ദുബൈയിൽ സ്കൂളുകൾ 28ന് തുറക്കും; അക്കാദമിക് കലണ്ടറും അധികൃതർ പുറത്തിറക്കി
text_fieldsദുബൈ: എമിറേറ്റിലെ സ്വകാര്യ സ്കൂളുകൾ 2023-24 അക്കാദമിക് വർഷത്തിനായി ആഗസ്റ്റ് 28ന് തിങ്കളാഴ്ച തുറക്കും. ദുബൈ സ്വകാര്യ സ്കൂൾ സംവിധാനങ്ങളെ നിയന്ത്രിക്കുന്ന നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി(കെ.എച്ച്.ഡി.എ)യാണ് ഇക്കാര്യം അറിയിച്ചത്. ഇതോടൊപ്പം സ്കൂളുകൾ നടപ്പിലാക്കേണ്ട വാർഷിക കലണ്ടറും അധികൃതർ പുറത്തുവിട്ടിട്ടുണ്ട്. എന്നാൽ ഏപ്രിലിൽ ആരംഭിക്കുന്ന സ്കൂളുകൾക്കും സെപ്റ്റംബറിൽ ആരംഭിക്കുന്നവക്കും ഇക്കാര്യത്തിൽ ചെറിയ വ്യത്യാസമുണ്ടായിരിക്കും.
പുതിയ കലണ്ടർപ്രകാരം ശൈത്യകാല അവധി ആരംഭിക്കുന്നത് ഡിസംബർ ഒമ്പതിനാണ്. അവധികഴിഞ്ഞ് ജനുവരി രണ്ടിന് സ്കൂളുകൾ വീണ്ടും തുറക്കും. വസന്തകാല അവധി മാർച്ച് 25നാണ് ആരംഭിക്കുന്നത്. ഏപ്രിൽ 15ന് അവധി കഴിഞ്ഞ് വീണ്ടും സ്കൂളുകൾ തുറക്കും. ജൂൺ 28ഓടെയാണ് അക്കാദമിക് വർഷം അവസാനിക്കുക.
ഏപ്രിലിൽ അക്കാദമിക് ഇയർ തുടങ്ങുന്ന സ്കൂളുകളിൽ വേനലവധി കഴിഞ്ഞുള്ള സ്കൂൾ പുനരാരംഭം ആഗസ്റ്റ് 28നുതന്നെയാണ്. ശൈത്യകാല അവധിയും മറ്റു സ്കൂളുകൾക്ക് സമാനമാണ്. എന്നാൽ അക്കാദമിക് വർഷത്തിന്റെ അവസാനം മാർച്ചിലായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.