ദുബൈയിലെ സ്കൂളുകൾക്ക് ബിരുദദാന ചടങ്ങ് നടത്താം
text_fieldsദുബൈ: ദുബൈയിലെ സ്വകാര്യ സ്കൂളുകൾക്ക് ബിരുദദാന ചടങ്ങുകൾ നടത്താൻ അനുമതി. ദുബൈയിലെ വിദ്യാഭ്യാസ വകുപ്പായ നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെൻറ് അതോറിറ്റിയാണ് (കെ.എച്ച്.ഡി.എ) ഇക്കാര്യം അറിയിച്ചത്.ഹൈസ്കൂൾ പഠനം പൂർത്തിയാക്കിയവരുടെ ചടങ്ങുകൾക്കാണ് അനുമതി. സ്കൂളുകളുടെ പ്രവർത്തനം സജീവമാകുന്നതിെൻറ സൂചനയാണിത്.
സുരക്ഷിതമായി ചടങ്ങുകൾ നടത്താമെന്ന് ഉറപ്പുള്ള സ്കൂളുകൾക്ക് മാത്രമാണ് അനുമതി നൽകുന്നത്. സ്കൂൾ കാമ്പസിനുള്ളിലോ പുറത്തെ വേദികളിലോ പരിപാടികൾ സംഘടിപ്പിക്കാം. കഴിഞ്ഞ വർഷം സ്കൂളുകളിലെ ബിരുദദാന ചടങ്ങുകൾ വെർച്വൽ പ്ലാറ്റ്ഫോമിലായിരുന്നു. ആഘോഷ പരിപാടികളിൽ, വാക്സിനെടുത്തവർക്ക് മാത്രമേ അനുമതി നൽകൂവെന്ന് അധികൃതർ അറിയിച്ചിരുന്നു. ബിരുദദാന ചടങ്ങുകൾക്കും ഈ നിബന്ധന ബാധകമാകുമെന്നാണ് കരുതുന്നത്.
യു.എ.ഇയിലെ സ്കൂളുകളിൽ ഭൂരിപക്ഷവും ക്ലാസ് മുറികളിലെ പഠനം തുടങ്ങിയിട്ടുണ്ട്. എന്നാൽ, പലയിടത്തും കുട്ടികൾ കുറവാണ്. രക്ഷിതാക്കൾ ഓൺലൈൻ പഠനമാണ് കൂടുതലും തിരഞ്ഞെടുത്തത്. ഇത് മറികടക്കാൻ വാക്സിൻ കാമ്പയിൻ നടത്താനുള്ള ഒരുക്കത്തിലാണ് സ്കൂളുകൾ. 12 വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് ഫൈസർ ബയോടെക് വാക്സിൻ നൽകാൻ അനുമതി ലഭിച്ചതോടെയാണ് വാക്സിനേഷൻ ഡ്രൈവ് സജീവമാക്കിയത്. ചില സ്കൂളുകൾ ഇതിനായി ഹോട്ടലുകൾ ബുക്ക് ചെയ്തു.
ആരോഗ്യ കേന്ദ്രങ്ങളുമായി സഹകരിച്ച് വാക്സിനേഷൻ നടപ്പാക്കാൻ ശ്രമിക്കുന്ന സ്കൂളുകളുമുണ്ട്. വിദ്യാർഥികൾക്കും ജീവനക്കാർക്കും പൂർണമായും വാക്സിൻ നൽകിയ ശേഷം സ്കൂളുകൾ 100 ശതമാനം ശേഷിയോടെ തുറന്നു പ്രവർത്തിപ്പിക്കാമെന്ന വിശ്വാസത്തിലാണ് മാനേജ്മെൻറുകൾ. വാക്സിനെടുക്കുന്നതോടെ കുട്ടികളെ സ്കൂളിലേക്കയക്കാൻ രക്ഷിതാക്കൾക്ക് ആത്മവിശ്വാസം വർധിക്കുമെന്ന് മാനേജ്മെൻറ് പ്രതീക്ഷിക്കുന്നു. ചില സ്കൂളുകൾ വാക്സിനേഷനെ കുറിച്ച് രക്ഷിതാക്കളെ ബോധവത്കരിക്കാൻ പദ്ധതികൾ ആവിഷ്കരിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.