യു.എ.ഇയുടെ അന്തരീക്ഷത്തിൽ മീഥേയ്നിന്റെ അളവ് കൂടുന്നതായി പഠനം
text_fieldsദുബൈ: ആഗോള താപനത്തിന് ആക്കം കൂട്ടുന്ന ഹരിതഗൃഹ വാതകമായ മീഥേയ്നിന്റെ സാന്ദ്രത യു.എ.ഇയിലെ അന്തരീക്ഷത്തിൽ വർധിക്കുന്നതായി പഠന റിപ്പോർട്ട്. തീരപ്രദേശങ്ങൾ, മാലിന്യങ്ങൾ കുഴിച്ചുമൂടുന്ന ഡബ്ബിങ് പ്രദേശങ്ങൾ, ചളി പരന്നതോ ഉപ്പുപരന്നതോ ആയ പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് മീഥേയ്ൻ വാതകത്തിന്റെ അളവ് കൂടുതലായി കണ്ടെത്തിയിരിക്കുന്നത്.
അബൂദബിയിലെ ഖലീഫ സർവകലാശാലയിലെ ഒരു സംഘം ഗവേഷകർ സാറ്റലൈറ്റ് ഉപയോഗിച്ച് നടത്തിയ പഠനത്തിലാണ് മീഥേയ്ൻ (സി.എച്ച്4) വാതകത്തിന്റെ സാന്ദ്രത അന്തരീക്ഷത്തിൽ എത്രത്തോളമുണ്ടെന്ന് കണ്ടെത്തിയത്. ഫ്രോണ്ടിയേഴ്സ് ഇൻ എൻവയൺമെന്റൽ സയൻസ് എന്ന പേരിൽ ഈ വിവരങ്ങൾ സർവകലാശാല പ്രസിദ്ധീകരിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി യു.എ.ഇയിലെ വിവിധ മേഖലകളിലുള്ള വായു മണ്ഡലത്തിൽ അടങ്ങിയ വാതകങ്ങളെ കുറിച്ചായിരുന്നു പഠനത്തിന്റെ ഊന്നൽ.
വാദികളിൽ പ്രവർത്തിക്കുന്ന കൃഷിയിടങ്ങളും സൂക്ഷ്മാണുക്കളുമാണ് മീഥേയ്ൻ പ്രധാനമായും പുറന്തള്ളുന്നത്. കൃഷിയിടങ്ങൾ കൂടുതലുള്ള ഹജർ പർവതത്തിന് ചുറ്റുമുള്ള ഉൾപ്രദേശങ്ങളിലും മീഥേയ്നിന്റെ സാന്ദ്രത വളരെ കൂടുതലായി കണ്ടെത്തിയിട്ടുണ്ട്. ആഗോളതലത്തിലും പ്രാദേശികമായും സാമ്പത്തിക വികസന രംഗത്തും ജനസംഖ്യ വർധനയുമായി ബന്ധപ്പെട്ടും മനുഷ്യൻ നടത്തിയ ഇടപെടലിന്റെ ഫലമാണ് മീഥേയ്ൻ വാതകം വർധിക്കാൻ കാരണമെന്ന് പഠനത്തിന് നേതൃത്വം നൽകിയ ഖലീഫ യൂനിവേഴ്സിറ്റിയിലെ ഭൂമിശാസ്ത്ര വിഭാഗം അസി.
പ്രഫസർ ഡോ. ഡിയാന ഫ്രാൻസിസ് പറഞ്ഞു.കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ ഭൂമിയുടെ അന്തരീക്ഷ താപനില വർധിപ്പിക്കുന്നതിൽ കാർബൺ ഡൈ ഓക്സൈഡിനേക്കാൾ 86 മടങ്ങ് അധികം ശക്തമാണ് മീഥേയ്ൻ വാതകത്തിന്റെ പ്രവർത്തനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.