ലഹരി പാനീയ വില്‍പന: അബൂദബിയില്‍ നിയമങ്ങള്‍ പുതുക്കി
text_fieldsഅബൂദബി: ലഹരി പാനീയങ്ങളുടെ വില്‍പന സംബന്ധിച്ച് അബൂദബി ടൂറിസം വകുപ്പ് പുതിയ നിയമങ്ങള്‍ പുറപ്പെടുവിച്ചു. വിതരണ കമ്പനികളും ചില്ലറ വില്‍പന ശാലകളിലെ മാനേജര്‍മാരും പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങളാണ് ടൂറിസം അധികൃതര്‍ പുറത്തിറക്കിയത്.
ലഹരി പാനീയങ്ങളില്‍ ഉണ്ടാകേണ്ട വസ്തുക്കളെക്കുറിച്ചും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നുണ്ട്. ഉപയോക്താക്കളുടെയും വിതരണക്കാരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമായാണു നടപടി. കുറഞ്ഞ ലഹരി 0.5 ശതമാനമായിരിക്കണം. വൈന്‍ വിനാഗിരിയുടെ രുചിയോ മണമോ ഉണ്ടാവാന്‍ പാടില്ല.
ബിയറില്‍ കൃത്രിമമായ മധുരമോ കാരമല്‍ ഒഴികെയുള്ള നിറമോ ചേര്‍ക്കാന്‍ പാടില്ലെന്നും നിയമം നിഷ്‌കര്‍ഷിക്കുന്നു. ശുചിത്വമുള്ള അന്തരീക്ഷത്തിലാവണം ഇവ തയാറാക്കേണ്ടത്. മലിനീകരണമോ കേടുപാടോ സംഭവിക്കാത്തവയിലായിരിക്കണം പാനീയം പാക്ക് ചെയ്യേണ്ടത്.
പാനീയത്തില്‍ അടങ്ങിയവ, എവിടെ ഉല്‍പാദിപ്പിച്ചു, നിര്‍മാതാവ്, കാലാവധി, ആല്‍ക്കഹോള്‍ തോത് തുടങ്ങിയവ പാനീയത്തിന്‍റെ ലേബലില്‍ രേഖപ്പെടുത്തിയിരിക്കണം. ഉപയോഗിക്കുന്ന ആല്‍ക്കഹോളിന്‍റെ തരം, പാക്കേജിങ്, ട്രാന്‍സ്‌പോര്‍ട്ട്, സ്‌റ്റോറേജ് തുടങ്ങിയവ സംബന്ധിച്ചും അധികൃതര്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കുന്നതിന് ആറുമാസമാണ് അധികൃതര്‍ നല്‍കിയിരിക്കുന്ന സാവകാശം. നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.