തൊട്ടടുത്ത് ഒരേ ഷോപ്പ്: മുൻ ജീവനക്കാരനെതിരെ പരാതി
text_fieldsഫുജൈറ: വിചിത്രമായ ഒരു പരാതിയുമായാണ് അലക്കു കേന്ദ്രം ഉടമയായ യുവതി ഫുജൈറ കോടതിയെ സമീപിച്ചത്. തന്റെ അലക്കുകേന്ദ്രത്തിന് തൊട്ടടുത്തായി മുൻ ജീവനക്കാരൻ ആരംഭിച്ച അലക്കുകേന്ദ്രം അടച്ചുപൂട്ടണമെന്നായിരുന്നു ഇവരുടെ ആവശ്യം.
ഇയാൾ ആദ്യം ജോലി ചെയ്തിരുന്നത് യുവതിയുടെ അലക്കുകേന്ദ്രത്തിലായിരുന്നു. അവിടെനിന്ന് രാജിവെച്ചാണ് യുവതിയുടെ അലക്കുകേന്ദ്രത്തിന് തൊട്ടടുത്തായി മറ്റൊരു അലക്കുകേന്ദ്രം സ്ഥാപിച്ചത്. ഇതിനെതിരെ ഒരു ലക്ഷം നഷ്ടപരിഹാരം വേണമെന്നും ഷോപ്പ് ഉടൻ അടച്ചുപൂട്ടണമെന്നുമാണ് ഉടമയായ യുവതിയുടെ ആവശ്യം.
അന്യായമായ മത്സരത്തെത്തുടർന്ന് തന്റെ ജീവിത മാർഗം നഷ്ടപ്പെട്ടിരിക്കുകയാണെന്നും യുവതി കോടതിയെ ബോധിപ്പിച്ചു. തന്റെ ഉപഭോക്താക്കളിൽ വലിയ ഒരു വിഭാഗത്തെ മുൻ ജീവനക്കാരൻ തട്ടിയെടുത്തിരിക്കുകയാണെന്നും ഇത് വലിയ സാമ്പത്തിക നഷ്ടത്തിന് കാരണമായതായും യുവതി പറഞ്ഞു.
തന്റെ കടയിലെ ഇസ്തിരി ജോലിക്കാരനായിരുന്ന ഇയാൾ വ്യാപാര രഹസ്യങ്ങൾ ചോർത്തിയെന്നും യുവതി ആരോപിക്കുന്നു. എന്നാൽ, പ്രതി അന്യായമായ രീതികൾ ഉപയോഗിച്ച് കച്ചവടം നടത്തി എന്നതിന് തെളിവില്ലെന്ന് കണ്ടെത്തിയ കോടതി കേസ് തള്ളുകയും പരാതിക്കാരിയോട് കോടതി ഫീസ്, അറ്റോർണി ഫീസ് എന്നിവ അടക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.