സ്കൂളുകൾ തുറക്കുന്നു; ശ്രദ്ധ വേണം
text_fieldsഅബൂദബി: പുതിയ അധ്യയന വര്‍ഷം തുടങ്ങുന്ന സാഹചര്യത്തിൽ സ്കൂള്‍ പരിസരങ്ങളില്‍ അടക്കം വാഹനയാത്രികര്‍ വേണ്ടത്ര ശ്രദ്ധ പുലര്‍ത്തിയില്ലെങ്കില്‍ 1000 ദിര്‍ഹം പിഴയും ലൈസന്‍സില്‍ 10 ബ്ലാക്ക് പോയന്റും ചുമത്തുമെന്ന് അബൂദബി ട്രാഫിക് ആന്‍ഡ് പട്രോള്‍സ് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നല്കി.
സ്കൂള്‍ വിദ്യാര്‍ഥികള്‍ റോഡ് മുറിച്ചുകടക്കുമ്പോള്‍ ഇതര വാഹനങ്ങള്‍ അഞ്ചു മീറ്ററില്‍ കുറയാത്ത അകലവും പാലിക്കണം.
സ്കൂള്‍ വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും റോഡ് സുരക്ഷ വര്‍ധിപ്പിക്കുന്നതിനുമായി വിവിധ വകുപ്പുകളുമായി സഹകരിച്ച് നിരവധി മുന്‍കരുതലുകളാണ് വകുപ്പ് സ്വീകരിച്ചുവരുന്നത്. ഇതിന്റെ ഭാഗമായി എല്ലാ റോഡുകളിലെയും കവലകളില്‍ അടക്കം ട്രാഫിക് പട്രോളിങ് ശക്തമാക്കുമെന്ന് ട്രാഫിക് ആന്‍ഡ് പട്രോള്‍സ് ഡയറക്ടറേറ്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ മഹ്മൂദ് യൂസുഫ് അല്‍ ബലൂഷി പറഞ്ഞു.
സ്കൂള്‍ ബസുകളുടെ പ്രയാണം സുഗമമാക്കുക, കാല്‍നടക്കാരുടെ റോഡ് മുറിച്ചുകടക്കല്‍ അപകടരഹിതമാക്കുക, സ്കൂള്‍ പരിസരങ്ങളില്‍ വാഹനമിറങ്ങുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പട്രോളിങ്. നിര്‍ദിഷ്ട ഇടങ്ങളില്‍ മാത്രമായിരിക്കണം സ്കൂള്‍ ബസുകള്‍ നിര്‍ത്തേണ്ടത്. കുട്ടികളെ സുരക്ഷിതമായി വാഹനങ്ങളില്‍ കയറ്റാനും ഇറക്കാനും യാത്രയൊരുക്കാനും ബസ് ഡ്രൈവര്‍മാര്‍ ശ്രദ്ധിക്കണം.
ബസ് അമിതവേഗത്തില്‍ ഓടിക്കരുത്, മൂടല്‍മഞ്ഞുള്ള സമയങ്ങളില്‍ പതിയെ വാഹനമോടിക്കണം, ഇതര വാഹനങ്ങളില്‍നിന്ന് മതിയായ അകലം പാലിക്കണം, കുട്ടികളെ വാഹനത്തില്‍ കയറ്റുമ്പോഴും ഇറക്കുമ്പോഴും സ്റ്റോപ് അടയാളം പ്രദര്‍ശിപ്പിച്ചിരിക്കണം, 10 വയസ്സില്‍ താഴെ പ്രായമുള്ള വിദ്യാര്‍ഥികളെ മുൻസീറ്റില്‍ ഇരിക്കാന്‍ അനുവദിക്കരുത് തുടങ്ങിയ നിര്‍ദേശങ്ങളും ഡ്രൈവര്‍മാര്‍ക്ക് കൈമാറി.
കുട്ടികളെ റോഡ് സുരക്ഷിതമായി മുറിച്ചുകടക്കാന്‍ മാതാപിതാക്കള്‍ സഹായിക്കണം. എങ്ങനെ സുരക്ഷിതമായി സ്കൂള്‍ ബസില്‍ കയറാമെന്നും ഇറങ്ങാമെന്നും കുട്ടികള്‍ക്ക് നിര്‍ദേശം നല്‍കണം.
ബസ് കാത്തുനില്ക്കുമ്പോള് തെരുവുകളില്‍ കളിക്കുന്നതില്‍നിന്ന് അവരെ വിലക്കണം. സ്കൂള്‍ ബസുകളില്‍ സ്റ്റോപ് ചിഹ്നം പ്രദര്‍ശിപ്പിക്കുന്ന സമയത്ത് പിന്നില്‍നിന്ന് വരുന്ന വാഹനങ്ങള്‍ അഞ്ചു മീറ്റര്‍ അകലെ നിര്‍ത്തണം. ലംഘിച്ചാല്‍ 1000 ദിര്‍ഹം പിഴയും 10 ബ്ലാക്ക് പോയന്റും ചുമത്തപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.