സൗദി വാതിൽ തുറന്നു : യു.എ.ഇ പ്രവാസികൾക്ക് ആശ്വാസം
text_fieldsദുബൈ: യു.എ.ഇ യാത്രക്കാർക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് സൗദി അറേബ്യ പിൻവലിച്ചത് യു.എ.ഇയിലെ പ്രവാസികൾക്ക് ആശ്വാസമാകും. ബിസിനസ് ആവശ്യങ്ങൾക്കും കുടുംബപരമായ കാര്യങ്ങൾക്കുമായി സൗദിയിലേക്കും തിരിച്ചും യാത്ര െചയ്യുന്ന നിരവധി പ്രവാസികളാണ് ഇരുരാജ്യങ്ങളിലുമുള്ളത്.
നാലുമാസം മുമ്പാണ് യു.എ.ഇയിൽനിന്നുള്ള യാത്രക്കാർക്ക് സൗദി വിലക്കേർപ്പെടുത്തിയത്. യു.എ.ഇ വഴി സൗദിയിലെത്താൻ ശ്രമിച്ച നിരവധി പേർക്ക് തിരിച്ചടിയായിരുന്നു ഈ തീരുമാനം. ഇതോടെ ആയിരക്കണക്കിന് പ്രവാസികൾ യു.എ.ഇയിൽ കുടുങ്ങിയിരുന്നു. ഭൂരിപക്ഷം യാത്രക്കാരും നാട്ടിലേക്ക് മടങ്ങിപ്പോയി. കുറച്ചുപേർ ഒമാൻ, ബഹ്റൈൻ, നേപ്പാൾ വഴി സൗദിയിലെത്തി. എന്നാൽ, പലരും ഇൗ രാജ്യങ്ങളിലും കുടുങ്ങിയിരുന്നു. യു.എ.ഇയിൽ കുടുങ്ങിയ സന്ദർശക വിസക്കാർക്ക് ആശ്വാസമായി രാജ്യം വിസ കാലാവധി സൗജന്യമായി നീട്ടിനൽകി. അപേക്ഷ പോലും ആവശ്യമില്ലാതെയാണ് വിസ നീട്ടിനൽകിയത്.
പലരും വിസ സ്റ്റാറ്റസ് പരിശോധിച്ചപ്പോഴാണ് മാർച്ച് 31 വരെ യു.എ.ഇയിൽ തങ്ങാൻ അനുമതി ലഭിച്ച വിവരം അറിയുന്നത്. പ്രവാസി സംഘടനകളുടെ കൈത്താങ്ങിലാണ് ഇവർക്ക് ഭക്ഷണവും താമസ സൗകര്യവും ഒരുക്കി നൽകിയത്. ഉടനെയൊന്നും സൗദിയുടെ വാതിലുകൾ തുറക്കാൻ സാധ്യതയില്ലെന്നറിഞ്ഞതോടെയാണ് ഇവർ മടങ്ങിയത്. ഹോട്ടൽ പാക്കേജ് ഉൾപ്പെടെ ലക്ഷം രൂപ മുടക്കിയാണ് ഇവിടെ എത്തിയത്.
അതിർത്തി തുറന്നെങ്കിലും ഇന്ത്യക്കാർക്ക് പൂർണമായും ആശ്വസിക്കാൻ സമയമായിട്ടില്ല. നിലവിൽ ഇന്ത്യൻ യാത്രക്കാർക്ക് യു.എ.ഇയിലേക്ക് യാത്രാവിലക്കുണ്ട്. അതിനാൽ, നിലവിൽ ഇന്ത്യയിലുള്ളവർക്ക് യു.എ.ഇ വഴി സൗദിയിലേക്ക് പോകാൻ കഴിയില്ല.
ജൂൺ 14ഓടെ വിലക്ക് നീക്കാൻ സാധ്യതയുണ്ടെന്ന് ഇന്ത്യയിലെ യു.എ.ഇ അംബാസഡർ അഹ്മദ് അൽ ബന്ന പറഞ്ഞിരുന്നു. ഇതിലാണ് ഇന്ത്യക്കാരുടെ പ്രതീക്ഷ. യു.എ.ഇയിലേക്ക് യാത്രാവിലക്കില്ലാത്ത രാജ്യങ്ങൾ വഴി ഇവിടെ എത്തിയശേഷം സൗദിയിലേക്ക് പോകുന്നതിനെ കുറിച്ചും പലരും ആലോചിക്കുന്നുണ്ട്. എന്നാൽ, ഇരു രാജ്യങ്ങളിലുമായി 28 ദിവസത്തെ ക്വാറൻറീന് ശേഷമേ സൗദിയിലെത്താൻ കഴിയൂ.
അതേസമയം, യു.എ.ഇയിലെയും സൗദിയിലെയും ബിസിനസുകാർക്ക് ഏറെ ആശ്വാസമാണ് തീരുമാനം.നാലുമാസമായി റോഡ് മാർഗം പോലും യാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. ആഴ്ചയിലൊരിക്കൽ സൗദിയിൽ പോയിവരുന്ന സംരംഭകർ യു.എ.ഇയിലുണ്ട്.
മാത്രമല്ല, പലരുടെയും കുടുംബങ്ങളും ഇരുരാജ്യങ്ങളിലുമായി താമസിക്കുന്നുണ്ട്. അവധിക്കാലത്ത് ഇവരുടെ അടുക്കലെത്താൻ കഴിയാത്ത അവസ്ഥയുമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.