സീറ്റ് ബെൽറ്റിടാത്ത 37,519 യാത്രക്കാർക്ക് പിഴ ചുമത്തി
text_fieldsദുബൈ: സീറ്റ്ബെൽറ്റ് ധരിക്കാത്ത വാഹനയാത്രക്കാർക്കെതിരെ നടപടി കർശനം. ഇൗ വർഷം ജൂലൈ വരെ 37,519 പേർക്കാണ് ദുബൈ പൊലീസ് പിഴ ചുമത്തിയത്. ജൂലൈ ഒന്നിന് പുതിയ ഫെഡറൽ ഗതാഗത നിയമങ്ങൾ നിലവിൽ വന്ന ശേഷം വീഴ്ച വരുത്തിയവരുടെ എണ്ണത്തിൽ ശ്രദ്ധേയമായ കുറവുണ്ട്. ഇൗ വർഷം ജനുവരിയിൽ 8,102 പേർക്കാണ് പിഴ ഇൗടാക്കിയത്. ബെൽറ്റ് ധരിക്കൽ എന്നത് വിട്ടുവീഴ്ച പാടില്ലാത്ത നിയമമാണെന്നും അപകടങ്ങളിൽ പരിക്കുകളുടെ അളവിൽ വലിയ കുറവു വരുത്താൻ ഇതു സഹായിക്കുമെന്നും ദുബൈ പൊലീസ് ഗതാഗത വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ സൈഫ് മുഹൈർ അൽ മസ്റൂഇ പറഞ്ഞു. മുൻപ് 200 ദിർഹമാണ് പിഴ ഇൗടാക്കിയിരുന്നത്.
പുതിയ ട്രാഫിക് ചട്ടങ്ങൾ നിലവിൽ വന്നപ്പോൾ ഇത് 400 ദിർഹം ആക്കി ഉയർത്തി. ഒപ്പം നാല് ബ്ലാക്ക് പോയൻറും ചുമത്തും. പുതിയ നിയമവും പുതുക്കിയ പിഴയും ചട്ടലംഘനം കുറക്കുമെന്ന വിശ്വാസത്തിലാണ് പൊലീസ്. ഫെബ്രുവരിയിൽ 5786, മാർച്ചിൽ5933, ഏപ്രിലിൽ 5967, മെയ് മാസത്തിൽ 6351 എന്നിങ്ങനെയാണ് പിടികൂടിയ സീറ്റ് ബെൽറ്റ് നിയമലംഘനം.എന്നാൽ പുതിയ ചട്ടം പ്രഖ്യാപിച്ചതിനു പിന്നാലെ കുറവു വന്നു തുടങ്ങി. ജൂണിൽ ഇത് 2759 ആയി. നിയമം പ്രാബല്യത്തിൽ വന്ന ജൂലൈയിൽ ഇത് 2621 ആയി കുറഞ്ഞു.
ചട്ടം കർശനമാക്കിയതിനൊപ്പം കാര്യമായ ബോധവത്കരണവും പൊലീസ് നടത്തുന്നുണ്ട്. പിൻസീറ്റിൽ യാത്ര ചെയ്യുന്നവർക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. അവർ ധരിക്കാത്ത പക്ഷം ഡ്രൈവറാണ് പിഴ നൽകേണ്ടി വരിക. ആദ്യവട്ടം വീഴ്ച വരുത്തുന്നവർക്ക് മുന്നറിയിപ്പ് നൽകുകയും ആവർത്തിച്ചാൽ പിഴ ഇൗടാക്കുകയുമാണ് ഇൗ വിഷയത്തിൽ സ്വീകരിച്ചുവരുന്ന നിലപാട്. സീറ്റ് ബെൽറ്റ് ധരിക്കാത്തത് വഴിയോരത്ത് സ്ഥാപിച്ച കാമറകളിലും പകർത്തി റിപ്പോർട്ട് െചയ്യപ്പെടും. കുട്ടികളെ മടിയിൽ ഇരുത്തി മുൻസീറ്റിൽ യാത്ര െചയ്യുന്നതിനെതിരെയും പൊലീസ് കർശന വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. കുഞ്ഞുങ്ങൾക്ക് വലിയ ദോഷം ചെയ്യുന്നതാണ് ഇത്തരം യാത്രയെന്നും അപകട സാധ്യത ഏറെയാണെന്നും ബ്രിഗേഡിയർ മസ്റൂഇ പറഞ്ഞു. അപകങ്ങളുണ്ടായാലോ പെെട്ടന്ന് ബ്രേക്കിട്ടാലോ കുഞ്ഞുങ്ങൾ ഡാഷ്ബോർഡിൽ തെറിച്ചിടിക്കാൻ ഇതു കാരണമായേക്കും. നാലു വയസിൽ താഴെയുള്ള കുഞ്ഞുങ്ങൾക്കായി കുട്ടി സീറ്റ് നിർബന്ധമാണിപ്പോൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.