അജ്മാനിലെ പൊതുസേവന, അടിസ്ഥാന സൗകര്യങ്ങളിലെ സംതൃപ്തി 97.1 ശതമാനം
text_fieldsഅജ്മാന്: എമിറേറ്റിലെ പൊതു സേവനങ്ങളിലും അടിസ്ഥാന സൗകര്യങ്ങളിലും 97.1 ശതമാനം താമസക്കാര്‍ക്കും സംതൃപ്തി. അജ്മാൻ സ്റ്റാറ്റിസ്റ്റിക്സ് സെന്ററാണ് 2023ലെ അജ്മാൻ എമിറേറ്റ് ആകർഷണീയത സൂചിക ഫലങ്ങൾ പ്രഖ്യാപിച്ചത്. എമിറേറ്റിലെ പൊതു സേവനങ്ങളും അടിസ്ഥാന സൗകര്യങ്ങളുമായുള്ള മൊത്തത്തിലുള്ള സംതൃപ്തി നിരക്ക് 2022ലെ 94.3 ശതമാനത്തിൽനിന്നാണ് വർധിച്ചത്.
സമൂഹത്തിന്റെ ആവശ്യങ്ങളും പ്രതീക്ഷകളും നിറവേറ്റുന്ന ഉയർന്ന നിലവാരമുള്ള സേവനങ്ങൾ നൽകാനുള്ള അജ്മാൻ സർക്കാറിന്റെ പ്രതിബദ്ധതയാണ് ഫലങ്ങൾ പ്രതിഫലിപ്പിക്കുന്നതെന്ന് അജ്മാൻ സ്റ്റാറ്റിസ്റ്റിക്സ് സെന്റർ ഡയറക്ടർ ജനറൽ ഡോ. ഹജർ സഈദ് അൽ ഹബിഷി പറഞ്ഞു.
പൊതു സംതൃപ്തി നിരക്കിലെ ശ്രദ്ധേയമായ പുരോഗതി എമിറേറ്റിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ വ്യക്തമായ തെളിവാണെന്നും അവർ കൂട്ടിച്ചേർത്തു.
ജീവിക്കാനും ജോലി ചെയ്യാനുമുള്ള പ്രിയപ്പെട്ട സ്ഥലമാണ് അജ്മാൻ. 2023ലെ എമിറേറ്റിന്റെ ആകർഷണീയത സൂചികയുടെ ഫലങ്ങൾ കാണിക്കുന്നത് പങ്കെടുക്കുന്നവരിലെ 98.4 ശതമാനം പേരും ആരോഗ്യ സേവനങ്ങളിൽ സംതൃപ്തരാണെന്നാണ്. വിദ്യാഭ്യാസ സേവനങ്ങളിൽ 98.2 ശതമാനം സംതൃപ്തരാണ്.
പൊതു സേവനങ്ങളില്‍ 98.1 ശതമാനവും, കമ്യൂണിക്കേഷന്‍ സേവനങ്ങളില്‍ 92.1 ശതമാനവും, പൊതുഗതാഗത സേവനങ്ങളില്‍ 97.2 ശതമാനവും, അടിസ്ഥാന സൗകര്യങ്ങളില്‍ 98.4 ശതമാനവുമാണ് നിരക്ക്. അജ്മാൻ എമിറേറ്റിലെ താമസക്കാരുടെ സംതൃപ്തി പഠനത്തിൽ, എമിറേറ്റിൽ താമസിക്കുന്ന പൗരന്മാരും അല്ലാത്തവരുമായ കുടുംബങ്ങളുടെ പൊതു സേവനങ്ങളും അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട വിവിധ മേഖലകൾ ഉൾപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.