സ്കൂൾ യാത്ര: കുട്ടികളുടെ ആരോഗ്യം ശ്രദ്ധിക്കണം
text_fieldsദുബൈ: യു.എ.ഇയിൽ വേനലവധിക്കുശേഷം സ്കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ കുട്ടികളുടെ ആരോഗ്യ സുരക്ഷയുമായി ബന്ധപ്പെട്ട് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് ആരോഗ്യ, മുൻകരുതൽ മന്ത്രാലയം.
കുട്ടികളുടെ സ്കൂൾ യാത്ര സുഗമമാക്കുന്നതിന് കൃത്യമായ ആസൂത്രണവും മുൻഗണനയും നൽകണമെന്ന് മന്ത്രാലയം നിർദേശിച്ചു. കുട്ടികൾക്ക് സ്കൂളിലേക്ക് ആവശ്യമായ സാധനങ്ങൾ മുൻകൂറായി വാങ്ങുന്നതാണ് നല്ലത്. കുട്ടികൾക്ക് പഠിക്കാനും ഉറങ്ങാനും കളിക്കാനും കഴിയുന്ന രീതിയിൽ ദൈനംദിന ഷെഡ്യൂൾ നിർമിക്കണം. വീട്ടിൽ സൗകര്യപ്രദമായ പഠന ഇടം സൃഷ്ടിക്കണം.
അതോടൊപ്പം വരുന്ന അക്കാദമിക വർഷത്തിലേക്ക് കുട്ടികൾക്ക് ആവശ്യങ്ങൾ, പുതിയ വിവരങ്ങൾ ഇതെല്ലാം അധ്യാപകരിൽനിന്ന് രക്ഷിതാക്കൾ ചോദിച്ച് മനസ്സിലാക്കണം. പുതിയ അധ്യയന വർഷത്തെ കുറിച്ച് കുട്ടികളുമായി സംവദിക്കാൻ ശ്രമിക്കണം. അവരോട് അതേക്കുറിച്ച് ചോദിച്ച് അഭിപ്രായങ്ങൾ തേടണം.
അമിതമായ ചെലവ് നിയന്ത്രിക്കുന്നതിന് സ്കൂൾ ബജറ്റ് ആസൂത്രണം ചെയ്യണം. പഠനത്തെയും ഉറക്കിനെയും ബാധിക്കാത്ത രീതിയിലുള്ള പഠനേതര പ്രവർത്തനങ്ങൾ തിരഞ്ഞെടുക്കണം.
ലഞ്ച് ബോക്സ് പ്രധാനം
കുട്ടികളുടെ ലഞ്ച് ബോക്സ് ആരോഗ്യകരമാണെന്ന് രക്ഷിതാക്കൾ ഉറപ്പുവരുത്തണം. പോഷകസമൃദ്ധമായ ഭക്ഷണം തിരഞ്ഞെടുക്കുന്നതിലൂടെ കുട്ടികളുടെ ആരോഗ്യത്തെയും വികസനത്തെയും കാര്യക്ഷമമായ രീതിയിൽ പിന്തുണക്കാൻ കഴിയും. ശുദ്ധമായ പഴങ്ങളും പച്ചക്കറികളും ലഞ്ച് ബോക്സിൽ ഉൾപ്പെടുത്താൻ ശ്രമിക്കണം.
ഗോതമ്പ് കൊണ്ട് നിർമിച്ച ബ്രഡ്, ചോറ്, ധാന്യങ്ങൾ അടങ്ങിയ പാസ്ത എന്നിവയോടൊപ്പം ശുദ്ധമായ കുടിവെള്ളവും വളരെ പ്രധാനമാണ്. മധുരം നിറഞ്ഞ ലഘുഭക്ഷണം, ഫാസ്റ്റ് ഫുഡ് എന്നിവ കഴിവതും ഒഴിവാക്കണം. ഫ്രഷ്നസ് നിലനിർത്താനും മാലിന്യം കുറക്കാനുമായി ആവശ്യമായത് മാത്രം വാങ്ങാൻ ശ്രമിക്കണം.
പ്രതിരോധ വാക്സിൻ
പകർച്ചവ്യാധികളിൽനിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിൽ പ്രതിരോധ വാക്സിനുകൾ പ്രധാനമാണ്. 2024-25ലേക്കുള്ള പുതിയ ഫ്ലു വാക്സിൻ പുറത്തിറങ്ങിയതായി ഡോക്ടർമാർ ഓർമപ്പെടുത്തി. ഇൻഫ്ലുവൻസ എ, ബി എന്നിവക്കെതിരെ പ്രതിരോധം തീർക്കാൻ കുട്ടികൾക്ക് വാക്സിൻ എടുത്തെന്ന് രക്ഷിതാക്കൾ ഉറപ്പുവരുത്തണം. അതോടൊപ്പം കുട്ടികൾ ശുചിത്വം പാലിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.