സ്‌കൂള്‍ തുറക്കല്‍; റോഡ് സുരക്ഷ ഉറപ്പാക്കി അബൂദബി പൊലീസ്
text_fieldsഅബൂദബി: വേനലവധി കഴിഞ്ഞ് സ്‌കൂള്‍ തുറക്കാനിരിക്കെ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും സുരക്ഷ ഉറപ്പാക്കാന്‍ എമിറേറ്റിലെ റോഡുകളില്‍ അബൂദബി പൊലീസിന്‍റെ ട്രാഫിക് പട്രോള്‍ ടീം പ്രത്യേക സംവിധാനങ്ങള്‍ സജ്ജമാക്കി. ഈമാസം 29നാണു സ്‌കൂളുകള്‍ തുറക്കുക. മടങ്ങിവരുന്ന കുട്ടികളുടെ സുരക്ഷക്കാണ് തങ്ങള്‍ മുന്‍ഗണന നല്‍കുന്നതെന്ന് ട്രാഫിക് ആന്‍ഡ് പട്രോള്‍സ് ഡയറക്ടറേറ്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് ധാഹി അല്‍ ഹമീരി പറഞ്ഞു. കവലകളിലും സ്‌കൂളുകൾക്ക് സമീപവും ഇടറോഡുകളിലും പട്രോളിങ് ശക്തമാക്കും. കാല്‍നടക്കാരുടെ ക്രോസിങ് സുരക്ഷ ഉറപ്പാക്കും. പത്തിന് താഴെയുള്ള കുട്ടികളെ കാറിന്‍റെ മുന്‍സീറ്റില്‍ ഇരുത്തരുത്.
കുട്ടികളെ സ്‌കൂളില്‍ വിടാന്‍ വരുമ്പോഴും കൊണ്ടുപോകുമ്പോഴും റോഡ് മുറിച്ചുകടക്കാന്‍ സഹായിക്കണം. നിര്‍ദിഷ്ട ഇടങ്ങളില്‍ മാത്രം വാഹനം പാര്‍ക്ക് ചെയ്യുക. ഗതാഗതം തടസ്സപ്പെടുത്താതിരിക്കുക. ബസിനു കാത്തുനില്‍ക്കുമ്പോള്‍ കുട്ടികളെ തെരുവില്‍ കളിക്കാന്‍ അനുവദിക്കാതിരിക്കുക. സ്‌കൂള്‍ ബസില്‍ സുരക്ഷിതമായി കയറാനും ഇറങ്ങാനും കുട്ടികള്‍ക്ക് പരിശീലനം നല്‍കുക തുടങ്ങിയ നിര്‍ദേശങ്ങളും അദ്ദേഹം നല്‍കി. നിരത്തില്‍ വാഹനങ്ങളുമായി ഇറങ്ങുന്ന ഡ്രൈവര്‍മാര്‍ക്കും അബൂദബി പൊലീസ് കര്‍ശന നിര്‍ദേശങ്ങളാണ് നല്‍കിവരുന്നത്. റോഡ് നിയമം പാലിക്കാത്തതിനാൽ മാത്രം അപകടമുണ്ടായതിന്‍റെ വിഡിയോ ദൃശ്യങ്ങള്‍ അബൂദബി പൊലീസ് അടുത്തിടെ പുറത്തുവിട്ടിരുന്നു.
പെട്ടെന്നുള്ള ലെയിന്‍ മാറ്റത്തിന്‍റെ അപകടം വ്യക്തമാക്കുന്ന വിഡിയോയാണ് പങ്കുവെച്ചത്. പെട്ടെന്ന് ലെയിന്‍ മാറ്റുക, മറ്റു വാഹനങ്ങളുമായി സുരക്ഷിതമായ അകലം പാലിക്കാതിരിക്കുക തുടങ്ങിയ നിരവധി കുറ്റങ്ങളാണ് അപകടത്തിനു വഴിവെക്കുന്ന ഡ്രൈവര്‍മാര്‍ ചെയ്യുന്നത്. കഴിഞ്ഞവര്‍ഷം 45000ത്തിലേറെ ഡ്രൈവര്‍മാര്‍ക്കെതിരെയാണ് മറ്റുവാഹനങ്ങളുമായി മതിയായ അകലമില്ലാതെ വാഹനമോടിച്ചതിന് പിഴ ചുമത്തിയത്. 400 ദിര്‍ഹം പിഴയും നാല് ബ്ലാക്ക് പോയന്‍റുമാണ് ശിക്ഷ. ഇങ്ങനെ വാഹനമോടിച്ച് അപകടമുണ്ടാക്കിയാല്‍ 5000 ദിര്‍ഹമാണ് പിഴ. വാഹനം ലേലം ചെയ്യാതിരിക്കണമെങ്കില്‍ മൂന്നുമാസത്തിനകം ഈ പിഴ അടക്കുകയും വേണം.
നിരത്തുകളില്‍ അശ്രദ്ധമായ ട്രാക്ക് മാറ്റം അപകടങ്ങള്‍ക്കിടയാക്കുമെന്നും റോഡ് നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ പിടി വീഴുമെന്നും നേരത്തെ അബൂദബി പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിവേഗ നിരത്തുകളില്‍ ട്രാക്കുകള്‍ മാറുന്നത് അതീവ ശ്രദ്ധയോടെ വേണം. ട്രാക്കുകള്‍ മനസ്സിലാക്കി കൃത്യതയോടെ വാഹനമോടിക്കണം. മുന്നറിയിപ്പില്ലാതെ പെട്ടെന്നുള്ള മാറ്റം വന്‍ അപകടങ്ങള്‍ ക്ഷണിച്ചുവരുത്തും. വാഹനങ്ങളെ മറികടക്കുന്നതിന് നിയന്ത്രണമുള്ള റോഡുകളും ഗതാഗത പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയ ഇടങ്ങളുമെല്ലാം പരിഗണിച്ചുവേണം വാഹനം ഓടിക്കേണ്ടതെന്നും അധികൃതര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.