സമി യൂസുഫ് മുതൽ അർജൻറീന വരെ
text_fieldsസംവിധാനങ്ങളുടെയും ആതിഥ്യ മര്യാദയുടെയും കാര്യത്തിൽ യു.എ.ഇ എത്ര മുന്നിലാണെന്ന് ഒരിക്കൽക്കൂടി ലോകത്തിനു മുന്നിൽ വിളിച്ചോതുന്ന മഹാമേളയായിട്ടാണ് എക്സ്പോയുടെ ആദ്യ സന്ദർശനത്തിൽ എനിക്ക് അനുഭവപ്പെട്ടത്.
സുഹൃത്തുക്കളായ നാസർ, സുജിത്ത് എന്നിവരുടെ കൂടെയാണ് അബൂദബിയിൽ നിന്നും എക്സ്പോ നഗരിയിലെത്തിയത്. എല്ലാ പവലിയനുകളിലും പോകണമെന്ന് ഉണ്ടായിരുന്നെങ്കിലും കുറച്ചു രാജ്യങ്ങളുടെ പവലിയനുകൾ മാത്രമേ ഒരു ദിവസം സന്ദർശിക്കാൻ കഴിഞ്ഞുള്ളൂ. പവലിയനുകൾ കയറാതെ നഗരിയിലെ മറ്റുകാഴ്ചകൾ കണ്ടുത്തീർക്കാൻ ഒരു ദിവസം തികയില്ലെന്ന് തോന്നി. പ്രോഗ്രാമുകൾ നടക്കുന്ന പ്രധാനവേദിയായ അൽ വാസൽ പ്ലാസ കൗതുകമുണർത്തുന്നതാണ്. ഇവിടെ നടന്ന സമി യൂസുഫിെൻറ സംഗീത പരിപാടി നേരിൽ കാണാൻ കഴിഞ്ഞു. ജൂബിലി പാർക് വേദിയിൽ എ.ആർ. റഹ്മാൻ നേതൃത്വം നൽകുന്ന ഫിർദൗസ് ഓർകസ്ട്രയുടെ പെർഫോമൻസ് കാണാനുമായി.
ഏറെ ആകർഷിച്ചത് സൗദിയുടെയും റഷ്യയുടെയും പവലിയനുകളാണ്. കോട്ട മതിലുകളിലും കൽപടവുകളുമുള്ള എൽ.ഇ.ഡി പ്രദർശനങ്ങൾ, സൗദിയുടെ സംസ്കാരം, ഭൂപ്രദേശങ്ങൾ എന്നിവ ത്രീഡിയിൽ കാണിക്കുന്ന സംവിധാനം ആകർഷണീയമാണ്. റഷ്യൻ പവലിയെൻറ പുറം രൂപഭംഗി മികച്ചതാണ്. മസ്തിഷ്ക മാതൃകയിൽ നിർമിച്ച മൈൻഡ് ക്രിയേറ്റിവിറ്റി ഷോ ആകർഷണീയമായിരുന്നു. ഇന്ത്യൻ പവലിയനിൽ പ്രവേശിക്കാൻ നീണ്ട നിരയുണ്ടായിരുന്നെങ്കിലും സ്വന്തം രാജ്യത്തിെൻറ പൈതൃകവും സംസ്കാരവും പ്രദർശിപ്പിച്ചത് സമയമെടുത്ത് കണ്ടു. രണ്ടാം നിലയിൽ വിശ്രമിച്ചിരുന്ന കുറെ നോർത്ത് ഇന്ത്യൻ കലാകാരന്മാരെ പരിചയപ്പെട്ടു. ലഡാക്കിലെ കലാകാരിയോട് അവരുടെ സംസ്കാരവും നൃത്ത രൂപങ്ങളെയും ലഡാക്ക് ടൂറിസത്തെയും കുറിച്ച് ചോദിച്ചു മനസ്സിലാക്കി.
നഗരിയിൽ വൈഫൈയും വാട്സ്ആപ് വിഡിയോ കാളും ലഭ്യമായതിനാൽ പല കാഴ്ചകളും ലൈവ് ആയി വീട്ടിലുള്ളവരെ കാണിക്കാനായി. മടങ്ങാൻ നേരത്ത് അർജൻറീന എന്ന് കണ്ടപ്പോൾ ഫുട്ബാൾ ആരാധന കൊണ്ട് ആ പവലിയനിൽ കയറാതിരിക്കാൻ കഴിഞ്ഞില്ല. കൂടെ മറ്റു ചില തെക്കൻ അമേരിക്കൻ രാജ്യങ്ങളുടെ പവലിയനുകളും സന്ദർശിച്ചു. ഉറുഗ്വേയുടെ പവലിയനിൽ ആദ്യ കോപ്പ അമേരിക്ക ചാമ്പ്യൻ ട്രോഫി പ്രദർശിപ്പിച്ചിട്ടുണ്ട്. അവിടെ ഒരു ഷൂട്ടൗട്ടിനുള്ള അവസരവും പാഴാക്കിയില്ല.
-കരീം താഴെക്കോട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.