ഗൾഫിലേക്ക് ‘ഷെങ്കൻ’ മോഡൽ വിസ; ചർച്ചയിൽ പുരോഗതി
text_fieldsദുബൈ: ഗൾഫിലെ മുഴുവൻ രാജ്യങ്ങളിലേക്കും ഒരൊറ്റ വിസയിൽ പ്രവേശനം സാധ്യമാക്കുന്നതിന് ‘ഷെങ്കൻ വിസ’ രൂപത്തിൽ പുതിയ വിസ സംവിധാനം രൂപപ്പെടുത്തുന്നതിന് ചർച്ച പുരോഗമിക്കുന്നു. ദുബൈയിൽ അറബ് ട്രാവൽ മാർക്കറ്റ് പരിപാടിയിൽ സംസാരിക്കവേ ബഹ്റൈൻ ടൂറിസം മന്ത്രി ഫാത്തിമ അൽ സൈറാഫിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഏകീകൃത സിംഗിൾ വിസ എങ്ങനെ രൂപപ്പെടുത്താമെന്നത് സംബന്ധിച്ച് ജി.സി.സി രാജ്യങ്ങൾക്കിടയിൽ മന്ത്രിതലത്തിൽ ചർച്ചകൾ നടക്കുന്നതായി അവർ വെളിപ്പെടുത്തി.
വിദേശങ്ങളിൽനിന്ന് യൂറോപ്പിലെത്തുന്നവർക്ക് വിവിധ രാജ്യങ്ങളിൽ സന്ദർശിക്കാൻ സാധിക്കുന്നുണ്ട്. ഇത്തരത്തിൽ ഒരു സംവിധാനം രൂപപ്പെടുത്താനാണ് ഗൾഫ് രാജ്യങ്ങളും ശ്രമിക്കുന്നത്. എല്ലാ രാജ്യങ്ങൾക്കും ഗുണം ലഭിക്കുന്ന സംവിധാനമായിരിക്കുമിത് -അവർ കൂട്ടിച്ചേർത്തു.
‘ജി.സി.സി യാത്രയുടെ ഭാവി’ എന്ന തലക്കെട്ടിൽ നടന്ന പാനൽ ചർച്ചയിലാണ് മന്ത്രി സംസാരിച്ചത്. യു.എ.ഇ, സൗദി അറേബ്യ എന്നിവയുമായി ചേർന്ന് നടപ്പിലാക്കിയ പദ്ധതികൾ ബഹ്റൈന്‍ ഗുണം ചെയ്തതായും അവർ പറഞ്ഞു. വിനോദ സഞ്ചാര മേഖല വളർച്ചക്ക് വളരെ അനിവാര്യമാണെന്ന് എല്ലാ ഗൾഫ് രാജ്യങ്ങളും വിശ്വസിക്കുന്നതായി യു.എ.ഇ സാമ്പത്തിക മന്ത്രാലയം അണ്ടർ സെക്രട്ടറി അബ്ദുല്ല അൽ സാലിഹ് ചർച്ചയിൽ അഭിപ്രായപ്പെട്ടു. നിയന്ത്രണങ്ങളില്ലാതെ വിവിധ രാജ്യങ്ങളിലേക്ക് സഞ്ചരിക്കാൻ കഴിഞ്ഞാൽ മേഖലയിലേക്ക് വരുന്ന സന്ദർശകർ കൂടുതൽ സന്തുഷ്ടരാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇക്കാലത്ത് സഞ്ചാരികൾ ഒരു രാജ്യത്തെക്കുറിച്ചല്ല, ഒരു പ്രദേശത്തെക്കുറിച്ചാണ് ചിന്തിക്കുന്നതെന്ന് പാനൽ ചർച്ചയിൽ പങ്കെടുത്ത സൗദി ടൂറിസം അതോറിറ്റി സി.ഇ.ഒ ഫഹദ് ഹമീദുദ്ദീനും പറഞ്ഞു. ഖത്തർ ഫിഫ ലോകകപ്പ് വഴി സൗദിക്ക് വളരെയധികം പ്രയോജനം ലഭിച്ചുവെന്നും സംയുക്ത സംരംഭങ്ങളിലൂടെ എല്ലാവർക്കും ഉപകാരം ലഭിക്കുമെന്നതിന്റെ തെളിവാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗൾഫ് രാജ്യങ്ങൾക്കിടയിൽ നയതന്ത്ര തലത്തിലുണ്ടായിരുന്ന പ്രതിബന്ധങ്ങൾ നീങ്ങിത്തുടങ്ങിയത് ഈ നീക്കത്തിന് സഹായകമാകുമെന്നാണ് കരുതുന്നത്. ഖത്തറും ബഹ്റൈനും തമ്മിൽ വിമാന സർവിസ് ഉടൻ പുനരാരംഭിക്കുമെന്ന് കഴിഞ്ഞ ദിവസം വിവിധ അറബ് പത്രങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ടൂറിസം മേഖലയിൽ എല്ലാ ഗൾഫ് രാജ്യങ്ങളും വലിയ ശ്രദ്ധ നൽകിവരുന്നുണ്ട്. കോവിഡിനുശേഷം ദുബൈയിൽ നടന്ന എക്സ്പോ 2020 ദുബൈയും ഖത്തർ ആതിഥ്യമരുളിയ ഫിഫ ലോകകപ്പ് ഫുട്ബാളും ലക്ഷക്കണക്കിന് വിദേശ ടൂറിസ്റ്റുകളെയാണ് ഗൾഫിലെത്തിച്ചത്.
ഒരു വിസയിൽ യൂറോപ്പിലെ 26 രാജ്യങ്ങളിലേക്ക് പ്രവേശനം ലഭിക്കുന്ന സംവിധാനമാണ് ‘ഷെങ്കൻ വിസ’. ഫ്രാൻസ്, ജർമനി, ഗ്രീസ്, നോർവേ, ഇറ്റലി, സ്വിറ്റ്സര്‍ലന്‍ഡ് തുടങ്ങിയവ ഉൾപ്പെടുന്ന പ്രദേശത്തെ വിളിക്കുന്ന പേരാണ് ഷെങ്കന്‍ പ്രദേശം എന്നത്. ഈ രാജ്യങ്ങളിൽ നിന്ന് നിയന്ത്രണങ്ങളില്ലാതെ അടുത്തടുത്ത രാജ്യങ്ങളിലേക്ക് പോകാം. ഷെങ്കൻ വിസ ഉപയോഗിച്ച് ആറുമാസത്തിനുള്ളിൽ 90 ദിവസം വരെ ഷെങ്കന്‍ ഏരിയയിലെ ഏത് രാജ്യത്തും താമസിക്കാം. ഓരോ വര്‍ഷവും ഒരു കോടിയിലധികം ഇന്ത്യക്കാർ ഷെങ്കൻ രാജ്യങ്ങൾ സന്ദർശിക്കുന്നു എന്നാണ് കണക്ക്. ഗൾഫ് രാജ്യങ്ങളിൽ നിന്നും നിരവധി പേർ ഈ സംവിധാനം ഉപയോഗപ്പെടുത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.