കോവിഡ് രോഗികളെ തിരിച്ചറിയാൻ സ്കാനറുകൾ വരുന്നു
text_fieldsദുബൈ: കോവിഡ് ബാധിതരെ വേഗത്തിൽ തിരിച്ചറിയാൻ സ്കാനറുകൾ സ്ഥാപിക്കാൻ അബൂദബി ഒരുങ്ങുന്നു. പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിൽ എമിറേറ്റിലേക്കുള്ള പ്രവേശന കവാടങ്ങളിൽ ഏറ്റവും സാങ്കേതിക മികവുള്ള സ്കാനറുകൾ സ്ഥാപിക്കാൻ അബൂദബി അടിയന്തര, ദുരന്തനിവാരണ കമ്മിറ്റി അംഗീകാരം നൽകി. യാസ് ദ്വീപിലെയും മുസഫയിലെയും പ്രവേശന കവാടങ്ങളിലും ചില പൊതുവേദികളിലും ഇത് സ്ഥാപിക്കാൻ അനുമതി നൽകിയിട്ടുണ്ട്. സ്കാനറിൽ ഒരാൾ രോഗബാധിതനല്ലെന്ന് കണ്ടാൽ മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. രോഗിയാണെന്ന് കാണിച്ചാൽ 24 മണിക്കൂറിനകം പി.സി.ആർ പരിശോധന നടത്തണമെന്നും അധികൃതർ അറിയിച്ചു. ഇത്തരം ആളുകൾക്ക് സൗജന്യ പരിശോധനക്ക് സൗകര്യമൊരുക്കും.
നിലവിലുള്ള മാനദണ്ഡങ്ങൾ കുറക്കാതെയായിരിക്കും സ്കാനർ സംവിധാനം സ്ഥാപിക്കുകയെന്നും പുതിയ സംവിധാനം മുൻകരുതൽ നടപടികളെ ശക്തിപ്പെടുത്താൻ ഉദ്ദേശിച്ചാണെന്നും അബൂദബി മാധ്യമവിഭാഗം പ്രസ്താവനയിൽ അറിയിച്ചു. കഴിഞ്ഞ വർഷം കോവിഡ് വ്യാപന പശ്ചാത്തലത്തിൽ എമിറേറ്റ് അതിർത്തികളിൽ അഞ്ചു മിനിറ്റുള്ളിൽ ഫലം ലഭിക്കുന്ന ഡി.പി.ഐ പരിശോധന നടപ്പാക്കിയിരുന്നു. കോവിഡ് ബാധിതരെ കണ്ടെത്താൻ ഇത് വലിയ അളവിൽ സഹായകമായി.
ഇതിന് സമാനമായി സ്കാനറുകൾ കോവിഡ് ബാധിതരെ വേഗത്തിൽ തിരിച്ചറിയാൻ സഹായിക്കുമെന്നാണ് അധികൃതർ കരുതുന്നത്.ചെറിയ പെരുന്നാളിനുശേഷം യു.എ.ഇയിൽ കോവിഡ് കേസുകളിൽ വർധന രേഖപ്പെടുത്തിയതായി ദുരന്തനിവാരണ കമ്മിറ്റി വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. മുൻകരുതൽ നടപടികളിൽ വീഴ്ച സംഭവിച്ചതും ഒത്തുകൂടലുകൾ വർധിച്ചതുമാണ് ഇതിന് കാരണമായതെന്ന് അധികൃതർ കൂട്ടിച്ചേർത്തു. കേസുകൾ വർധിച്ച സാഹചര്യത്തിലാണ് മുസഫ്യയിൽ കൂട്ട പി.സി.ആർ ടെസ്റ്റുകൾ ആരംഭിച്ചതും പൊതുസ്ഥലങ്ങളിൽ ഗ്രീൻപാസ് പ്രോട്ടോക്കോൾ നടപ്പാക്കിയതും.
മാളുകളിലും ഹോട്ടലുകളിലും മറ്റു സ്ഥലങ്ങളിലും നിലവിൽ ഗ്രീൻപാസില്ലാത്തവർക്ക് പ്രവേശനം അനുവദിക്കുന്നില്ല. മാസ്കിനും സാമൂഹിക നിയന്ത്രണത്തിനുമൊപ്പം ഗ്രീൻ പാസ് കൂടി നടപ്പാക്കിയതോടെ ഇത്തരം സ്ഥലങ്ങളിൽ രോഗഭീതി കുറഞ്ഞു.
അൽ ഹുസ്ൻ ആപ് പണിതന്നാൽ?
അബൂദബിയിൽ പൊതുപരിപാടികളിലും വാണിജ്യകേന്ദ്രങ്ങളിലും പ്രവേശനത്തിന് അൽ ഹുസ്ൻ ആപ്പിൽ ഗ്രീൻ പാസ് കാണിക്കണമെന്ന നിബന്ധന വന്നിരിക്കയാണ്.
പലരുടെയും ആപ്പിൽ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യപ്പെടാത്തതും തെറ്റായ കാര്യങ്ങൾ വരുന്നതുമായ പരാതികൾ ഉയരുന്നുണ്ട്. ഇങ്ങനെയുള്ള സമയങ്ങളിൽ ആപ് റീഇൻസ്റ്റാൾ ചെയ്താൽ അപ്ഡേഷൻസ് വരും. എന്നിട്ടും പരിഹരിക്കപ്പെടാത്ത വിഷയങ്ങളിൽ ഉപയോക്താക്കൾക്ക് 8004676എന്ന നമ്പറിലും info@alhosnapp.ae എന്ന മെയിലിലും ആപ്പിനെ ബന്ധപ്പെടാം. സാങ്കേതിക സഹായത്തിന് 800 937292 എന്ന നമ്പറിൽ വിഖായ ഹോട്ട്‌ലൈനിലും 971-563346740 എന്ന നമ്പറിൽ ഒരു വാട്സ്ആപ്പിലും ബന്ധപ്പെടാം.
അൽ ഹുസ്ൻ ആപ് ഉപയോഗപ്പെടുത്തി ഫ്ലൈദുബൈ
യു.എ.ഇയിൽനിന്ന് അന്താരാഷ്ട്ര വിമാനങ്ങളിൽ യാത്ര ചെയ്യുന്നവരുടെ കോവിഡ് വിവരങ്ങൾക്ക് ഫ്ലൈദുബൈ അൽ ഹുസ്ൻ ആപ് ഉപയോഗിച്ചുതുടങ്ങി. ഇതോടെ പ്രിൻറ് ചെയ്ത പി.സി.ആർ റിസൽട്ട് ഇല്ലാതെ യാത്രക്കാർക്ക് ചെക് ഇൻ പൂർത്തീകരിക്കാൻ കഴിയും. ആപ്പിലെ വിവരങ്ങൾ കാണിച്ചാൽ മതിയാകും. ആദ്യമായാണ് യു.എ.ഇയിൽ ഒരു വിമാനക്കമ്പനി ഇത്തരത്തിൽ ആപ് ഉപയോഗിക്കുന്നത്.
പി.സി.ആർ ടെസ്റ്റുകൾക്ക് നിരക്ക് വർധനയില്ല
ഗ്രീൻ പാസ് മാനദണ്ഡം നിലവിൽ വന്നതോടെ പി.സി.ആർ ടെസ്റ്റുകൾക്ക് തിരക്കേറി.ഇതിനിടയിൽ ടെസ്റ്റ് നിരക്ക് പുതുക്കിയതായി സമൂഹമാധ്യമങ്ങളിൽ വന്ന വിവരങ്ങൾ തെറ്റാണെന്ന് അബൂദബി ആരോഗ്യ സേവന കമ്പനി 'സേഹ' അറിയിച്ചു. പി.സി.ആർ ടെസ്റ്റുകൾക്ക് 65 ദിർഹം തന്നെയായിരിക്കും. ഭാവിയിൽ എന്തെങ്കിലും മാറ്റങ്ങളുണ്ടെങ്കിൽ സേഹ വഴിതന്നെയാകും അറിയിപ്പ് വരുകയെന്നും ട്വിറ്ററിലൂടെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.