അബൂദബിയിലെ സ്‌കൂൾ പ്രവേശനം : 12 വയസ് കഴിഞ്ഞവർക്ക് രണ്ടാഴ്ചയിൽ കോവിഡ് പരിശോധന
text_fieldsഅബൂദബി: തലസ്ഥാനത്തെ സ്വകാര്യ സ്‌കൂളുകളിൽ വേനലവധിക്കു ശേഷം സ്‌കൂൾ തുറക്കുമ്പോൾ 12 വയസ്സും അതിനു മുകളിലും പ്രായമുള്ള എല്ലാ വിദ്യാർഥികളും രണ്ടാഴ്ചയിലൊരിക്കൽ കോവിഡ് പരിശോധന നടത്തി നെഗറ്റിവ് ഫലം ഹാജരാക്കണമെന്ന് അബൂദബി വിദ്യാഭ്യാസ വൈജ്ഞാനിക വകുപ്പ് (അഡെക്) അറിയിച്ചു.
അഡെക് സ്‌കൂളുകൾക്ക് നൽകിയ പുതിയ പാരൻറിങ് മാർഗനിർദേശത്തിലാണ് പി.സി.ആർ പരിശോധന സംബന്ധിച്ച നിർദേശങ്ങൾ. വിദ്യാർഥികളെ സ്‌കൂളുകളിലേക്ക് സ്വാഗതം ചെയ്യാൻ തയാറെടുക്കുമ്പോൾ അവരുടെയും ജീവനക്കാരുടെയും സമൂഹത്തിെൻറയും സുരക്ഷക്ക് പ്രധാന മുൻഗണന നൽകുന്നതിെൻറ ഭാഗമാണ് തീരുമാനം. എന്നാൽ ഭിന്നശേഷിക്കാരായ വിദ്യാർഥികളെ ഈ നിബന്ധനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നിശ്ചിത സമയത്ത് കുട്ടികൾ പി.സി.ആർ പരിശോധന നടത്തുന്നത് ഉറപ്പാക്കാൻ സ്‌കൂളുമായി രക്ഷിതാക്കൾ ബന്ധപ്പെടണമെന്നും അഡെക് നിർദേശിച്ചു.
16 ഉം അതിനുമുകളിലുമുള്ള വിദ്യാർഥികൾ സ്‌കൂളിലേക്ക് മടങ്ങാൻ പ്രതിരോധ കുത്തിവെപ്പിെൻറ രണ്ടു ഡോസുകളും എടുക്കണം. എന്നാൽ വാക്‌സിനേഷൻ എടുക്കുന്നതിൽ നിന്ന് ഒഴിവ് ലഭിച്ചിട്ടുള്ള വിദ്യാർഥികൾക്ക് സ്‌കൂൾ അങ്കണത്തിൽ പ്രവേശനം അനുവദിക്കും. അൽ ഹുസ്ൻ ആപ്പിൽ വാക്‌സിനേഷൻ നില പരിശോധിക്കാം. വാക്‌സിനേഷൻ ഇളവുകൾ ആപ്പിലോ അബൂദബി ഹെൽത്ത് സർവിസസ് കമ്പനി(സേഹ) യുടെയോ അല്ലെങ്കിൽ ആരോഗ്യ വകുപ്പിൽ നിന്നുള്ള ഔദ്യോഗിക കത്തുകളിലൂടെയോ ബോധ്യപ്പെടുത്തണം. മൂന്നു മുതൽ 15 വയസ്സുവരെയുള്ള വിദ്യാർഥികൾക്ക് സ്‌കൂളിൽ പ്രവേശിക്കുന്നതിന് പ്രതിരോധ കുത്തിവെപ്പ് എടുക്കേണ്ട.
പുതിയ അധ്യയന വർഷത്തിൽ പൂർണമായോ ഭാഗികമായോ സ്‌കൂളിൽ ഹാജരാകാനും വിദൂര പഠനരീതി തുടരുന്നതിനും സ്‌കൂളുകൾക്ക് മൂന്ന് വ്യത്യസ്ത മാതൃകകൾ അവലംബിക്കാൻ അനുവാദം നൽകിയിട്ടുണ്ട്. കുട്ടികൾക്ക് ഏത് പഠനരീതിയാണ് വേണ്ടതെന്ന് തീരുമാനിക്കുമ്പോൾ അക്കാദമിക് പുരോഗതിക്കും മാനസിക ക്ഷേമത്തിനും മുഖാമുഖ പഠനരീതിയുടെ പല ഗുണങ്ങൾ പരിഗണിക്കണമെന്നും അഡെക് നിർദേശിച്ചു.
കഴിഞ്ഞ വർഷത്തെപ്പോലെ സ്‌കൂളിനെ മികച്ച രീതി ആസൂത്രണം ചെയ്യാൻ അനുവദിക്കും.അബൂദബിയിലെ സ്‌കൂളുകൾ കർശന സുരക്ഷ നടപടികൾ പാലിക്കുന്നുണ്ട്. നിലവിൽ എല്ലാ സ്വകാര്യ സ്‌കൂളുകളിലും 89 ശതമാനം വിദ്യാഭ്യാസ ജീവനക്കാരും ഇതിനകം പ്രതിരോധ കുത്തിവെപ്പ് പൂർത്തീകരിച്ചിട്ടുണ്ട്. ശാരീരിക അകലം പാലിക്കൽ, മാസ്‌ക് ധരിക്കൽ, വിദ്യാർഥികളെ വിവിധ ഗ്രൂപ്പുകളായി ക്രമീകരിക്കൽ, ബബ്ൾ സംവിധാനം തുടങ്ങിയ സുരക്ഷ നടപടികൾ സ്‌കൂളുകളിൽ നിർബന്ധമായും നടപ്പാക്കണം. തുറസ്സായ കളിസ്ഥലങ്ങൾ, കാൻറീൻ, ലൈവ് ക്ലാസുകൾ, പാഠ്യേതര പരിപാടികൾ എന്നിവയും സ്‌കൂളുകളിൽ പുനരാരംഭിക്കും.
നാട്ടിൽ നിന്ന് വരുന്ന വിദ്യാർഥികൾ ശ്രദ്ധിക്കേണ്ടത്
വേനലവധിക്കു ശേഷം വിദേശ രാജ്യങ്ങളിൽനിന്ന് മടങ്ങിയെത്തുന്ന വിദ്യാർഥികൾ ആരോഗ്യ വകുപ്പും ദേശീയ അടിയന്തര ദുരന്തനിവാരണ അതോറിറ്റിയും നിർദേശിച്ച ക്വാറൻറീൻ നടപടി ക്രമങ്ങളും പി.സി.ആർ പരിശോധനകളും പാലിക്കണം. രക്ഷിതാക്കൾ കുട്ടികളെ സ്‌കൂളിൽ അയക്കും മുമ്പ് യാത്ര പ്രഖ്യാപന ഫോറം പൂരിപ്പിച്ച് ഒപ്പിട്ട് സമർപ്പിക്കണം.
രണ്ട് ഡോസ് വാക്‌സിനേഷൻ സ്വീകരിക്കുകയും 96 മണിക്കൂർ നെഗറ്റിവ് പി.സി.ആർ പരിശോധന ഫലം കാണിക്കുകയും ചെയ്യുന്ന രക്ഷിതാക്കൾക്ക് മാത്രമാണ് സ്‌കൂൾ സന്ദർശിക്കാൻ അനുവാദമുണ്ടാവുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.