അവധിയിലേക്ക് പ്രവേശിച്ച് യു.എ.ഇയിലെ വിദ്യാലയങ്ങൾ
text_fieldsഅൽഐൻ: യു.എ.ഇയിലെ വിദ്യാലയങ്ങളിൽ ഇനി അവധിക്കാലം. ജൂൺ 27 മുതൽ ബലിപെരുന്നാൾ അവധിയും തുടർന്ന് ജൂലൈ മൂന്നു മുതൽ വിദ്യാലയങ്ങളിൽ വേനലവധിയും ആരംഭിക്കും. ജൂലൈ മൂന്നു മുതൽ ആഗസ്റ്റ് 27 വരെയാണ് വിദ്യാലയങ്ങളിൽ മധ്യവേനലവധി. ആഗസ്റ്റ് 28ന് തുറക്കും. വിദ്യാർഥികൾക്കും അധ്യാപർക്കും ഇതര ജീവനക്കാർക്കും 60 ദിവസത്തോളം അവധി ലഭിക്കും.
എന്നാൽ, ജീവനക്കാർ സ്കൂൾ തുറക്കുന്നതിന് ഒരാഴ്ചമുമ്പ് ജോലിക്കെത്തണം.ഏഷ്യൻ പാഠ്യപദ്ധതി പ്രകാരമുള്ള വിദ്യാലയങ്ങളിൽ ഒന്നാം പാദത്തിന്റെ അവസാനവും യു.എ.ഇ പാഠ്യപദ്ധതിക്ക് കീഴിലുള്ള വിദ്യാലയങ്ങളിലും സെപ്റ്റംബറിൽ അധ്യയന വർഷം ആരംഭിക്കുന്ന വിദ്യാലയങ്ങളിലും അധ്യയനവർഷത്തിന്റെ അവസാനവുമാണ് ഇന്ന്. സെപ്റ്റംബറിൽ അധ്യയനവർഷം ആരംഭിക്കുന്ന വിദ്യാലയങ്ങളിൽ വാർഷികപരീക്ഷ കഴിഞ്ഞ് ഏതാനും ദിവസങ്ങൾക്കു മുമ്പുതന്നെ അവധി ആരംഭിച്ചിരുന്നു. അതിനാൽതന്നെ ജൂൺ പകുതി മുതൽ വിമാന യാത്രാനിരക്ക് കുത്തനെ ഉയർന്നിരിക്കുകയാണ്.
2000 ദിർഹം മുതൽ 3000 ദിർഹം വരെയാണ് ഈ ആഴ്ച വിമാനക്കമ്പനികൾ കേരളത്തിലേക്ക് ഈടാക്കുന്നത്. ഉയർന്ന വിമാനനിരക്ക് കാരണം പല കുടുംബങ്ങളും യാത്ര മാറ്റിവെച്ചിരിക്കുകയാണ്. ഉയർന്ന ടിക്കറ്റ് നിരക്ക് കാരണം പലരും ബലിപെരുന്നാൾ ദിനത്തിലും അതിനുശേഷമുള്ള ദിവസങ്ങളിലും യാത്ര ചെയ്യാനാണ് പദ്ധതിയിടുന്നത്. കേരളത്തിൽ ജൂൺ 29ന് ബലിപെരുന്നാളായതും അനുഗ്രഹമായിരിക്കുകയാണ്. ഉയർന്ന വിമാനനിരക്കിൽനിന്ന് രക്ഷനേടാൻ പലരും വിവിധ വിമാനത്താവളങ്ങൾവഴിയുള്ള കണക്ഷൻ ടിക്കറ്റുകൾ എടുത്താണ് യാത്ര ചെയ്യുന്നത്. ഇത് ഏറെ സമയനഷ്ടത്തിന് ഇടയാക്കും.അവധിക്കാലത്ത് യാത്രക്കാർ വർധിക്കുന്നതിനാൽ വിമാനത്താവളങ്ങളിൽ വലിയ തിരക്ക് അനുഭവപ്പെടുന്നുണ്ട്. യാത്രക്കാർ നേരത്തെ വിമാനത്താവളങ്ങളിൽ എത്തിച്ചേരണമെന്നാണ് വിമാനക്കമ്പനികളും വിമാനത്താവള അധികൃതരും മുന്നറിയിപ്പ് നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.