അവർ കാത്തിരിക്കുന്നു; സ്കൂൾ ബെല്ലിെൻറ മുഴക്കത്തിനായി
text_fieldsഅൽഐൻ: കോവിഡ് രോഗവ്യാപനം തടയാൻ ഏർപ്പെടുത്തിയ നിബന്ധനകൾ ഒന്നൊന്നായി പിൻവലിക്കുകയും സാമൂഹിക ജീവിതം സാധാരണ നിലയിലേക്ക് മാറുകയും ചെയ്യുന്ന മുറക്ക് സ്കൂളുകളിലെ അധ്യയനവും പഴയ രീതിയിലാകുമെന്ന പ്രതീക്ഷയോടെ സ്കൂൾ സമൂഹം. കുട്ടികൾക്ക് രോഗം വരാനും പടരാനും സാധ്യത കൂടുതലായതിനാലാണ് അടിയന്തര പ്രാധാന്യത്തോടെ സ്കൂളുകൾ അടച്ചിട്ടത്. കോവിഡ് പ്രതിസന്ധിയെ തുടർന്ന് നിലവിൽ ഒാൺലൈൻ പഠന രീതിയാണ് സ്കൂളുകളിലെല്ലാം അനുവർത്തിക്കുന്നത്. എന്നാലിത് അധ്യാപകർക്കും വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും വേണ്ടത്ര സംതൃപ്തി നൽകുന്നില്ല എന്നാണ് വലിയൊരു വിഭാഗത്തിെൻറ വിലയിരുത്തൽ. സാധാരണ എട്ട് മണിക്കൂർ ജോലിചെയ്യുന്ന അധ്യാപകർ പന്ത്രണ്ട് മുതൽ പതിനെട്ട് മണിക്കൂർ വരെയാണ് കോവിഡ് കാലത്ത് ഇ--ലേണിങ്ങിനും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി ചെലവഴിക്കുന്നത്. അഞ്ചും ആറും മണിക്കൂർ ഓൺലൈൻ ക്ലാസ് എടുക്കുന്ന അധ്യാപകർ അടുത്ത ദിവസത്തിന് വേണ്ട നോട്ടുകൾ, ആസൂത്രണം, ഹോം വർക്ക് ഷീറ്റുകൾ എന്നിവക്കെല്ലാമായി വീണ്ടും അത്ര തന്നെ നേരം ലാപ്ടോപ്പുകൾക്ക് മുന്നിലാണ്.
രക്ഷിതാക്കളുടെയും വിദ്യാർഥികളുടെയും സംശയങ്ങളും പരാതികളും ദൂരീകരിക്കാൻ സദാസമയം മൊബൈൽ ഫോണിലും ലഭ്യമാവണം. കൂടാതെ വിവിധ വിദ്യാഭ്യാസ വകുപ്പുകളുടെ ഓൺലൈൻ പഠനനിലവാര പരിശോധനക്കുള്ള റിപ്പോർട്ടുകളും തയാർ ചെയ്യണം. അതിനിടയിൽ സ്കൂളുകൾ സംഘടിപ്പിക്കുന്ന ഓൺലൈൻ പരിശീലനങ്ങൾക്കും സമയം കണ്ടെത്തണം. 24 മണിക്കൂറും വീട്ടിലുണ്ടെങ്കിലും മക്കെള ശ്രദ്ധിക്കാനോ വീട്ടുകാര്യങ്ങൾ ചെയ്യാനോ ഇവർക്ക് നേരാവണ്ണം സാധിക്കുന്നില്ല. ഉറക്കം നഷ്ടപ്പെട്ടും മാനസിക സമ്മർദത്തിനടിപ്പെട്ടും, സന്നദ്ധ സംഘടന ഏർപ്പെടുത്തിയ കോവിഡ് ഹെൽപ്ലൈനിൽ വിളിച്ച് കൗൺസലിങ് തേടുകയാണ് താനിപ്പോഴെന്ന് പേരുവെളിപ്പെടുത്തരുതെന്ന നിബന്ധനയോടെ ഒരു അധ്യാപിക തുറന്നു പറയുന്നു.ഇതെല്ലാം ചെയ്യുന്നതിനിടയിലും ചില സ്വകാര്യ സ്കൂളുകൾ, പൊതുവേ കുറഞ്ഞ ശമ്പളത്തിൽ ജോലിചെയ്യുന്ന ജീവനക്കാരുടെ ശമ്പളം പകുതിയായിവരെ കുറച്ചത് കുടുംബമായി ജീവിക്കുന്നവരെ പ്രതികൂലമായി ബാധിക്കുന്നു. ചില സ്കൂളുകൾ ക്ലാസുകൾ ക്ലബ് ചെയ്ത് രണ്ട് ഡിവിഷനുകളിലെ കുട്ടികളുടെ ചുമതല ഒരു അധ്യാപികക്ക് നൽകുകയും മറ്റൊരധ്യാപികയെ നിർബന്ധിത അവധിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരിക്കുന്നു.
ഭർത്താവിനു ജോലിയും ശമ്പളവും ഉള്ളതിനാൽ കുറഞ്ഞ ശമ്പളമാണെങ്കിലും മാന്യമായ ജോലി എന്നതിനാൽ അധ്യാപക ജോലി ഏറ്റെടുത്തവരാണ് പകുതിയിലേറെ പേരും. കോവിഡ് പ്രതിസന്ധിയെ തുടർന്ന് ഭർത്താവിെൻറ ജോലി നഷ്ടപ്പെട്ടതു മൂലം പ്രതിസന്ധിയിലായവരും നിരവധി. എന്നാൽ, പ്രയാസങ്ങൾക്കിടയിലും അധ്യാപകരുടെ ശമ്പളം പൂർണമായി നൽകിയ സ്കൂളുകളും യു.എ.ഇയിലുണ്ട്. മുന്നിലിരിക്കുന്ന കുഞ്ഞുങ്ങളെ മുഖത്തുനോക്കി പഠിപ്പിക്കുേമ്പാഴുള്ള മാനസിക സംതൃപ്തി ഇ--ലേണിങ്ങിൽ കിട്ടുന്നില്ല എന്ന് അധ്യാപകർ പറയുന്നു. സാങ്കേതിക തകരാറുകൾ കാരണം പലപ്പോഴും ക്ലാസുകൾ മുറിയുന്നതും പ്രയാസം സൃഷ്ടിക്കുന്നു. കുട്ടികൾക്ക് കളിച്ചും പങ്കുവെച്ചുമുള്ള പഠനത്തിനും സാമൂഹിക തിരിച്ചറിവുകൾക്കുമുള്ള അവസരം നഷ്ടപ്പെടുത്തുന്നു എന്നതാണ് മറ്റൊരുപ്രശ്നം. ലോക്ഡൗൺ മാറി മാതാപിതാക്കളുടെ ഒാഫിസും ജോലിയും പുനരാരംഭിക്കുന്നതോടെ പല കുട്ടികളുടെയും ഒാൺലൈൻ പഠനം താളം തെറ്റും. ചെറിയ കുട്ടികളോടൊപ്പം രക്ഷിതാക്കൾ ഓൺലൈൻ ക്ലാസുകളിൽ ഇരിക്കേണ്ട അവസ്ഥയുണ്ട്.
മാതാവും പിതാവും ഒരേ സമയം ജോലിക്ക് പോകുന്നവരാണെങ്കിൽ കുട്ടികൾക്ക് ക്ലാസുകൾ നഷ്ടമാകും. കൂടുതൽ കുട്ടികൾ വിദ്യാർഥികളായുള്ള വീടുകളിൽ എല്ലാവർക്കും ഇ -ലേണിങ് സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുകയും അതിന് പ്രാപ്തരാക്കുകയും ചെയ്യുക എന്നത് രക്ഷിതാക്കൾക്ക് ശ്രമകരമായ ജോലി തന്നെ. മിക്ക സ്കൂളുകളിലും ബസ് ഡ്രൈവർമാർ, ആയമാർ, ശുചീകരണ- സെക്യൂരിറ്റി ജീവനക്കാർ എന്നിങ്ങനെ വലിയൊരു വിഭാഗം ആളുകൾ നിലവിൽ ജോലിയും ശമ്പളവുമില്ലാത്ത അവസ്ഥയിലുമാണ്. മധ്യവേനൽ അവധി കഴിഞ്ഞ് സെപ്റ്റംബറിൽ ഏഷ്യൻ സ്കൂളുകളിൽ രണ്ടാം പാദം ആരംഭിക്കുകയും ഇതര സ്കൂളുകളുടെ പുതിയ അധ്യയന വർഷം ആരംഭിക്കുകയും ചെയ്യുമ്പോൾ, കോവിഡ് ഭീതിയിൽ നിന്ന് മുക്തമായി സ്കൂളുകൾ സാധാരണ രീതിയിൽ തുറന്നു പ്രവർത്തിക്കാൻ സാധിക്കണേ എന്ന പ്രാർഥനയിലാണിവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.