പ്രവാസികളുടെ മക്കൾക്ക് സ്കോളർഷിപ്: അപേക്ഷ തീയതി നീട്ടി
text_fieldsദുബൈ: കേന്ദ്ര സർക്കാർ പ്രവാസികളുടെ മക്കൾക്ക് ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബിരുദ പഠനത്തിനായി പ്രഖ്യാപിച്ച സ്കോളർഷിപ്പിന് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി നീട്ടി. ഡിസംബർ 27 വരെ അപേക്ഷ സമർപ്പിക്കാമെന്നാണ് പുതിയ സർക്കുലറിലുള്ളത്. നേരത്തേ അവസാന തീയതി നവംബർ 30 ആയിരുന്നു. ഓരോ രാജ്യത്തെയും ഇന്ത്യൻ എംബസി, കോൺസുലേറ്റ് എന്നിവ മുഖേനയാണ് സ്കോളർഷിപ്പിന് അപേക്ഷിക്കേണ്ടത്. ഈ വർഷം മുതൽ മെഡിക്കൽ പഠനത്തിനും സ്കോളർഷിപ് നൽകും.
ഒന്നാം വർഷ ഡിഗ്രി പഠനത്തിന് പേര് രജിസ്റ്റർ ചെയ്ത വിദ്യാർഥികൾക്കാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ ‘സ്കോളർഷിപ് പ്രോഗ്രാം ഫോർ ഡയാസ്പോറ ചിൽഡ്രൻ’ എന്ന വിദ്യാഭ്യാസ സഹായം ലഭിക്കുക. 150 വിദ്യാർഥികൾക്കാണ് സ്കോളർഷിപ് ലഭിക്കുക. വിദ്യാർഥികൾ 17നും 21നും ഇടക്ക് പ്രായമുള്ളവരായിരിക്കണം. പി.ഐ.ഒ കാർഡുള്ള ഇന്ത്യൻ വംശജർ, എൻ.ആർ.ഐ സ്റ്റാറ്റസുള്ള ഇന്ത്യൻ പൗരന്മാർ, എമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമുള്ള രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ തൊഴിലാളികൾ എന്നിവരുടെ മക്കളുടെ ഡിഗ്രി പഠനത്തിനാണ് സ്കോളർഷിപ്.
4000 യു.എസ്. ഡോളർ അഥവാ 3,36,400 രൂപ വരെ വിദ്യാർഥികൾക്ക് സ്കോളർഷിപ്പായി ലഭിക്കും. ഈ വർഷം മുതൽ മെഡിക്കൽ പഠനത്തിനും പഠന സഹായമുണ്ടാകും. എം.ബി.ബി.എസ് രണ്ടാം വർഷം മുതൽ അഞ്ചാം വർഷം വരെയാകും സ്കോളർഷിപ്. വിദ്യാർഥികളുടെ മെറിറ്റിന്റെ അടിസ്ഥാനത്തിലായിരിക്കും അർഹരായവരെ തെരഞ്ഞെടുക്കുക. പ്രവാസികളായ രക്ഷാകർത്താക്കൾ അപേക്ഷ നൽകാനായി അതത് രാജ്യത്തെ എംബസിയെയോ, ഇന്ത്യൻ കോൺസുലേറ്റിനേയോ ബന്ധപ്പെടണമെന്ന് സർക്കാർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.