കോവിഡ് വാക്സിൻ സ്വീകരിച്ച് മലയാളി ദമ്പതികളും
text_fields
ദുബൈ: കോവിഡ് മഹാമാരിക്കെതിരെ യു.എ.ഇ നടത്തുന്ന വാക്സിൻ പരീക്ഷണത്തിൽ പങ്കാളികളായി മലയാളി ദമ്പതികളും. യു.എ.ഇയുടെ ആഹ്വാനം ഏറ്റെടുത്ത് അന്നം തരുന്ന നാടിനോടുള്ള ഐക്യദാർഢ്യമായാണ് മലപ്പുറം തിരുനാവായ ചിറ്റകത്ത് പൊറ്റമ്മൽ സമീറും ഭാര്യ വലിയകത്ത് ഷിനിന്‍ അബ്ദുൽ കാദറും കോവിഡ് 19 വാക്സിൻ മൂന്നാംഘട്ട പരീക്ഷണത്തിൽ പങ്കുചേർന്നത്.
യു.എ.ഇ വാക്സിൻ വളണ്ടിയർമാരെ ക്ഷണിച്ച സമയം തൊട്ടേ ഉദ്യമത്തിെൻറ ഭാഗമാവണമെന്ന ആഗ്രഹത്തിലായിരുന്നു ഇരുവരും. തുടക്കത്തിൽ തന്നെ 'എ ഷോര്‍ട് ഫോര്‍ ഹ്യുമാനിറ്റി' എന്ന വാക്സിൻ കാമ്പയിൻ വെബ്‌സൈറ്റ് വഴി രജിസ്റ്റർ ചെയ്തിരുന്നു. ചൈനീസ് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ സിനോഫാമും അബൂദബി ആസ്ഥാനമായ ജി 42ഉം ചേർന്ന് വികസിപ്പിക്കുന്ന വാക്സിെൻറ ആദ്യഘട്ട കുത്തിവയ്‌പ്പാണ് ഇവരിൽ നടത്തിയത്.
ഒമ്പത് വർഷമായി യു.എ.യിൽ ഉള്ള സമീർ ദുബൈയിൽ ഇൻറീരിയർ ഡിസൈനിങ് ആൻറ് കോൺട്രാക്ടിങ് കമ്പനി നടത്തുകയാണ്. അബൂദബി ആരോഗ്യ വകുപ്പ് ചെയര്‍മാന്‍ ഷെയ്ഖ് അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍ ഹമീദ് ദൗത്യം വിജയിപ്പിക്കുന്നതിന് സന്നദ്ധനായി ആദ്യ ഡോസ് സ്വീകരിച്ചതും ഏറെ പ്രചോദനം നൽകിയെന്നും സമീർ പറഞ്ഞു. ആദ്യം തനിച്ചു പോകാനായിരുന്നു സമീറിെൻറ തീരുമാനം. ഭാര്യ കൂടി സന്നദ്ധത അറിയിച്ചതോടെ മുഹറം അവധി ദിനത്തിൽ അബൂദബിയിലെ കേന്ദ്രത്തിൽ എത്തി വാക്സിൻ സ്വീകരിക്കുകയായിരുന്നു.
രണ്ടു ദിവസം കൂടുമ്പോൾ ആരോഗ്യ വകുപ്പ് അധികൃതർ വിവരങ്ങള്‍ ആരായുന്നുണ്ട്. അതിഥിയെന്ന പരിഗണനയോടെയാണ് ആരോഗ്യ വകുപ്പ് അധികൃതർ ക്യാമ്പിലേക്ക് സ്വീകരിച്ചത്. ഏറെ നേരത്തെ പരിശോധനക്കും നിരീക്ഷണത്തിനും ബോധവൽക്കരണത്തിനും ശേഷമാണ് വാക്സിൻ പരീക്ഷണം ആരംഭിക്കുന്നത്. രണ്ട് ഘട്ടമായാണ് വാക്‌സിന്‍ കുത്തിവെപ്പ്. ആദ്യ ഡോസ് നല്‍കി 21 ദിവസം കഴിയുമ്പോള്‍ അടുത്ത ഡോസ് നൽകും. മരുന്ന് പരീക്ഷണത്തിെൻറ ഒന്നും രണ്ടും ഘട്ടം ചൈനയിൽ പൂർത്തിയായി. മൂന്നാം ഘട്ടമാണ് യു.എ.ഇയിൽ നടക്കുന്നത്.
തിരുനാവായ കുറ്റിപ്പുറം റോഡിലെ പരേതനായ ചിറ്റകത്ത് പൊറ്റമ്മൽ മമ്മു മാസ്റ്ററുടെയും തൂമ്പത്ത് സുലൈഖയുടെയും മകനാണ് സമീർ. മക്കളായ ഹലീമ, ഹദിയ, ഹമ്മാദ് എന്നിവരിൽ നിന്നും ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും പൂർണ്ണ പിന്തുണയാണ് ഉദ്യമത്തിന് ലഭിച്ചതെന്ന് ദമ്പതികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.