സ്കൂൾ തുറക്കൽ:10 ലക്ഷം കുട്ടികൾ വിദ്യാലയങ്ങളിലെത്തും
text_fieldsദുബൈ: അടുത്ത ദിവസങ്ങളിലായി ദുബൈയിൽ 10 ലക്ഷം കുട്ടികൾ വിദ്യാലയങ്ങളിലെത്തുമെന്ന് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി വിദ്യാഭ്യാസ മന്ത്രാലയത്തിെൻറ നേതൃത്വത്തിൽ നടന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത അധ്യയന വർഷത്തെ ഒരുക്കം വിലയിരുത്തി.
സുരക്ഷിത പഠനം ഒരുക്കാൻ ആവശ്യമായ മുൻകരുതലെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 30നാണ് യു.എ.ഇയിലെ സ്കൂളുകൾ തുറക്കുന്നത്. ഇതിനു പിന്നാലെ യൂനിവേഴ്സിറ്റികൾ അടക്കം തുറക്കാൻ പദ്ധതിയുണ്ട്. രക്ഷിതാക്കളുടെ താൽപര്യം അനുസരിച്ച് ഓൺലൈൻ പഠനമോ ക്ലാസ് മുറികളിലെ പഠനമോ തിരഞ്ഞെടുക്കാൻ ദുബൈയിൽ രക്ഷിതാക്കൾക്ക് അനുവാദം നൽകിയിട്ടുണ്ട്. എന്നാൽ, ഫീസ് ഘടനയിൽ മാറ്റമുണ്ടാവില്ല.
ഷാർജയിൽ രണ്ടുവാരം ഇ-ലേണിങ്
ഷാർജ: കോവിഡ് പ്രതിരോധ മാർഗങ്ങൾ ശക്തമാക്കി ഒന്നാം ഓണത്തിന് യു.എ.ഇയിലെ സ്കൂളുകൾ തുറക്കും. എന്നാൽ, ആദ്യ രണ്ടാഴ്ച ഷാർജയിലെ സ്കൂളുകൾ വിദ്യാർഥികൾക്കായി 100 ശതമാനം ഇ-ലേണിങ് നടപ്പാക്കും.
വിദ്യാർഥികളുടെയും അധ്യാപകരുടെയും ജീവനക്കാരുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഷാർജയിലെ പ്രാദേശിക എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെൻറ് അതോറിറ്റിയും ഷാർജ പ്രൈവറ്റ് എജുക്കേഷൻ അതോറിറ്റിയും സംയുക്തമായാണ് തീരുമാനമെടുത്തത്.
ഷാർജയിലെ സ്വകാര്യ സ്കൂളുകളിലെ ആയിരക്കണക്കിന് അധ്യാപകരും മറ്റ് ജീവനക്കാരും പുതിയ ടേമിനുള്ള തയാറെടുപ്പിനായി കോവിഡ് -19 പരിശോധന നടത്തിക്കഴിഞ്ഞു.ആഴ്ചാവസാനത്തോടെ 17,000 പേരെ പരിശോധിക്കുമെന്ന് ഷാർജ പ്രൈവറ്റ് എജുക്കേഷൻ അതോറിറ്റി (എസ്.പി.ഇ.എ) അറിയിച്ചു.
പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും കോവിഡ് വ്യാപനം തടയുന്നതിനുമായി രൂപകൽപന ചെയ്ത കർശന മാർഗനിർദേശങ്ങൾക്ക് വിധേയമായാണ് സ്കൂളുകൾ വീണ്ടും തുറക്കാൻ അനുമതി നൽകിയത്. 12 വയസ്സിന് മുകളിലുള്ള വിദ്യാർഥികൾ അടുത്തയാഴ്ച കൊറോണ വൈറസ് പരിശോധനക്ക് വിധേയരാകും. ആരോഗ്യ-പ്രതിരോധ മന്ത്രാലയത്തിെൻറ സഹകരണത്തോടെയും എസ്.പി.ഇ.എ നിശ്ചയിച്ച ഷെഡ്യൂൾ അനുസരിച്ചുമാണ് സ്ക്രീനിങ് നടത്തുന്നത്.
ദുബൈയിൽ പരിശോധന നിർബന്ധമില്ല
ദുബൈ: ദുബൈയിലെ സ്കൂളുകളിൽ എത്തുന്ന വിദ്യാർഥികൾക്ക് കോവിഡ് പരിശോധനഫലം നിർബന്ധമില്ലെന്ന് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെൻറ് അതോറിറ്റി (കെ.എച്ച്.ഡി.എ) അറിയിച്ചു. എന്നാൽ, അധ്യാപകർ പരിശോധനക്ക് വിധേയരാകണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്. 18,000ത്തോളം കുട്ടികൾ ബസുകളിൽ യാത്രചെയ്യാൻ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പഠനോപകരണങ്ങളോടൊപ്പം മാസ്ക്കും; വിപണികളിൽ ഓണപ്പൊലിമ
ഷാർജ: ഉത്രാടത്തിന് സ്കൂളുകൾ തുറക്കാനിരിക്കെ വിപണികൾ സജീവമായി. പതിവിന് വിരുദ്ധമായി ഇക്കുറി പഠനോപകരണങ്ങളോടൊപ്പം മാസ്ക്കുകളും സാനിറ്റൈസറും വാങ്ങാനും തിരക്കുണ്ട്.ഇവയുടെ ഉപയോഗത്തെ കുറിച്ച് കുട്ടികൾക്ക് അറിയാമെങ്കിലും സ്കൂളുകളിൽ അവ എങ്ങനെ ഉപയോഗിക്കണം എന്നതിനെ കുറിച്ചുള്ള പരിശീലനവും നൽകിയിട്ടുണ്ട്. ആദ്യത്തെ രണ്ടുവാരം ഷാർജയിൽ ഇ-ലേണിങ്ങായിരിക്കുമെങ്കിലും വിപണികളിൽ തിരക്കുണ്ട്.കോവിഡ് കാലത്തെ അധ്യാപനം എങ്ങനെയായിരിക്കണം എന്നതിനെ കുറിച്ച് പരിശീലനം നൽകിക്കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.