നെയ്മീനെ പഠിക്കാൻ സാറ്റലൈറ്റ്!
text_fieldsഅബൂദബി: സാറ്റലൈറ്റ് മുഖേന നെയ്മീനെ (കിങ്ഫിഷ്) ട്രാക്ക് ചെയ്യാനുള്ള ലോകത്തിലെ ആദ്യ പദ്ധതിക്ക് തുടക്കം കുറിച്ച് യു.എ.ഇ.യുനൈറ്റഡ് അറബ് എമിറേറ്റ്സ് യൂനിവേഴ്സിറ്റിയുമായി സഹകരിച്ച് അബൂദബി പരിസ്ഥിതി ഏജൻസിയാണ് ഇത്തരമൊരു പദ്ധതിക്ക് തുടക്കം കുറിച്ചത്. സമാനമായ രീതിയിൽ സ്രാവുകൾ, ചൂര, മഞ്ഞവാൽ നെയ്മീൻ തുടങ്ങിയവയെ നിരീക്ഷിക്കാൻ നോർവേ, ആസ്ട്രേലിയ, യു.എസ് തുടങ്ങിയ രാജ്യങ്ങളിൽ പദ്ധതികൾ നിലവിലുണ്ട്.
എന്നാൽ, നെയ്മീനുകളെ ട്രാക്ക് ചെയ്യാനുള്ള പദ്ധതി ലോകത്ത് ആദ്യത്തേതാണെന്ന് അബൂദബി പരിസ്ഥിതി ഏജൻസിയിലെ മറൈൻ ജൈവവൈവിധ്യ മേഖല എക്സിക്യൂട്ടിവ് ഡയറക്ടർ അഹമ്മദ് അൽ ഹാഷിമി പറഞ്ഞു.അറേബ്യൻ കടലിടുക്കിലെ നെയ്മീനുകളുടെ സ്വഭാവവും കുടിയേറ്റ രീതികളും അവയുടെ ജൈവിക സ്വഭാവരീതികളും അബൂദബിയിലെ ജലാശയങ്ങളിലെ അവയുടെ പ്രജനനകാലവും പഠിച്ചാണ് ഈ നേട്ടം കൈവരിക്കുകയെന്ന് അദ്ദേഹം പറഞ്ഞു.
അബൂദബിയിൽ ഏറ്റവുമധികം പിടിക്കപ്പെടുന്ന ഇനമാണ് നെയ്മീൻ എന്നതും സാമ്പത്തികവും പോഷകപരവും സാംസ്കാരികവുമായ ഉയർന്ന മൂല്യം ഇവക്കുള്ളതിനാലുമാണ് പഠനത്തിനായി തിരഞ്ഞെടുത്തത്.മത്സ്യങ്ങളുടെ ഘടനയും കുടിയേറ്റ പാതയും പഠിക്കുന്ന ആധുനികരീതിയാണ് ഉപഗ്രഹങ്ങളിലൂടെയുള്ള മത്സ്യ ട്രാക്കിങ് സാങ്കേതികവിദ്യ. മത്സ്യത്തിന്റെ മുതുകിലെ ചിറകിൽ ട്രാക്കിങ് ഉപകരണം ഘടിപ്പിച്ച ശേഷം ഇതിനെ വെള്ളത്തിലേക്ക് വിടുകയും ഉപകരണം ഉപഗ്രഹത്തിലേക്ക് വിവരങ്ങൾ കൈമാറുകയും ചെയ്യും.
ആറുമാസത്തിനു ശേഷമോ മുൻകൂട്ടി നിശ്ചയിച്ച ദിവസങ്ങൾക്ക് ശേഷമോ ട്രാക്കിങ് ഉപകരണം സ്വയം മീനിൽനിന്ന് വേർപെടും. ഇതിനകം എട്ട് ട്രാക്കിങ് ഉപകരണങ്ങളാണ് നെയ്മീനിൽ ഘടിപ്പിച്ചത്. 18 ഉപകരണങ്ങളാണ് പദ്ധതിക്ക് വേണ്ടി തയാറാക്കിയത്. ഈ വർഷത്തെ നെയ്മീൻ സീസണിൽ ബാക്കിയുള്ളവ കൂടി ഘടിപ്പിക്കുമെന്നും അഹമ്മദ് അൽ ഹാഷിമി പറഞ്ഞു.ഒരു നെയ്മീനിൽ ഘടിപ്പിച്ച ട്രാക്കിങ് ഉപകരണം സ്വയം വേർപെട്ടത് മീനിനെ സ്വതന്ത്രമാക്കിയ ഇടത്തുനിന്ന് 100 കിലോമീറ്റർ അകലെ നിന്നാണ് ലഭിച്ചതെന്നും ഇത് 350 കിലോമീറ്റർ വരെ സഞ്ചരിച്ചുവെന്നും പഠനത്തിൽ വ്യക്തമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.