ഫുജൈറയിൽനിന്ന് കേരളമടക്കം 18 സ്ഥലങ്ങളിലേക്ക് സലാം എയർ സര്‍വിസ് ആരംഭിക്കുന്നു
text_fieldsഫുജൈറ: ബജറ്റ് വിമാന കമ്പനിയായ സലാം എയർ ഫുജൈറ എയർപോർട്ടിൽ നിന്നും വിവിധ രാജ്യങ്ങളിലേക്ക് സർവിസ് ആരംഭിക്കുന്നു. ഒമാനിലെ ആദ്യത്തെ ബജറ്റ് വിമാന കമ്പനിയായ സലാം എയർ ജൂലൈ 12 മുതലാണ് ഫുജൈറ എയർപോർട്ടിൽ നിന്നും സർവിസുകൾ തുടങ്ങുക.
എല്ലാ തിങ്കൾ, ബുധൻ ദിവസങ്ങളിലും ഫുജൈറ ഇന്റർനാഷണൽ എയർപോർട്ടില്‍ നിന്നും അങ്ങോട്ടും ഇങ്ങോട്ടും പ്രതിവാര ഫ്ലൈറ്റുകൾ നടത്തുമെന്ന് ഫുജൈറ ഇന്റർനാഷണൽ എയർപോർട്ട് ഡയറക്ടർ ജനറൽ ക്യാപ്റ്റൻ ഇസ്മായിൽ അൽ ബലൂഷി അറിയിച്ചു. എമിറേറ്റിന്റെ ലോകവുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണിതെന്ന് അദ്ദേഹം പറഞ്ഞു.
റിയാദ്, ഷിറാസ്, തെഹ്‌റാൻ, ട്രാബ്‌സൺ, ബാങ്കോക്ക്, ഫുക്കറ്റ്, ക്വാലാലംപൂർ, ധാക്ക, ചിറ്റഗോംഗ്, കൊളംബോ, ജയ്പൂർ, കറാച്ചി, സലാല, മസ്‌കറ്റ്, കാഠ്മണ്ഡു, ലഖ്‌നൗ, സിയാൽകോട്ട്, തിരുവനന്തപുരം തുടങ്ങിയ നഗരങ്ങളിലേക്ക് ആണ് മസ്കറ്റ് വഴി സര്‍വിസുകള്‍ ആരംഭിക്കുന്നത്.
തിരുവനന്തപുരത്തേക്ക് ജൂലായ് 12 നാണ് ആദ്യ സർവിസ്. ഫുജൈറയിൽ നിന്ന് മസ്കറ്റ് വഴിയാണ് തിരുവനന്തപുരത്തേക്ക് വരിക. വളരെ വേഗത്തില്‍ യാത്രക്കാരുടെ ക്ലിയറൻസ് നടപടികള്‍ പൂര്‍ത്തിയാക്കി സുഖപ്രദമായ യാത്ര ഉറപ്പാക്കാന്‍ ഫുജൈറ എയർപോർട്ട് സജ്ജമായതായി ക്യാപ്റ്റൻ ഇസ്മായിൽ അൽ ബലൂഷി പറഞ്ഞു. ഒമാൻ എയറുമായുള്ള പങ്കാളിത്തവും സഹകരണവും നിക്ഷേപകർക്കും ബിസിനസുകാർക്കും വളർച്ചയുടെ വാതിൽ തുറക്കുന്നതിന് സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫുജൈറയുടെ സാമ്പത്തിക, വിനോദസഞ്ചാരമേഖലയില്‍ ഇതുവഴി വികസനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. വിശാലമായ റണ്‍വേ സൗകര്യവും മൂടല്‍ മഞ്ഞ് അധികം ബാധിക്കാത്ത എയർ നാവിഗേഷന് അനുയോജ്യമായ കാലാവസ്ഥയും ഫുജൈറ വിമാനത്താവളത്തിന് വന്‍ സാധ്യതയാണ് കൽപിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.