ജനു. 24ന് സ്കൂൾ തുറക്കുന്നു; ആദ്യദിനം 96 മണിക്കൂറിനിടയിലെ പി.സി.ആർ ഫലം വേണം
text_fieldsഅബൂദബി: കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈനിലാക്കിയ സ്കൂൾ പഠനം വീണ്ടും നേരിട്ട് ക്ലാസുകളിലേക്ക് മാറുന്നു. ജനുവരി 24 മുതൽ സ്കൂളുകളിലേക്ക് എത്തുന്ന വിദ്യാർഥികളും ജീവനക്കാരും രക്ഷിതാക്കളും സ്വീകരിക്കേണ്ട മാനദണ്ഡങ്ങൾ അധികൃതർ പുറത്തിറക്കിയിട്ടുണ്ട്. ഇതനുസരിച്ച് എല്ലാ വിദ്യാർഥികളും ക്ലാസിലെത്തുന്ന ആദ്യ ദിവസം 96 മണിക്കൂറിനിടയിലെ പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം.
ഈ നിർദേശങ്ങൾ പാലിക്കുക
- അധ്യാപക-അനധ്യാപക ജീവനക്കാർക്ക് സ്ഥാപനത്തിനകത്ത് പ്രവേശിക്കുന്ന എല്ലാ സമയത്തും അൽ ഹുസ്ൻ ആപ്പിൽ ഗ്രീൻ സ്റ്റാറ്റസ് വേണം. ആദ്യദിനം പ്രവേശനത്തിന് 96 മണിക്കൂറിനിടയിലെ പി.സി.ആർ ഫലവും വേണം.
- വിദ്യാർഥികളും അധ്യാപക-അനധ്യാപക ജീവനക്കാരും ട്രാവൽ ഡിക്ലറേഷൻ ഫോം പൂരിപ്പിക്കണം. യു.എ.ഇയിലേക്ക് മടങ്ങിവന്നവർ ഒന്നാം ദിനത്തിലും ആറാംദിനത്തിലും എടുത്ത നെഗറ്റിവ് ഫലം കാണിക്കണം.
- രക്ഷിതാക്കളും സന്ദർശകരും സ്കൂൾ പരിസരത്തേക്ക് പ്രവേശിക്കാൻ അൽ ഹുസ്ൻ ആപ്പിൽ ഗ്രീൻ സ്റ്റാറ്റസും 96 മണിക്കൂറിനിടയിലെ പി.സി.ആർ ഫലവും ഹാജരാക്കണം.
- സ്കൂൾ യാത്രകൾ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ പാടില്ല. എന്നാൽ, മുൻകരുതൽ സ്വീകരിച്ച് കായിക-സാംസ്കാരിക പ്രവർത്തനങ്ങൾ ആകാം.
തിരക്കൊഴിവാക്കാൻ പി.സി.ആർ നേരത്തേ എടുക്കുക
അബൂദബി: സ്കൂൾ പ്രവേശനത്തിന് പി.സി.ആർ നിർബന്ധമാക്കിയ പശ്ചാത്തലത്തിൽ പരമാവധി നേരത്തേതന്നെ പരിശോധന പൂർത്തിയാക്കാനും തിരക്ക് ഒഴിവാക്കാനും രക്ഷിതാക്കളോട് ദുരന്തനിവാരണ സമിതി ആവശ്യപ്പെട്ടു. നേരത്തെ ചില എമിറേറ്റുകളിൽ പി.സി.ആർ പരിശോധന കേന്ദ്രങ്ങളിൽ സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് സർക്കാർ, തിരക്കൊഴിവാക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
നിലവിൽ കോവിഡ് രോഗബാധിതരുടെ എണ്ണം വർധിച്ചതോടെ യു.എ.ഇയിൽ പരിശോധനകളുടെ എണ്ണം വർധിച്ചിട്ടുണ്ട്. അഞ്ചുലക്ഷം പരിശോധനകളാണ് കഴിഞ്ഞ ദിവസം മാത്രം നടന്നത്. യാത്രപോകുന്നവരും അബൂദബിയിലേക്ക് യാത്ര ചെയ്യുന്നവരുമെല്ലാം ടെസ്റ്റിനായി എത്തുന്നതോടെ തിരക്ക് വർധിക്കുകയാണ്. എന്നാൽ, തിരക്ക് മുന്നിൽക്കണ്ട് സൗകര്യങ്ങൾ വർധിപ്പിക്കാൻ അധികൃതർ ശ്രമിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.