്കേഷന്‍ ആയി അറിയിക്കും. ഡ്രൈവറുടെയും സൂപ്പര്‍വൈസറുടെയും വിവരങ്ങള്‍ ആപ്പില്‍ ലഭിക്കും. സൂപ്പര്‍വൈസറുമായും ഓപറേറ്ററുമായി നേരിട്ട് ആശയവിനിമയവും നടത്താനും ആപ്പിൽ സൗകര്യമുണ്ട്.
പിക്ക്-അപ്പ്, ഡ്രോപ്പ് സമയങ്ങള്‍ കൃത്യമായി ട്രാക്ക് ചെയ്യുന്നതിലൂടെയും സ്കൂളുകള്‍ക്ക് ചുറ്റുമുള്ള ഗതാഗതക്കുരുക്ക് നിരീക്ഷിക്കുന്നതിലൂടെയും രാവിലെയുള്ള യാത്രയുടെ തുടക്കസമയം കണക്കാക്കുന്നതിലൂടെയും സ്കൂള്‍ ഗതാഗത സംവിധാനത്തിലെ പിഴവുകള്‍ പരിഹരിക്കാന്‍ കഴിയുമെന്നതും ആപ്പിന്റെ പ്രത്യേകതയാണ്. ഗതാഗതക്കുരുക്ക് അടക്കമുള്ള പ്രതിസന്ധികള്‍ അധികാരികള്‍ക്ക് യഥാസമയം നിരീക്ഷിക്കാനും ഇടപെടാനും സാധിക്കും.
അബൂദബി സംയോജിത ഗതാഗത കേന്ദ്രത്തിലെ കണ്ട്രോള് റൂം മുഖേന ഏത് അടിയന്തര സാഹചര്യങ്ങളെയും നേരിടാന്‍ ആവശ്യമായ നടപടികള്‍ എളുപ്പത്തിലാക്കാന്‍ ഈ സ്മാര്‍ട്ട് സിസ്റ്റം നല്കുന്ന വിവരങ്ങളിലൂടെ സാധിക്കും. സൂപ്പര്‍വൈസര്‍ക്ക് ആപ്പ് മുഖേന ബസ്സില്‍ കയറിയ കുട്ടികളുടെ എണ്ണം, ബസ് ട്രിപ്പിന്റെ അവസ്ഥ തുടങ്ങിയ കാര്യങ്ങളുടെ റിപോര്‍ട്ട് നല്‍കാനും അവസരമുണ്ട്.
അടിയന്തരസാഹചര്യമുണ്ടായാല്‍ ഇതുസംബന്ധിച്ച വിവരങ്ങളും സൂപ്പര്‍വൈസര്‍ക്ക് പങ്കുവയ്ക്കാനാവും. സ്കൂള്‍ വാഹനങ്ങളിലെ ഡ്രൈവര്‍മാരുടെ ഭാഗത്തുനിന്ന് മോശം പെരുമാറ്റങ്ങളുണ്ടായാല്‍ സംയോജിത ഗതാഗതകേന്ദ്രത്തെ അറിയാക്കാം. ഇതിനു പുറമേ നിര്‍ദേശങ്ങളോ ഫീഡ്ബാക്കുകളോ ഉണ്ടെങ്കില്‍ അവ നഗര, ഗതാഗത വകുപ്പിന്റെ സേവന പിന്തുണ വിഭാഗത്തിന്റെ ടോള്‍ഫ്രീ നമ്പരായ 800850ല്‍ വിളിച്ച് കൈമാറാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.