സനീറയുടെ സ്നേഹപന്തൽ
text_fieldsവീട്ടുവളപ്പിലെ പച്ചക്കറി കൃഷിയെ കുറിച്ചും അടുക്കളത്തോട്ടങ്ങളെ കുറിച്ചുമൊക്കെ നമ്മളൊരുപാട് കേട്ടിരിക്കാം. മട്ടുപാവ് വരെ കൃഷിയിടമാക്കാമെന്ന് തെളിയിച്ചവരുമുണ്ട്. ഇതിൽ നിന്നെല്ലാം വ്യത്യസ്ഥമാണ് സനീറ കളത്തിപ്പറമ്പിന്റെയും ഹസ്സൈനാർ പതിയിലിന്റെയും കൃഷി. കാരണം ഇവർ നൂറുമേനി വിളയിച്ചത് ഇങ്ങ് ദുബൈലാണ്. കേരളത്തോട് നമുക്കൊരു പ്രത്യേക ഇഷ്ടമാണല്ലേ... പച്ചപ്പു നിറഞ്ഞ കാഴ്ച്ചകളും വീട്ടുവളപ്പിലെ കൃഷിയിടവും പാടവും പറമ്പും ഒക്കെ പ്രവാസികൾക്കെന്നും നൊസ്റ്റു ഓർമ്മകളാണ്.പൊതുവെ ഗൾഫ് രാജ്യങ്ങളെ നമ്മൾ മരുഭൂമിയെന്നാണ് വിശേഷിപ്പിക്കാറുള്ളത്. ഇവിടെ നട്ടുപിടിപ്പിച്ചിട്ടൊന്നും ഒരു കാര്യവുമില്ലെന്നും പറയാറുണ്ട്. എന്നാൽ, ഒന്നു മനസ്സുവെച്ചാൽ ഈ മരുഭൂമിയിലും നൂറുമേനി വിളയിക്കാമെന്ന് തെളിയിക്കുകയാണ് ഈ പ്രവാസി ദമ്പതികൾ.
ദുബൈ റാഷിദിയ, വില്ല നമ്പർ 25... ഇവിടെയാണ് കണ്ണും മനസ്സും ഒരുപോലെ നിറക്കുന്ന ഈ കാഴ്ച്ചകാണാനാവുക. ഒരു നിമിഷം കൊണ്ട് നാട്ടിലെത്തിയ പ്രതീതിയായിരിക്കും. ഇവരുടെ വീടിന്റെ മെയിൻ ഗെയിറ്റ് കടന്നാൽ ആദ്യം കാണാനാവുക പല നിറത്തിലുള്ള പൂക്കൾകൊണ്ട് നിറഞ്ഞ സുഗന്ധം പരത്തുന്ന പൂന്തോട്ടമാണ്. മുകളിലായി കായ്ച്ചു നിൽക്കുന്ന പച്ചക്കറി പന്തലും കാണാം. ചുറ്റിലും മനോഹരമായൊരുക്കിയ പച്ചക്കറിത്തോട്ടവും പഴവർഗ്ഗങ്ങളും എന്തിന് ഔഷധ സസ്യങ്ങൾ വരെ കാണാം.
ഇത്തിരി സ്ഥലത്ത് ഒത്തിരി തൈകൾ
ഇത്തിരി സ്ഥലത്ത് ഒത്തിരി പച്ചക്കറികൾ വിളയിക്കാം, അതിനൊരു മനസ്സും ഇത്തിരി ധൈര്യവും മതി. നാട്ടിൽ പച്ചപ്പിനു നടുവിൽ ജീവിച്ച നമ്മളിൽ പല പ്രകൃതി സ്നേഹികളും ഗൾഫിലെത്തിയാൽ ഫ്ലാറ്റ് ജീവിതത്തിൽ ഒതുങ്ങിക്കൂടാറാണ് പതിവ്. എന്നാൽ, സനീറയും ഭർത്താവും ഇതിന് തയ്യാറല്ലായിരുന്നു. വീട്ടുവളപ്പിലൊരു കറിവേപ്പ് തൈ സ്വന്തമായി വേണമെന്നാഗ്രഹിക്കുന്നവരായിരിക്കും ഒട്ടുമിക്കപേരും. ആദ്യം സനീറയും അതേ ആഗ്രഹിച്ചിരുന്നുള്ളൂ.. വർഷങ്ങൾക്ക് മുൻപ് താൻ ആദ്യമായി നട്ടുപിടിപ്പിച്ച കറിവേപ്പ് നല്ല പരിപാലനത്തിലൂടെ വളർന്നുവന്നപ്പോൾ എന്തുകൊണ്ട് വീട്ടാവശ്യങ്ങൾക്കുള്ള മറ്റു പച്ചക്കറികൾ കൂടി നട്ടുപിടിപ്പിച്ചുകൂടാ എന്ന ചിന്തയിലായി സനീറയും ഭർത്താവും. പിന്നീട് ദുബൈ വർസാനിലെ നഴ്സറിയിൽ നിന്ന് മണ്ണ് ശേഖരിച്ച് വീടിന്റെ ഓരോ ചുറ്റുഭാഗത്തും പച്ചപ്പുകൾ നിറയാൻ തുടങ്ങി. വീട്ടുമുറ്റത്ത് ആദ്യമേ സ്വന്തമായി നട്ട് വളർത്തിയ മുരിങ്ങ മരവും ആര്യവേപ്പ് മരവും ആണ് വള പ്രയോഗത്തിൽ പ്രധാന പങ്കു വഹിച്ചിരുന്നത്. വീട്ടിൽ നിന്നും ഒഴിവാക്കുന്ന പച്ചക്കറി, തേയില ചണ്ടി ഇവയെല്ലാം ചെടികളുടെ വളർച്ചക്ക് വീണ്ടും ഉപകാരമാണെന്നു മനസ്സിലായപ്പോള് പുറത്തു നിന്നും വള പ്രയോഗത്തിനായി ചാണകപൊടി അല്ലാതെ വേറെ ഒന്നും വാങ്ങേണ്ടെന്ന് തീരുമാനിച്ചു. തനിക്കറിയാവുന്ന കൃഷി രീതികൾ വെച്ച് പച്ചമുളക്, വെണ്ട, പയർ, വഴുതന, ചീര, മത്തൻ, കുമ്പളം, പീച്ചിൽ, ചിരങ്ങ പടവലം, ഇഞ്ചി, മഞ്ഞൾ, കൂർക്ക, ക്യാരറ്റ്, ക്യാബേജ്, കോളിഫ്ലവർ, ക്യൂക്കുംബർ തുടങ്ങി വീട്ടാവശ്യങ്ങൾക്ക് വേണ്ടിയുള്ള എല്ലാതരം പച്ചക്കറികളും ഈ തോട്ടത്തിൽ നിറഞ്ഞു. 11 വർഷത്തോളമായി വീട്ടിലേക്കാവശ്യമായ പച്ചക്കറികളെല്ലാം വീട്ടുവളപ്പിലെ കൃഷിയിലൂടെയാണ് ഇവരുണ്ടാക്കുന്നത്.
തേടിപ്പിടിച്ച് സ്വന്തമാക്കും
എട്ട് വർഷം മുൻപ് ചെറിത്തക്കാളിയെ കുറിച്ച് ഒരു കൃഷി ഗ്രൂപ്പിലൂടെ കേട്ടറിഞ്ഞ സനീറ പിന്നീടതിന്റെ വിത്തിനുവേണ്ടിയുള്ള അന്വേഷണത്തിലായിരുന്നു. യൂറോപ്പ്യൻ രാജ്യങ്ങളിൽ കണ്ടുവരുന്ന ചെറിത്തക്കാളി മുതൽ തേടിപ്പിടിച്ച് ഇപ്പോൾ മുപ്പതോളം ഇനം തക്കാളികൾ തന്നെയുണ്ട് ഈ വീട്ടുമുറ്റത്ത്. ഓരോ പച്ചക്കറിയുടെയും വൈവിധ്യങ്ങൾ ശേഖരിച്ച് കണ്ണിനു കുളിർമ കൂട്ടും വിധം വീടിനു മുന്നിൽ അലങ്കാരമാക്കി മാറ്റി. കറിവേപ്പ് പോലും ലഭിക്കാതിരുന്ന ലോക്ഡൗൺ കാലത്ത് ഇവരുടെ തോട്ടത്തിൽ പച്ചക്കറികളുണ്ടായിരുന്നു. ഇതു തിരഞ്ഞ് ആവശ്യക്കാരുമെത്തിയിരുന്നു.
പച്ചക്കറികൾ മാത്രമല്ല ഈ തോട്ടത്തിലുള്ളത്. തുളസി, പനി കൂർക്ക, രാമച്ചം, റോസ് മെറി, ശംഖ് പുഷ്പം, അലോവേര, ഇഞ്ചപുൽ, കരി ഇഞ്ചി, മൈലാഞ്ചി, അജ് വൈൻ ഇല തുടങ്ങിയ ഔഷധ സസ്യങ്ങളും ഇവിടെയുണ്ട്. പപ്പായ, സ്ട്രോബറി, മൾബെറി, ഗോൾഡൻ ബെറി, അത്തിപ്പഴം, ഞാവൽ, മെലൻ തുടങ്ങിയ പഴവർഗ്ഗങ്ങളും കാണാം. പാരിജാതം, ഗന്ധരാജ, പിച്ചകം, പലതരം മുല്ലത്തൈകൾ, റോസ്, അരളിപ്പൂ, സൂര്യകാന്തി, ചെത്തിപ്പൂ, ചെമ്പരത്തി, നിത്യ കല്യാണി തുടങ്ങി പലതരം പൂച്ചെടികളും ഇവിടെകാണാം.
കൂട്ടായി കുടുംബവും
ദുബൈയിലെ സ്വകാര്യ കമ്പനിയിൽ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന മലപ്പുറം സ്വദേശിയായ ഹസ്സൈനാരും ഭാര്യ സനീറയും നിൽക്കുന്നിടം ഭൂമിയിലെ സ്വർഗ്ഗമാക്കി മാറ്റാമെന്ന് തെളിയിക്കുകയാണ്. നഹ്ല ഫാത്തിമ, ഹസ്ന മറിയം, മുഹമ്മദ് എന്നിവരാണ് മക്കൾ. അവധി ദിവസങ്ങളിൽ ഭർത്താവിന്റെയും കുട്ടികളുടെയും നിറഞ്ഞ പിന്തുണയും സനീറക്കുണ്ട്. വിളവെടുക്കുമ്പോൾ പഴവും പച്ചക്കറികളും ബന്ധുക്കള്ക്കും സുഹൃത്തുക്കൾക്കുമൊക്കെ നൽകാറാണ് പതിവ്.
ജോലിയുടെ പിരിമുറുക്കത്തിൽ നിന്ന് വീട്ടിലെത്തുമ്പോൾ മനസ്സ് നിറക്കുന്ന കാഴ്ച്ചയാണ് ഈ തോട്ടമെന്ന് സനീറയുടെ ഭർത്താവ് പറയുന്നു. വിഷം പുരളാത്ത പച്ചക്കറികൾ വീട്ടിൽ തന്നെ നട്ടു പിടിപ്പിക്കാൻ പ്രവാസികൾക്ക് പ്രചോദനമാണ് ഈ സ്നേഹ പന്തൽ.കൃഷി ചെയ്യാനാഗ്രഹിക്കുന്നവർക്കായി HasNaZworld Gardening&DubaiVlog എന്ന യുടൂബ് ചാനലിലൂടെ കൃഷി വിശേഷങ്ങൾ ഇവർ പങ്കുവെക്കാറുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.