സറൂഖ് അല്‍ ഹദീദ് ചരിത്ര നിധികളുടെ കേദാരം
text_fieldsപെട്രോളിയത്തിന്‍റെ കണ്ടെത്തലിനുശേഷം പുരോഗതിയിലേക്ക് പടർന്നു കയറിയ രാജ്യമായാണ് യു.എ.ഇയെ അടയാളപ്പെടുത്തുന്നതെങ്കിൽ തെറ്റി. യു.എ.ഇയിലെ ഓരോ എമിറേറ്റിനും പറയാൻ നൂറ്റാണ്ടുകളുടെ ചരിത്രങ്ങൾ തന്നെയുണ്ട്. ആ ചരിത്രങ്ങളിലെല്ലാം പുരോഗതിയിലേക്ക് നടന്നു കയറിയ മരതക പടവുകളുണ്ട്, വജ്ര തിളക്കങ്ങളുണ്ട്. ദുബൈയിലെ ബുർജ് ഖലീഫ കണ്ട് വിസ്മയിച്ച് വിടർന്ന കണ്ണുകൾ സറൂഖ് അൽ ഹദീദിന്‍റെ ചരിത്രം അറിയുമ്പോൾ പൂത്ത് വിടരും. മരുഭൂമിയുടെ ആഴങ്ങളിൽ പൗരാണികർ പുതുതലമുറക്കായി കാത്തുവെച്ചിരിക്കുന്നത് ചരിത്രങ്ങളുടെ നിധികുഭങ്ങളാണ്. ദുബൈയില്‍നിന്ന് 70 കിലോമീറ്റർ നീങ്ങി അബൂദബിയുടെ അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന റബ്ബ് അല്‍ ഖാലി മരുഭൂമിയിലെ സറൂഖ് അല്‍ ഹദീദ് കാട്ടിതരുന്നത് ഇത്തരത്തിലുള്ള നിധി ശേഖരങ്ങളാണ്. 4000 വർഷങ്ങൾക്ക് മുമ്പ് തന്നെ ഈ മേഖല ലോഹങ്ങളുടെ കലവറയായിരുന്നു. ഇവിടെ വസിച്ചിരുന്നവർ തീർത്ത ലോഹനിർതത കലകൾ ആധുനിക ലോകത്തെ തന്നെ വിസ്മയപ്പെടുത്തിയിരുന്നു. അവ ഇന്ത്യ ഉൾപ്പെടെ ലോകത്തിന്‍റെ നാനാഭാഗങ്ങളിലേക്കും കയറ്റി അയച്ചിരുന്നു.
ദുബൈ എക്സ്പോ 2020യുടെ ലോഗോയിലിരുന്ന് ലോകത്തിന്‍റെ കണ്ണഞ്ചിപ്പിച്ച ഒരു മോതിര വളയം ഓർമയുണ്ടോ. സൂര്യരശ്മികളിൽ നിന്ന് ഇഴകൾ പിരിച്ചെടുത്ത് കനകവർണ പ്രഭതൂകിയ, 4000 വർഷം പഴക്കമുള്ള ആ മോതിരം കണ്ടെത്തിയത് സറൂഖ് അല്‍ ഹദീദിലെ ചരിത്ര നിധികളുടെ കേദാരത്തിൽ നിന്നാണ്. സ്വർണ്ണം, ചെമ്പ്, വെള്ളി തുടങ്ങിയ ലോഹങ്ങളിൽ നിർമിച്ച ആഭരണങ്ങളും നാണയങ്ങളും ഉപകരണങ്ങളുമാണ് ഇവിടെ നടത്തിയ ഉത്ഖനനങ്ങളിൽ നിന്ന് കണ്ടെത്തിയത്. ഇവ നേരിട്ട് കാണണമെങ്കിൽ ദുബൈ അൽ ഷിന്ദഗയിലെ പൗരാണിക മ്യൂസിയ സമുച്ചയത്തിൽ പോയാൽ മതി. ഈ മേഖലയില്‍നിന്ന് കണ്ടെടുത്ത വിവിധങ്ങളായ 900 ത്തോളം പുരാവസ്തുക്കളടക്കം പൗരാണിക വ്യാപാര ശൃംഖലയുടെ ഭൂപടവും പ്രദര്‍ശിപ്പിച്ചിട്ടുണ്ടിവിടെ. സറൂഖ് അല്‍ ഹദീദ് പൗരാണിക മധ്യ പൗരസ്ത്യ ദേശത്തിലെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വ്യാപാര സംഘങ്ങളുടെ യാത്രാ പാതകളുടെ സംഗമ കേന്ദ്രമായിരുന്നുവെന്നാണ് കണക്കാക്കുന്നത്. ഇന്ത്യ, ഒമാന്‍, മെസൊപൊട്ടോമിയ, ഈജിപ്ത് എന്നിവിടങ്ങളിലേക്കുള്ള സമുദ്ര, കര പാതകളുടെ സംഗമകേന്ദ്രം ഈ മേഖലയായിരുന്നുവെന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഈ പ്രദേശം കണ്ടെത്തിയതിന്‍റെ കഥയാണ് 30 മിനിറ്റ് ദൈർഘ്യമുള്ള 'സറൂഖ് അൽ ഹദീദ് എന്ന ഡൊക്യുമെന്‍ററി. ദുബൈയുടെ ഇരുമ്പ് യുഗമാണ് ഇതിൽ രേഖപ്പെടുത്തുന്നത്. രാജ്യത്തിന്‍റെ ക്ഷേമം അന്വേഷിച്ച് ഹെലികോപ്റ്ററിൽ യാത്ര ചെയ്യുന്ന വേളയിലാണ് ഭരണാധികാരിയുടെ കണ്ണിലേക്ക് മൺകൂനകളിൽ നിന്ന് ലോഹങ്ങളുടെ പുഞ്ചിരി എത്തിയത്. അവയുടെ തിളക്കത്തിൽ നൂറ്റാണ്ടുകളുടെ വെളിച്ചം ജ്വലിച്ചുനിന്നിരുന്നു. തലമുറകളിൽ നിന്ന് പൊഴിഞ്ഞുവീണ ആ പുഞ്ചിരികളെ കുറിച്ച് നടത്തിയ പഠനത്തിലാണ് പൗരാണിക ദുബൈയുടെ സമൃദ്ധിയുടെ 4000 വർഷങ്ങളുണർന്നത്. സറൂഖ് അൽ ഹദീദിന്‍റെ കഥ ദുബൈയുടെ സമ്പന്നമായ ഭൂതകാലത്തെ അതിന്‍റെ ആവേശകരവും നൂതനവുമായ ഭാവിയുമായി ബന്ധിപ്പിക്കുന്നു. അതുല്യമായ പുരാവസ്തുക്കളും ഡോക്യുമെന്‍ററിയിൽ കേന്ദ്രീകരിക്കുന്നു. മണൽമടക്കുകളിൽ നിന്ന് ഇനിയും പുറത്ത് വരാനുണ്ട് നൂറ്റാണ്ടുകളുടെ ചരിത്രമെഴുതിയ നിധികുംഭങ്ങൾ. ചരിത്ര അന്വേഷകർ ഉത്ഖനനങ്ങൾ തുടരുകയാണ്.
സറൂഖ് അൽ സറൂഖ് അല്‍ ഹദീദ് പുരാവസ്തു മ്യൂസിയം
2016ൽ ദുബൈയിലെ ഷിന്ദഗ ഹെറിറ്റേജ് ഡിസ്ട്രിക്റ്റിൽ, ദുബൈ ക്രീക്കിനടുത്തുള്ള സറൂഖ് അൽ ഹദീദ് ആർക്കിയോളജി മ്യൂസിയം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത് ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ്. സറൂഖ് അൽ ഹദീദ് സൈറ്റിൽ നിന്ന് കണ്ടെത്തിയ വിവിധ തരത്തലുള്ള വസ്തുക്കളും ഇവിടെ നിന്ന് ശേഖരിച്ച പുരാവസ്തു വിവരങ്ങളും മ്യൂസിയത്തിൽ കാണാം.
ശൈഖ് ജുമാ അൽ മക്തൂമിന്‍റെ (ദുബൈ മുൻ ഭരണാധികാരി ശൈഖ് സയീദ് ബിൻ മക്തൂം ബിൻ ഹാഷർ ആൽ മക്തൂമിന്‍റെ സഹോദരൻ) ചരിത്രപരമായ ഭവനത്തിലാണ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്. വിവിധ മുറികളിലായിട്ടാണ് പ്രദർശനം ചിട്ടപ്പെടുത്തിയിട്ടുള്ളത്. ഓരോന്നിനും പ്രത്യേക ഇനങ്ങളുമായി ബന്ധപ്പെട്ട പുരാവസ്തു ചരിത്രത്തിന്‍റെ വിശദീകരണങ്ങളും അടങ്ങിയിരിക്കുന്നു. വിനോദസഞ്ചാരികൾക്കായി ഒരു ഗിഫ്റ്റ് ഷോപ്പും ഇവിടെയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.