ദുരിതപര്‍വം താണ്ടി ശശിധരന്‍ നാട്ടിലേക്ക് മടങ്ങി
text_fieldsഅജ്മാന്‍: ദുരിതജീവിതത്തിന് വിരാമമിട്ട് ശശിധരന്‍ (69) നാട്ടിലേക്ക് മടങ്ങി. കൊല്ലം വലിയ കൂനമ്പായിക്കുളം സ്വദേശി ശശിധരന്‍ ജോലി ചെയ്തിരുന്ന സ്ഥാപനം പ്രവർത്തനം അവസാനിപ്പിച്ചതിനെ തുടർന്ന് നാലര വര്‍ഷമായി ജീവിതം പ്രയാസകരമായിരുന്നു. ദുബൈയിലെ ഓട്ടോമാറ്റിക് ബാരിയർ കമ്പനിയിലെ ജീവനക്കാരനായിരുന്നു ശശിധരന്‍. മലയാളിയുടെ ഈ ഓട്ടോമാറ്റിക് ബാരിയർ കമ്പനിയില്‍ ഡ്രൈവറും ടെക്നീഷ്യനുമായിരുന്നു ശശിധരൻ. കമ്പനിയുടെ പ്രവർത്തനം താളംതെറ്റുകയും 2019 മുതൽ ശമ്പളം മുടങ്ങുകയും ചെയ്തു. 15 വർഷത്തോളം ബഹ്റൈനില്‍ ജോലി ചെയ്തശേഷം 2000ൽ യു.എ.ഇയിലെത്തിയ ശശിധരനെ ആശ്രയിച്ചായിരുന്നു കുടുംബം കഴിഞ്ഞിരുന്നത്.
മറ്റെന്തെങ്കിലും ജോലി ശരിയാകുമെന്ന പ്രതീക്ഷയിലാണ് ഇദ്ദേഹം കഴിഞ്ഞിരുന്നത്. എന്നാൽ വാഹനാപകടത്തില്‍ ശശിധരന്‍റെ ഒരു കണ്ണിന്‍റെ കാഴ്ചശക്തി നഷ്ടപ്പെട്ടിരുന്നു. ഇതിനാല്‍ മറ്റൊരു ജോലി ലഭിക്കാത്ത അവസ്ഥയും വന്നു. രണ്ടര വര്‍ഷം മുമ്പ് വിസ തീര്‍ന്നു. കമ്പനി വിസ റദ്ദാക്കാത്തതിനെ തുടര്‍ന്ന് വലിയൊരു തുക പിഴ വന്നു. സ്വന്തം കാര്യത്തിന് പോലും പണമില്ലാതിരുന്ന ശശിധരന് ഭാരിച്ച തുക പിഴ അടക്കുക എന്നത് ശ്രമകരമായി. കമ്പനിയുടമ കൈമലര്‍ത്തിയതോടെ ശശിധരന്‍ പ്രതിസന്ധിയിലായി. കൂട്ടത്തില്‍ പ്രമേഹം അടക്കമുള്ള രോഗങ്ങളും കൂടിയായതോടെ ദുരിതം വർധിച്ചു. ദുബൈ ഹോര്‍ അല്‍ അന്‍സിലെ റോഡില്‍ ഒരു ദിവസം തളര്‍ന്നുവീണു. ആശുപത്രിയിൽ നിന്ന് ചില ജീവ കാരുണ്യ പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍ ഇദ്ദേഹത്തിന്‍റെ വിഷയം എത്തുകയായിരുന്നു.
ഇവര്‍ നടത്തിയ പരിശ്രമങ്ങളുടെ ഭാഗമായി ദുബൈ പൊലീസ്, ലേബര്‍, എമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റ് എന്നിവയുടെ സഹായത്തോടെ നിയമനടപടികള്‍ പൂര്‍ത്തീകരിച്ചു.അഷ്‌റഫ് താമരശ്ശേരി, നൗജാസ് കായക്കൂൽ, ഹാജറ വലിയകത്ത്, സിദ്ദിഖ്, ഷാജഹാന്‍, ഷീബ എന്നിവരുടെ നേതൃത്വത്തില്‍ തന്‍റെ വിഷയത്തില്‍ ഇടപെട്ട പ്രവാസി സഹോദരങ്ങളോടുള്ള നന്ദിയോടെ ശശിധരന്‍ ഷാര്‍ജയില്‍നിന്ന് തിരുവനന്തപുരേത്തക്കുള്ള എയര്‍ ഇന്ത്യ എക്സ് പ്രസില്‍ യാത്രയായി.
നാട്ടിലെത്തിയാല്‍ തുടര്‍ചികിത്സക്ക് ഭീമമായ തുക ഇനിയും കണ്ടെത്തണം. വീടിന്‍റെ ജപ്തി മുന്നില്‍ വന്നു നില്‍ക്കെയാണ് ശശിധരന്‍റെ ഒഴിഞ്ഞ കൈയോടെ നാട്ടിലേക്ക് യാത്ര തിരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.