സ്കൂൾ തുറന്നു; മാസ്കണിഞ്ഞ് കുട്ടികളെത്തി
text_fieldsദുബൈ: പഴയ സ്കൂൾ കാലത്തിലേക്കുള്ള തിരിച്ചുപോക്കിെൻറ സൂചനകൾ നൽകി യു.എ.ഇയിൽ സ്കൂളുകൾ തുറന്നു.
കഴിഞ്ഞ അധ്യയനവർഷത്തെ അപേക്ഷിച്ച് കൂടുതൽ കുട്ടികൾ ക്ലാസ് മുറികളിലേക്ക് നേരിട്ടെത്തിയതോടെ ചെറിയരീതിയിൽ പ്രവേശനോത്സവം നടത്തിയാണ് കുട്ടികളെ അധ്യാപകരും സ്കൂൾ ജീവനക്കാരും സ്വീകരിച്ചത്. മാസ്ക് ധരിച്ചെത്തിയ കുട്ടികൾക്ക് 1.5 മീറ്റർ അകലത്തിലാണ് സീറ്റൊരുക്കിയിരുന്നത്. നാളുകൾക്ക് ശേഷം തമ്മിൽകാണുന്ന കുട്ടികൾ കൂട്ടംചേരുന്നത് ഒഴിവാക്കാൻ ആദ്യദിനം മുതൽക്കെ അധ്യാപകർ നന്നേ പാടുപെട്ടു. അടുത്ത ദിവസങ്ങളിൽ കൂടുതൽ കുട്ടികൾ ക്ലാസ് മുറികളിലേക്കെത്തുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ. ദുബൈയിൽ അടുത്ത മാസം ആദ്യം മുതൽ ക്ലാസ് മുറി പഠനം മാത്രമായിരിക്കും ആശ്രയം.
അതേസമയം, ചില സ്കൂളുകൾ തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണ് തുറക്കുന്നത്. അറബിക് കരിക്കുലം ഉൾപ്പെടെയുള്ള സ്കൂളുകളിൽ പുതിയ അധ്യയനവർഷമാണ് തുടങ്ങിയത്.
മലയാളി കുട്ടികൾ ഏറെയുള്ള ഏഷ്യൻ കരിക്കുലം സ്കൂളുകളിൽ രണ്ടാം ടേമാണിത്.അബൂദബിയിലും അജ്മാനിലും ഷാർജയിലും കോവിഡ് പരിശോധനക്ക് ശേഷമാണ് കുട്ടികൾ ക്ലാസിലെത്തിയത്. 96 മണിക്കൂറിനുള്ളിലെടുത്ത പി.സി.ആർ പരിശോധനഫലം ഹാജരാക്കണമെന്ന് നിബന്ധനയുള്ളതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ പരിശോധന കേന്ദ്രങ്ങളിൽ വൻതിരക്കായിരുന്നു. ചില കുട്ടികളുടെ പരിശോധനഫലം ഇന്നലെ ലഭിച്ചിരുന്നില്ല. ഇവർ ഇന്ന് മുതലേ ക്ലാസുകളിൽ എത്തൂ. അധികൃതരുടെ നിർദേശപ്രകാരം സ്കൂളിനോട് ചേർന്ന് ഐസൊലേഷൻ റൂമുകളും തയാറാക്കിയിട്ടുണ്ട്. സ്കൂളുകളുടെ പ്രവേശന കവാടത്തിൽ താപനില പരിശോധിക്കാൻ സൗകര്യം ഏർപ്പെടുത്തിയിരുന്നു. അബൂദബിയിലെയും അജ്മാനിലെയും കുട്ടികൾ 14 ദിവസത്തിന് ശേഷം വീണ്ടും കോവിഡ് പരിശോധന നടത്തേണ്ടിവരും. 28ാം ദിവസം അടുത്ത പരിശോധനയും നടത്തണം. അടുത്തമാസം മുതൽ 12 വയസ്സിന് മുകളിലുള്ള വാക്സിനെടുക്കാത്ത കുട്ടികൾ ഓരോ ആഴ്ചയും പരിശോധന നടത്തണം. വാക്സിനെടുത്തവർ മാസത്തിൽ ഒരുതവണ ടെസ്റ്റ് ചെയ്യണം. 12 വയസ്സിൽ താഴെയുള്ളവർ വാക്സിനെടുത്താലും ഇല്ലെങ്കിലും ഓരോ മാസവും പരിശോധന നടത്തണം.
നഴ്സറി, ഡേ കെയർ സെൻറർ, സ്വകാര്യ സ്കൂൾ, സർക്കാർ സ്കൂൾ, ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങൾ, പരിശീലന കേന്ദ്രങ്ങൾ, ഇൻസ്റ്റിറ്റ്യൂട്ടുകൾ എന്നിവക്ക് ഇത് ബാധകമാണ്. ദുബൈ വിദ്യാഭ്യാസ അതോറിറ്റിയുടെ കീഴിൽ വരുന്ന സ്കൂളുകളിലെ കുട്ടികൾക്ക് കോവിഡ് പരിശോധന നിർബന്ധമില്ല.
ഷാർജയിലും കോവിഡ് പരിശോധനക്ക് ശേഷമാണ് കുട്ടികൾ എത്തിയത്. 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പരിശോധന വേണ്ട.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.