‘സാലിക്’ ഓഹരി ഉടമകൾക്ക് 49 കോടി ദിർഹം വിതരണം ചെയ്യും
text_fieldsദുബൈ: എമിറേറ്റിലെ ടോൾഗേറ്റ് സംവിധാനമായ ‘സാലിക്’, ഓഹരി ഉടമകൾക്ക് ഏപ്രിൽ 27നകം ലാഭവിഹിതമായി 49 കോടി ദിർഹം വിതരണം ചെയ്യും. കഴിഞ്ഞ വർഷം രണ്ടാം പകുതിയിൽ ലഭിച്ച ലാഭത്തിന്റെ മുഴുവൻ തുകയും വിതരണം ചെയ്യാനാണ് ഡയറക്ടർ ബോർഡ് യോഗം തീരുമാനിച്ചത്. കഴിഞ്ഞ സെപ്റ്റംബറിൽ വിൽപന ആരംഭിക്കുമ്പോൾ ഒരു ഓഹരിക്ക് 2 ദിർഹമായിരുന്ന നിരക്ക് നിലവിൽ 2.9 ദിർഹത്തിലാണ് വ്യാപാരം നടത്തുന്നത്. 2022ൽ സാലിക്കിന്റെ വരുമാനം 11.8 ശതമാനം വർധിച്ച് 189കോടി ദിർഹമായിട്ടുണ്ട്.
കഴിഞ്ഞ വർഷം ഡിസംബർ വരെ ദുബൈയിലെ ടോൾ ഗേറ്റ് സംവിധാനമായ ‘സാലിക്കി’ൽ രജിസ്റ്റർ ചെയ്തത് 37ലക്ഷം വാഹനങ്ങളാണ്. ഓരോ വർഷവും വാഹനങ്ങളുടെ എണ്ണം വർധിക്കുന്നതായി അധികൃതർ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് ആനുപാതികമായി ലാഭവിഹിതവും വർധിക്കുകയാണ്. സാലിക് ഗേറ്റ് വഴി കടന്നുപോകുമ്പോൾ നാലു ദിർഹമാണ് വാഹനങ്ങൾ അടക്കേണ്ടത്. ആകെയുള്ള എട്ട് ടോൾ ഗേറ്റുകളിൽ ശൈഖ് സായിദ് റോഡിലൂടെ കടന്നുപോകുന്ന അൽ ബർഷയാണ് ഏറ്റവും തിരക്കേറിയ ടോൾ ഗേറ്റ്.
അൽ സഫയും അൽ ഗർഹൂദും തൊട്ടുപിന്നിലുണ്ടെന്നും കണക്കുകൾ തെളിയിക്കുന്നു. ആകെ യാത്രകളുടെ 50 ശതമാനവും ഈ ഗേറ്റുകളിലൂടെയാണ് കടന്നുപോകുന്നത്. ദുബൈ-ഷാർജ അൽ ഇത്തിഹാദ് റോഡിലെ അൽ മംസാർ ടോൾ ഗേറ്റുകളും തിരക്കുള്ളതാണ്. കഴിഞ്ഞ വർഷം ആകെ 53.9 കോടി യാത്രകൾ ഗേറ്റുകൾ വഴി കടന്നുപോയിട്ടുണ്ട്. 2021നെ അപേക്ഷിച്ച് 12 ശതമാനം വർധനയാണ് ഇക്കാര്യത്തിലുണ്ടായത്. 48.12 കോടിയായിരുന്നു 2021ലെ വാഹന യാത്രകളുടെ എണ്ണം.
കഴിഞ്ഞ വർഷം ‘സാലിക്’ ഇനീഷ്യൽ പബ്ലിക് ഓഫറിങ്ങിലൂടെ(ഐ.പി.ഒ) 24.9 ശതമാനം ഓഹരികളാണ് വിറ്റിരുന്നത്. ആകെ ഓഹരി മൂലധനത്തിന്റെ 75.1 ശതമാനം ദുബൈ സർക്കാറിന്റെ ഉടമസ്ഥതയിൽ തുടരുകയാണ്. വിൽപനക്ക് ശേഷം ‘സാലിക്’ ദുബൈ ഫിനാൻഷ്യൽ മാർക്കറ്റിൽ ലിസ്റ്റ് ചെയ്തു. യാത്രകളുടെ എണ്ണം വർധിക്കുന്നത് വരുമാനം വർധിപ്പിക്കുകയും ഓഹരി ഉടമകളുടെ വിഹിതം കൂട്ടുകയും ചെയ്യുന്നതാണ്. റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ)യുമായുള്ള 49 വർഷത്തെ കരാർ പ്രകാരം(2071ൽ അവസാനിക്കും), എമിറേറ്റിലെ നിലവിലുള്ളതും ഭാവിയിലെയും ടോൾ ഗേറ്റുകൾ പ്രവർത്തിപ്പിക്കാനുള്ള പ്രത്യേക അവകാശം ‘സാലിക്കി’നാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.