ഗസ്സയിലേക്ക് സഹായത്തിന് സമുദ്ര ഇടനാഴി; യു.എ.ഇയും പങ്കാളിയാകും
text_fieldsഗസ്സയിലേക്ക് നേരിട്ട് സഹായമെത്തിക്കാനാണ് പദ്ധതി
ദുബൈ: യുദ്ധക്കെടുതിയിൽ വലയുന്ന ഗസ്സ കടുത്ത പട്ടിണിയിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ വൻശക്തി രാജ്യങ്ങളുടെ നേതൃത്വത്തിൽ സഹായമെത്തിക്കാനായി സജ്ജീകരിക്കുന്ന സമുദ്ര ഇടനാഴി പദ്ധതിയിൽ യു.എ.ഇയും പങ്കാളിയാകും. യൂറോപ്യൻ യൂനിയൻ, യു.കെ, യു.എസ് തുടങ്ങിയവയുടെ നേതൃത്വത്തിലാണ് ഗസ്സയിലേക്ക് നേരിട്ട് സഹായമെത്തിക്കാൻ സമുദ്ര ഇടനാഴി തുറക്കുന്നത്. പദ്ധതിയുടെ പരീക്ഷണാർഥം വെള്ളിയാഴ്ച ഒരു സഹായക്കപ്പൽ പുറപ്പെട്ടതായി മുതിർന്ന യൂറോപ്യൻ യൂനിയൻ വക്താവ് സൈപ്രസിൽ വെളിപ്പെടുത്തി.തടസ്സങ്ങളില്ലെങ്കിൽ അടുത്ത ദിവസങ്ങളിൽ സഹായക്കപ്പലുകൾ എത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. സൈപ്രസ് സമുദ്ര ഇടനാഴി എന്ന പേരിലാണ് കടൽ വഴി സഹായമെത്തിക്കാൻ സംവിധാനം ഒരുക്കിയിട്ടുള്ളത്. നേരത്തേ വ്യോമമാർഗം ഈജിപ്തിൽ എത്തിച്ച് റഫ അതിർത്തി വഴി മാത്രമാണ് ഗസ്സയിലേക്ക് സഹായവസ്തുക്കൾ എത്തിയിരുന്നത്. ഇതുവഴി സഹായം അപര്യാപ്തമാണെന്ന സാഹചര്യം പരിഗണിച്ചാണ് പുതിയ വഴി തേടിയത്. കഴിഞ്ഞ ദിവസങ്ങളിൽ വ്യോമമാർഗം എയർ ഡ്രോപ് ചെയ്ത് യു.എ.ഇ സഹായ വസ്തുക്കൾ എത്തിച്ചിരുന്നു. കൂടുതൽ സഹായം എത്തിക്കുന്നതിനാണ് സമുദ്ര ഇടനാഴി പ്രഖ്യാപിച്ചിട്ടുള്ളത്.ഇസ്രായേൽ ആക്രമണത്തിൽ ഗസ്സ നിവാസികൾക്ക് സഹായമെത്തിക്കാൻ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ പ്രഖ്യാപിച്ച ഗാലന്റ് നൈറ്റ്3 സംരംഭത്തിന്റെ ഭാഗമായി നിരവധി സംരംഭങ്ങൾ നടപ്പാക്കിയിട്ടുണ്ട്. ഡിസംബറിൽ ഗസ്സ മുനമ്പിൽ ആക്രമണത്തിൽ പരിക്കേറ്റ ഫലസ്തീനികളെ ചികിത്സിക്കുന്നതിനായി യു.എ.ഇ ഫീൽഡ് ആശുപത്രി നിർമിച്ചിരുന്നു. 150 കിടക്കകളുള്ള ആശുപത്രിയിൽ 35,00 രോഗികൾക്കാണ് ചികിത്സ ലഭ്യമാക്കിയത്.
ഭക്ഷ്യവസ്തുക്കൾ, മരുന്ന്, ഷെൽട്ടറുകൾ, സ്ത്രീകൾക്കും കുട്ടികൾക്കും അവശ്യവസ്തുക്കൾ അടങ്ങിയ സഹായവും യു.എ.ഇ ഗസ്സയിലേക്ക് അയച്ചിരുന്നു. അതോടൊപ്പം ഗസ്സ പുനരുദ്ധാരണത്തിന് 50 ലക്ഷം ഡോളറും പ്രസിഡന്റ് പ്രഖ്യാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.