ഒറ്റത്തവണ പ്ലാസ്റ്റിക്കിന് ബൈ ബൈ പറഞ്ഞ് ദുബൈ
text_fieldsദുബൈ: എമിറേറ്റിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന കൂടുതൽ പ്ലാസ്റ്റിക് ഉൽപന്നങ്ങൾക്ക് നിരോധനം ബുധനാഴ്ച നിലവിൽ വന്നു. പ്ലാസ്റ്റിക് മാലിന്യം കുറക്കുക, പരിസ്ഥിതി സൗഹൃദ സ്വഭാവം ശക്തിപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്.
ഒറ്റത്തവണ ഉപയോഗിക്കാവുന്ന സ്റ്റൈറോഫോം കപ്പുകൾ, പ്ലാസ്റ്റിക് കോട്ടൻ സ്വാബ്സ്, പ്ലാസ്റ്റിക് ടേബിൾ കവറുകൾ, പ്ലാസ്റ്റിക് സ്ട്രോകൾ, സ്റ്റൈറോഫോം ഭക്ഷണ കണ്ടെയ്നറുകൾ, പ്ലാസ്റ്റിക് സ്റ്റിററുകൾ എന്നിവ നിരോധനത്തിൽ ഉൾപ്പെടും. ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ ഉത്തരവനുസരിച്ചാണ് നടപടി സ്വീകരിച്ചത്.
2023ലെ എക്സിക്യുട്ടിവ് കൗൺസിൽ പ്രമേയപ്രകാരം ദുബൈയിലെ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് മാലിന്യം ഗണ്യമായി കുറക്കാനാണ് ലക്ഷ്യമിടുന്നത്. ഒറ്റത്തവണ ഉപയോഗിക്കാവുന്ന ബാഗുകൾക്ക് കഴിഞ്ഞ വർഷം ജൂൺ മാസത്തിൽ ദുബൈ നിരോധനമേർപ്പെടുത്തിയിരുന്നു. യു.എ.ഇയുടെ ദേശീയ സുസ്ഥിരതാ സംരംഭത്തിന്റെ ഭാഗമായാണ് വിവിധ എമിറേറ്റുകൾ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾ ഘട്ടംഘട്ടമായി നിരോധിക്കുന്നത്.
2026 ജനുവരി ഒന്നു മുതൽ, പ്ലാസ്റ്റിക് പ്ലേറ്റുകൾ, ഫുഡ് കണ്ടെയ്നറുകൾ, ടേബിൾ വെയർ, പാനീയ കപ്പുകൾ, അവയുടെ പ്ലാസ്റ്റിക് മൂടികളും കൂടി ദുബൈ നിരോധിക്കും. പുനരുപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് നിരോധനമില്ലാത്തതിനാൽ വിപണിയിൽ പുതിയ നിയമം മൂലം വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും പ്രയാസമുണ്ടാവില്ലെന്നാണ് കരുതുന്നത്.
ശൈഖ് ഹംദാന്റെ നേതൃത്വത്തിൽ 2022 ഫെബ്രുവരിയിൽ ദുബൈ കാൻ എന്നപേരിൽ പ്ലാസ്റ്റിക് കുപ്പികളുടെ ഉപയോഗം കുറക്കാനും പദ്ധതി ആരംഭിച്ചിരുന്നു. പുനരുപയോഗിക്കുന്ന വെള്ളക്കുപ്പികളും പൊതുകുടിവെള്ള സ്റ്റേഷനുകളും ഉപയോഗിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതാണിത്.
സംരംഭത്തിന്റെ ഭാഗമായി സ്ഥാപിച്ച നിരവധി കുടിവെള്ള സ്റ്റേഷനുകളാണ് സ്ഥാപിച്ചത്. ജനങ്ങളെ റീഫിൽ ചെയ്യാവുന്ന ബോട്ടിലുകൾ ഉപയോഗിച്ച് കുടിവെള്ളം ശേഖരിക്കുന്നത് പ്രോത്സാഹിപ്പിക്കുകയാണ് ദുബൈ കാനിന്റെ പ്രധാന ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.