സ്കൂൾ തുറക്കൽ; രക്ഷിതാക്കളായ സർക്കാർ ജീവനക്കാർക്ക് ജോലിസമയത്തിൽ ഇളവ്
text_fieldsഅബൂദബി: പുതിയ അധ്യയനവർഷത്തിലെ ആദ്യ ദിനത്തിൽ കുട്ടികളെ സ്കൂളിലേക്ക് അയക്കുന്ന രക്ഷിതാക്കളായ ഫെഡറൽ സർക്കാർ ഉദ്യോഗസ്ഥർക്ക് ജോലി സമയത്തിൽ ഇളവ് പ്രഖ്യാപിച്ചു. സർക്കാർ ജീവനക്കാർക്കായുള്ള ഫെഡറൽ അതോറിറ്റിയാണ് ‘ബാക് ടു സ്കൂൾ’ നയത്തിന്റെ ഭാഗമായി ഇളവ് അനുവദിച്ചത്.
നഴ്സറികളിലെയും കിൻഡർ ഗാർഡനിലെയും വിദ്യാർഥികളുടെ രക്ഷിതാക്കൾക്ക് പുതിയ അക്കാദമിക് വർഷത്തിന്റെ ആദ്യ ദിവസവും ആദ്യ വാരത്തിലും സൗകര്യപ്രദമായ രീതിയിൽ ജോലി സമയം ക്രമീകരിക്കാനാണ് അവസരം. ആദ്യ ദിവസം കുട്ടികളെ സ്കൂളിൽ എത്തിച്ചശേഷം രാവിലെ താമസിച്ച് ജോലിക്ക് എത്തുകയോ വൈകീട്ട് നേരത്തേ ഓഫിസിൽനിന്ന് പോവുകയോ ചെയ്യാനാണ് അനുമതി.
രാവിലെയും വൈകീട്ടുമായി രണ്ടു ഘട്ടങ്ങളിലായോ അല്ലെങ്കിൽ ഏതെങ്കിലുമൊരു സമയത്തോ മൂന്നു മണിക്കൂർ മാത്രമാണ് ഇളവ് ലഭിക്കുക.
മാനേജരിൽനിന്ന് ഇതിനായി അനുമതി വാങ്ങണം. കുട്ടികളുടെ ബിരുദദാനച്ചടങ്ങിൽ സംബന്ധിക്കുന്നതിനോ രക്ഷാകർതൃയോഗത്തിൽ പങ്കെടുക്കുന്നതിനോ അല്ലെങ്കിൽ മറ്റെന്തെങ്കിലും വിശിഷ്ട വേളകളിൽ സംബന്ധിക്കുന്നതിനോ മൂന്നു മണിക്കൂറിൽ കൂടുതൽ ജോലി സമയത്തിൽ ഇളവ് അനുവദിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.