സ്കൂൾബസുകളെ നിരീക്ഷിക്കാൻ ‘സലാമ’ ആപ്
text_fieldsഅബൂദബി: അബൂദബിയിൽ സ്കൂൾ ബസിൽ യാത്രചെയ്യുന്ന വിദ്യാർഥികളെ നിരീക്ഷിക്കാൻ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി. ഗതാഗതവകുപ്പിന് കീഴിലെ സംയോജിത ഗതാഗത കേന്ദ്രമാണ് ‘സലാമ’ എന്നപേരിൽ ആപ്പ് പുറത്തിറക്കിയത്.
‘സലാമ ആപ്പ്’ ഡൗൺലോഡ് ചെയ്താൽ മാതാപിതാക്കൾക്ക് അവരുടെ യു.എ.ഇ പാസ് ഉപയോഗിച്ച് ആപ്പിൽ അക്കൗണ്ട് രജിസ്റ്റർ ചെയ്യാം. ഇതിൽ മക്കളുടെ സ്കൂൾ ബസ് റൂട്ട്, ഐ.ഡി നമ്പർ, അല്ലെങ്കിൽ സ്കൂൾ നമ്പർ എന്നിവ നൽകിയാൽ സ്കൂളിലേക്കും തിരിച്ചുമുള്ള യാത്രയിൽ അവരെ നിരീക്ഷിക്കാം.
മക്കൾ സ്കൂളിലെത്തിയാലും തിരിച്ചുവീട്ടിലെത്തിയാലും ഉടൻ രക്ഷിതാക്കൾക്ക് എസ്.എം.എസ് സന്ദേശം ലഭിക്കും. കുട്ടികൾ സ്കൂളിലേക്ക് പോകുന്നില്ലെങ്കിൽ അക്കാര്യം ആപ്പിലൂടെ ബസ് സൂപ്പർവൈസറെ അറിയിക്കാനും സംവിധാനമുണ്ട്. സ്കൂള്‍ ബസുകളുടെ നീക്കം അതതു സമയം ആപ്ലിക്കേഷഷനിലൂടെ അറിയാനാവും. ബസ് എപ്പോള്‍ പുറപ്പെട്ടു, എവിടെയെത്തി, ബസില്‍ കയറിയ വിദ്യാര്‍ഥികളുടെ ആകെ എണ്ണം, ബസ് വീടിന് മുന്നിലെത്തുമെന്ന് പ്രതീക്ഷിത സമയം തുടങ്ങിയ വിവരങ്ങൾ നോട്ടിഫിക്കേഷനായി മാതാപിതാക്കള്‍ക്കു നല്‍കുക. അതോടൊപ്പം വിദ്യാർഥി സ്കൂളിലെത്തിയില്ലെങ്കില്‍ സ്കൂള്‍ അധികൃതര്‍ക്ക് ആപ്പിലൂടെ രക്ഷിതാക്കളെ അറിയിക്കാനും സംവിധാനമുണ്ട്.
രക്ഷിതാക്കള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഓപറേറ്റര്‍മാര്‍, ബസ് ഡ്രൈവര്‍മാര്‍, സൂപ്പര്‍വൈസര്‍മാര്‍ എന്നിവര്‍ക്ക് സേവനം ഉപയോഗിക്കാവുന്ന ആപ്ലിക്കേഷനാണിത്. അടിയന്തര ഘട്ടങ്ങളില്‍ ആശയവിനിമയം നടത്താനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനും ഈ ട്രാക്കിങ് സംവിധാനം പ്രയോജനപ്പെടും. ഗതാഗതക്കുരുക്ക് അടക്കമുള്ള പ്രതിസന്ധികള്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് യഥാസമയം നിരീക്ഷിക്കാനും ഇടപെടാനും സാധിക്കും.
സ്കൂൾബസ് യാത്ര കൂടുതൽ സുരക്ഷിതമാക്കാനുള്ള നടപടികളുടെ ഭാഗമാണ് സംയോജിത ഗതാഗത കേന്ദ്രം ‘സലാമ’ ആപ്പ് അവതരിപ്പിക്കുന്നത്. രക്ഷിതാക്കൾക്കും സ്കൂൾ അധികൃതർക്കും ഈ ആപ്പ് പ്രയോജനപ്പെടുത്താം..
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.