എമിഗ്രേഷന്റെ പേരിൽ തട്ടിപ്പ് കാളുകൾ; മുന്നറിയിപ്പുമായി ദുബൈ ഇന്ത്യൻ കോൺസൽ
text_fieldsദുബൈ: യു.എ.ഇയിൽ പൊതുമാപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇന്ത്യൻ പ്രവാസികളെ ലക്ഷ്യംവെച്ച് പ്രവാസി ഭാരതീയ സഹായകേന്ദ്രത്തിന്റെ പേരിൽ വ്യാജ കാളുകൾ വരുന്നതായി ദുബൈ ഇന്ത്യൻ കോൺസൽ ഓഫിസ് അറിയിച്ചു.
ഇതിനെതിരെ പ്രവാസികൾ ജാഗ്രത പുലർത്തണമെന്ന് സമൂഹ മാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിലൂടെ കോൺസൽ ഓഫിസ് മുന്നറിയിപ്പ് നൽകി. ദുബൈയിലും വടക്കൻ എമിറേറ്റുകളിലും താമസിക്കുന്ന പ്രവാസികളെ ലക്ഷ്യമിട്ടാണ് പ്രവാസി ഭാരതീയ സഹായകേന്ദ്രത്തിന്റെ 80046342 എന്ന ടോൾഫ്രീ നമ്പർ ദുരുപയോഗം ചെയ്ത് തട്ടിപ്പുകാർ ബന്ധപ്പെടുന്നത്. നിലവിൽ ഇല്ലാത്ത എമിഗ്രേഷൻ പ്രശ്നങ്ങൾ പരിഹരിക്കാനെന്ന വ്യാജേന വിളിക്കുന്നയാൾ പണം തട്ടാനാണ് ശ്രമിക്കുന്നതെന്ന് കോൺസുലേറ്റ് അറിയിച്ചു.
യു.എ.ഇയിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാരെ എമിഗ്രേഷൻ വിഷയവുമായി ബന്ധപ്പെട്ട് കോൺസൽ ഓഫിസ് ഫോൺ വിളിക്കാറില്ല. ഈ പേരിൽ വരുന്ന കാളുകളോട് പ്രതികരിക്കുകയോ പണം കൈമാറുകയോ ചെയ്യരുതെന്നും മലയാളം, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലുള്ള സോഷ്യൽ മീഡിയ പോസ്റ്റിൽ ദുബൈ ഇന്ത്യൻ കോൺസൽ ഓഫിസ് അഭ്യർഥിച്ചു. കൂടാതെ വ്യക്തിഗത വിവരങ്ങൾ, ഒ.ടി.പി, പിൻ നമ്പറുകൾ, ബാങ്ക് വിവരങ്ങൾ എന്നിവയെ കുറിച്ചും കോൺസൽ ഓഫിസ് ചോദിക്കാറില്ലെന്നും കോൺസൽ ഓഫിസ് അറിയിച്ചു.
സെപ്റ്റംബർ ഒന്ന് മുതൽ യു.എ.ഇയിൽ ആരംഭിച്ച പൊതുമാപ്പ് കാലയളവിൽ നിരവധി ഇന്ത്യൻ പ്രവാസികളെ കബളിപ്പിച്ച് പണം തട്ടുന്ന സംഭവങ്ങൾ ശ്രദ്ധയിൽപെട്ട സാഹചര്യത്തിലാണ് കോൺസൽ ഓഫിസ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. വിവരങ്ങൾക്കായി ഔദ്യോഗിക കേന്ദ്രങ്ങളെ മാത്രം ആശ്രയിക്കണം.
സംശയം തോന്നുന്ന നമ്പറുകൾ ഉടൻ പൊലീസിന് കൈമാറുകയോ ബന്ധപ്പെട്ട അതോറിറ്റികളെ അറിയിക്കുകയും ചെയ്യുക. സൈബർ കുറ്റവാളികളുടെ ഇ-മെയിൽ തട്ടിപ്പിനെതിരെ അടുത്തിടെ യു.എ.ഇയുടെ ഫെഡറൽ ടാക്സ് അതോറിറ്റിയും നിവാസികൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.