ദുബൈയിൽ സാലിക് നിരക്കിൽ മാറ്റം
text_fieldsദുബൈ: ദുബൈയിലെ റോഡ് ചുങ്കം സംവിധാനമായ സാലിക്കിന്റെ നിരക്ക് മാറുന്നു. അടുത്ത വർഷം ജനുവരി മുതൽ എല്ലാ ദിവസവും അർധരാത്രിക്ക് ശേഷം റോഡ് ചുങ്കം സൗജന്യമാകും. എന്നാൽ, തിരക്കേറിയ സമയങ്ങളിൽ സാലിക്ക് നിരക്ക് ആറു ദിർഹമായി ഉയരും. നിലവിൽ എല്ലാ സമയത്തും നാലു ദിർഹമാണ് ഈടാക്കുന്നത്.
എല്ലാ ദിവസവും രാത്രി ഒന്ന് മുതൽ പുലർച്ച ആറുവരെയാണ് ദുബൈയിൽ സാലിക്ക് നിരക്ക് സൗജന്യമാവുക. എന്നാൽ, പ്രവൃത്തിദിവസങ്ങളിൽ തിരക്ക് വർധിക്കുന്ന സമയങ്ങളായ രാവിലെ ആറു മുതൽ പത്ത് വരെയും വൈകീട്ട് നാലു മുതൽ രാത്രി എട്ടു വരെയും ടോൾ ഗേറ്റ് കടന്നുപോകാൻ ആറു ദിർഹം നൽകേണ്ടി വരും.
തിരക്കില്ലാത്ത സമയങ്ങളിൽ നിലവിലെ നിരക്കായ നാലു ദിർഹം നൽകിയാൽ മതി. പൊതുഅവധിയല്ലാത്ത ഞായറാഴ്ചകളിൽ നാലു ദിർഹമായിരിക്കും സാലിക്ക് നിരക്ക്. മറ്റു പൊതു അവധികൾ, പ്രധാന പരിപാടി നടക്കുന്ന ദിവസങ്ങൾ എന്നിവയിൽ എല്ലാ സമയത്തും നാലു ദിർഹം ഈടാക്കാനാണ് ആർ.ടി.എയുടെ തീരുമാനം.
മാർച്ച് മുതൽ പാർക്കിങ് സംവിധാനത്തിലും സമാനമായ നിരക്ക് മാറ്റമുണ്ടാകും. തിരക്കേറിയ സമയങ്ങളിൽ പ്രീമിയം പാർക്കിങ് കേന്ദ്രങ്ങളിൽ മണിക്കൂറിന് ആറു ദിർഹമായും മറ്റിടങ്ങളിൽ നാലു ദിർഹമായും പാർക്കിങ് നിരക്ക് ഉയരും.
വേൾഡ് ട്രേഡ് സെന്റർ ഉൾപ്പെടെ പ്രധാന പരിപാടികൾ നടക്കുന്ന മേഖലയിലെ പാർക്കിങ് സോണുകളിൽ തിരക്കേറുന്ന സമയത്ത് മണിക്കൂറിൽ 25 ദിർഹമായും പാർക്കിങ് നിരക്ക് ഉയരും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.