ടൂർ പാക്കേജിന്റെ പേരിൽ തട്ടിപ്പ്: നഷ്ടമായത് ലക്ഷങ്ങൾ
text_fieldsദുബൈ: വമ്പൻ ഓഫറുകൾ വാഗ്ദാനം ചെയ്ത് ട്രാവൽ ആൻഡ് ടൂറിസം കമ്പനി പ്രവാസികളിൽനിന്ന് തട്ടിയെടുത്തത് ലക്ഷങ്ങൾ. തട്ടിപ്പിൽ അകപ്പെട്ട് പണം നഷ്ടമായവരിൽ മലയാളികൾ ഉൾപ്പെടെ നൂറിലധികം പേർ.
കരാമയിലെ അൽ റെയാമി കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ട്രാവൽസിനെതിരെയാണ് പരാതി. ദുബൈ ക്രീക്കിൽ സംഘടിപ്പിച്ച ലക്കി ഡ്രോയിൽ വിജയിച്ചുവെന്ന് കാണിച്ചാണ് ചിലരിൽനിന്ന് പണം തട്ടിയത്. എട്ടംഗ കുടുംബത്തിന് യു.എസ് സന്ദർശനത്തിന് വമ്പൻ പാക്കേജ് അവതരിപ്പിച്ചായിരുന്നു തട്ടിപ്പ്. വേൾഡ് ടൂർ പാക്കേജാണ് മറ്റു ചിലർക്ക് വാഗ്ദാനം ചെയ്തിരുന്നത്.
ഇങ്ങനെ പലരീതിയിൽ നടന്ന തട്ടിപ്പിൽ നൂറിലധികം പേരാണ് ഇരയായത്. പണമടച്ച് അവധിക്കാലം ആഘോഷിക്കാനായി കാത്തിരിക്കുന്നതിനിടയിൽ സംശയം തോന്നിയ ചിലർ ഓഫിസിൽ അന്വേഷിച്ചപ്പോഴാണ് സ്ഥാപനം പ്രവർത്തനം അവസാനിപ്പിച്ച് അടച്ചുപൂട്ടിയ വിവരം അറിയുന്നത്. ഇതോടെ കൂടുതൽ പേർ രംഗത്തെത്തുകയായിരുന്നു. യു.എസ് കൂടാതെ സിംഗപ്പൂർ, മലേഷ്യ, ആസ്ട്രേലിയ, ജോർജിയ, അർമേനിയ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് കമ്പനി ടൂർ പാക്കേജ് വാഗ്ദാനം ചെയ്തിരുന്നത്.
40,000 ദിർഹംമുതൽ 9,000 ദിർഹംവരെ നഷ്ടപ്പെട്ടവരുണ്ട്. ഉംറ തീർഥാടകരും വഞ്ചിതരായവരിൽ ഉൾപ്പെടും. ഇവരിൽനിന്ന് 7,000 ദിർഹമാണ് തട്ടിയത്. ജനുവരി 12 മുതൽ ഓഫിസ് അടച്ചുപൂട്ടിയ നിലയിലാണെന്ന് പരാതിക്കാർ പറയുന്നു.
സംഭവത്തിൽ നിയമപരമായി നീങ്ങാമെന്നുണ്ടെങ്കിലും അതിനും വലിയ തുക ചെലവ് വരുമെന്നതിനാൽ പലരും പിൻവാങ്ങുകയാണ്. തട്ടിപ്പ് നടത്തിയ സ്ഥാപനത്തിന്റെ ട്രേഡ് ലൈസൻസ് ഡിസംബർ 11ന് കാലാവധി കഴിഞ്ഞിരുന്നതായി രേഖകൾ വ്യക്തമാക്കുന്നുണ്ട്. ബസ് വാടകക്ക് നൽകുന്ന കമ്പനിയുമായി നടന്ന ക്രെഡിറ്റ് കാർഡ് പെയ്മെന്റ് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തട്ടിപ്പ് നടത്തിയ കമ്പനിയുടെ ഉടമ ഇന്ത്യക്കാരനാണെന്ന് സൂചന ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.