സൈബർ തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി ‘സാലിക്’
text_fieldsദുബൈ: സൈബർ തട്ടിപ്പിൽ അകപ്പെടുന്നതിൽ ജാഗ്രത പാലിക്കണമെന്ന് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി ദുബൈ ടോൾ ഗേറ്റ് ഓപറേറ്റർമാരായ ‘സാലിക്’. വ്യാജ വെബ്സൈറ്റുകൾ, ഇ-മെയിലുകൾ, സമൂഹ മാധ്യമ അക്കൗണ്ടുകൾ എന്നിവ വഴിയാണ് സൈബർ തട്ടിപ്പുകാർ വലവിരിക്കുന്നതെന്ന് മുന്നറിയിപ്പിൽ പറയുന്നു. ഔദ്യോഗിക വെബ്സൈറ്റ് വഴിയും വിശ്വസനീയമായ ഉറവിടങ്ങളിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ മാത്രമേ അടിസ്ഥാനമാക്കാൻ പാടുള്ളൂവെന്നും വ്യാഴാഴ്ച പുറത്തിറക്കിയ അറിയിപ്പിൽ ആവശ്യപ്പെട്ടു.
സൈബർ കെണികളിൽ അകപ്പെടാതിരിക്കാൻ ഉപഭോക്താക്കൾക്ക് തുടർച്ചയായി ബോധവത്കരണം നൽകിവരുന്നുണ്ടെന്നും ഉപഭോക്താക്കൾ വ്യക്തിപരവും സാമ്പത്തികവുമായ വിവരങ്ങളും അക്കൗണ്ട് രഹസ്യങ്ങളും പങ്കുവെക്കരുതെന്നും ‘സാലിക്’ സി.ഇ.ഒ ഇബ്രാഹീം സുൽത്താൻ അൽ ഹദ്ദാദ് പറഞ്ഞു. ‘സാലികി’ന്റെ ഓഹരികൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ ബ്രോക്കർമാരെയും ഔദ്യോഗിക സ്ഥാപനങ്ങളെയും ദുബൈ ഫിനാൻഷ്യൽ മാർക്കറ്റ് വെബ്സൈറ്റും ഉപയോഗപ്പെടുത്തണമെന്ന് അദ്ദേഹം നിർദേശിച്ചു.
സമീപകാലത്തായി സൈബർ തട്ടിപ്പ് ലക്ഷ്യംവെച്ച് നിരവധി മെസേജുകൾ ഓൺലൈനിൽ ‘സാലികി’ന്റെ പേരിൽ പ്രചരിച്ചിട്ടുണ്ട്. ഇത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് ഔദ്യോഗികമായി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. സംശയാസ്പദമായ ലിങ്കുകളിലും പോപ്-അപ് പരസ്യങ്ങളിലും ക്ലിക്കു ചെയ്യുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.