പുതുവർഷം; പുതുപാഠങ്ങൾ
text_fieldsഅൽഐൻ: യു.എ.ഇയിലെ വിദ്യാലയങ്ങൾ മൂന്നാഴ്ചത്തെ ശൈത്യകാല അവധിക്ക് ശേഷം തിങ്കളാഴ്ച തുറക്കും. ഡിസംബർ 10 മുതലാണ് അവധി ആരംഭിച്ചത്. ക്രിസ്മസ് ആഘോഷത്തിനും പുതുവർഷാഘോഷത്തിനും ശേഷം 2203ലെ ആദ്യ അധ്യയന ദിനത്തിൽ വിദ്യാർത്ഥികൾ നാളെ വിദ്യാലയങ്ങളിൽ എത്തും. ഏഷ്യൻ പാഠ്യപദ്ധതിയിലുള്ള വിദ്യാലയങ്ങളിൽ അവസാന പാദത്തിന്റെ ആരംഭമാണ് നാളെ. ഇനി വിദ്യാലയങ്ങളിൽ പരീക്ഷകളുടെയും പഠന പ്രവർത്തനങ്ങളുടെയും കാലമാണ്. സി.ബി.എസ്.ഇ 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകൾ ഫെബ്രുവരി പകുതിയോടെ ആരംഭിക്കും. ഇതേ ക്ലാസുകളിലെ പ്രായോഗിക പരീക്ഷകൾ ജനുവരി രണ്ട് മുതൽ തുടങ്ങുന്നുണ്ട് . കേരള പാഠ്യപദ്ധതി പിന്തുടരുന്ന സ്കൂളുകളിൽ മാർച്ചിലാണ് 10, 12 ക്ലാസുകളിലെ പരീക്ഷ. മറ്റു ക്ലാസുകളിലെ വാർഷിക പരീക്ഷകൾ മാർച്ച് മാസത്തിലാണ് നടക്കുക. യു.എ.ഇ പാഠ്യപദ്ധതിയുള്ള വിദ്യാലയങ്ങളിലും ഏഷ്യൻ ഇതര പാഠ്യപദ്ധതിയുള്ള വിദ്യാലയങ്ങളിലും രണ്ടാം പാദത്തിന്റെ ആരംഭമാണ് നാളെ.
കോവിഡ് നിയന്ത്രണങ്ങൾ പൂർണമായും എടുത്തു കളഞ്ഞശേഷം യു.എ.ഇയിലെ മുഴുവൻ വിദ്യാലയങ്ങളും പൂർവസ്ഥിതിയിൽ നടന്ന നാല് മാസങ്ങളാണ് കഴിഞ്ഞ പാദത്തിൽ കഴിഞ്ഞുപോയത്. പഠനത്തോടൊപ്പം കലാകായിക മത്സരങ്ങളും വിനോദയാത്രകളും പഠനയാത്രകളും കഴിഞ്ഞ ശേഷമാണ് വിദ്യാലയങ്ങൾ അവധിക്കായി അടച്ചത്. ഇനി ഏഷ്യൻ പാഠ്യപദ്ധതിയിലുള്ള വിദ്യാലയങ്ങൾ വാർഷിക പരീക്ഷകൾക്ക് ശേഷവും യു.എ.ഇ പാഠ്യപദ്ധതിയിലുള്ള വിദ്യാലയങ്ങളും ഏഷ്യൻ ഇതര പാഠ്യപദ്ധതിയിലുള്ള വിദ്യാലയങ്ങളും രണ്ടാം പാദത്തിന് ശേഷവും മാർച്ച് അവസാനം വസന്തകാല അവധിക്കായി അടക്കും.
ഡിസംബർ തുടക്കത്തിൽ രാജ്യത്തിന്റെ ദേശീയ ദിനാവധി വന്നതിനാൽ വിദ്യാർത്ഥികൾക്ക് ഒരാഴ്ച മാത്രമാണ് കഴിഞ്ഞ മാസം പ്രവർത്തിദിനങ്ങളായി ഉണ്ടായിരുന്നത്. അതിനാൽ തന്നെ പല കുടുംബങ്ങളും ഈ മാസം തുടക്കത്തിൽ തന്നെ നാട്ടിലേക്ക് തിരിച്ചിരുന്നു. എല്ലാ അവധിക്കാലത്തേയും പോലെ ഉയർന്ന വിമാന നിരക്കാണ് ഈ സമയത്തും ഈടാക്കിയിരുന്നത്. അതിനാൽ തന്നെ നാട്ടിലേക്കുള്ള യാത്ര മാറ്റിവെച്ച പല കുടുംബങ്ങളുമുണ്ട്. യാത്രക്കാർ കുറവായതിനാൽ കേരളത്തിൽനിന്ന് യു.എ.ഇയിലേക്കുള്ള വിമാനനിരക്കിൽ കാര്യമായി കുറവ് വരുത്തിയത് നാട്ടിലുള്ള പ്രവാസികൾക്ക് ആശ്വാസമാണ്. ക്രിസ്മസിനു ശേഷം കേരളത്തിൽ നിന്നും യു.എ.യിലേക്കുള്ള വിമാനയാത്ര നിരക്കിൽ കാര്യമായ കുറവ് വിമാന കമ്പനികൾ വരുത്തിയിട്ടുണ്ട്. 1500 ദിർഹമയി ഉയർത്തിയിരുന്ന വിമാന ടിക്കറ്റുകൾക്ക് ഡിസംബർ അവസാനം 600 ദിർഹം മുതൽ ടിക്കറ്റിലെ ലഭ്യമായിരുന്നു. ജനുവരി ആദ്യത്തിലും വിമാനയാത്ര നിരക്ക് ഇനിയും കുറയാനാണ് സാധ്യതയെന്നാണ് ട്രാവൽ ഏജൻസികൾ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.