'സാലിക്’ 49.1 കോടി ദിർഹം ഡിവിഡന്റ് വിതരണം ചെയ്യും
text_fieldsദുബൈ: എമിറേറ്റിലെ ടോൾ കലക്ഷൻ സംവിധാനമായ ‘സാലിക്’ ഓഹരി ഉടമകൾക്ക് 49.1 കോടി ദിർഹം വിതരണം ചെയ്യും. ഓഹരി വിൽപന പൂർത്തീകരിച്ച ശേഷം 2022ന്റെ രണ്ടാം പകുതിയിലെ ലാഭം കണക്കാക്കിയാണ് ഇക്കാര്യം അധികൃതർ വെളിപ്പെടുത്തിയത്. ഇൗ കാലയളവിൽ 52.9 കോടി ദിർഹമാണ് ലാഭം ലഭിച്ചിട്ടുള്ളത്. 3.75 കോടി ദിർഹം നിയമാനുസൃത കരുതൽ ശേഖരമായി സൂക്ഷിക്കുകയും ചെയ്യും.
ചൊവ്വാഴ്ച രാവിലെ സാലിക് സ്റ്റോക്ക് 0.69 ശതമാനം ഇടിഞ്ഞ് 2.86 ദിർഹം എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. വിൽപനയുടെ ഘട്ടത്തിൽ ഓഹരി വിലയായി നിശ്ചയിച്ചിരുന്നത് രണ്ട് ദിർഹമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വാർഷിക ഡിവിഡന്റായി ഓഹരി ഉടമകൾക്ക് അഞ്ചു ശതമാനത്തിലേറെ ലഭിക്കും. ദുബൈ സമ്പദ്വ്യവസ്ഥയിലെ ഒരു പ്രധാന സാന്നിധ്യമെന്ന നിലയിൽ ഭരണാധികാരികളുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും ദുബൈയിലെ ജനങ്ങൾക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും സർക്കാറുമായും മറ്റ് പങ്കാളികളുമായും ചേർന്ന് തുടർന്നും പ്രവർത്തിക്കുമെന്ന് റിപ്പോർട്ട് പുറത്തുവിട്ടുകൊണ്ട് ‘സാലിക്’ ചെയർമാൻ മത്വാർ അൽ തായർ പറഞ്ഞു. 2022ൽ നഗരത്തിലെ ‘സാലികി’ന്റെ എട്ട് ടോൾ ഗേറ്റുകളിലൂടെ ഏകദേശം 53.9 കോടി യാത്രകളാണുണ്ടായത്.
മുൻ വർഷത്തെ അപേക്ഷിച്ച് 12 ശതമാനം വളർച്ചയാണ് വാഹനങ്ങളുടെ എണ്ണത്തിലുണ്ടായത്. കോവിഡ് നിയന്ത്രണങ്ങൾ പൂർണമായും നീങ്ങിയതും എക്സ്പോ 2020 ദുബൈ അടക്കമുള്ള പരിപാടികളുമാണ് യാത്രക്കാരുടെ എണ്ണത്തിൽ വർധനയുണ്ടാക്കിയതെന്ന് കമ്പനി വൃത്തങ്ങൾ പറഞ്ഞു. കഴിഞ്ഞ വർഷം അവസാന പാദത്തിലെ ട്രാഫിക് സാഹചര്യം കോവിഡിന് മുമ്പ് 2019ലെ ട്രാഫിക്കിന് സമാനമായ അവസ്ഥയിൽ എത്തിയിട്ടുമുണ്ട്. ഇനീഷ്യൽ പബ്ലിക് ഓഫറിങ്ങിലൂടെ(ഐ.പി.ഒ) 2022 സെപ്റ്റംബർ 13ന് ആരംഭിച്ച സാലികിന്റെ ഓഹരി വിൽപനക്ക് ഏറെ ആവശ്യക്കാരെത്തിയിരുന്നു. ഇതിനെ തുടർന്ന് ഐ.പി.ഒ വഴി വിൽക്കുന്ന ഓഹരികൾ 20 ശതമാനത്തിൽ നിന്ന് 24.9 ശതമാനമായി വർധിപ്പിച്ചിരുന്നു. ഇതോടെ ആകെ 186 കോടി ഓഹരികൾ വിൽപന നടത്തി. നിലവിലുള്ള ഓഹരി മൂലധനത്തിന്റെ 75.1 ശതമാനം ദുബൈ സർക്കാറിന്റെ ഉടമസ്ഥതയിൽ തുടരാനാണ് തീരുമാനിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.