ഗസ്സ കുട്ടികളുടെ രണ്ടാമത്തെ സംഘം അബൂദബിയിലെത്തി
text_fieldsഅബൂദബി: ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റ ഗസ്സയിലെ കുരുന്നുകളുടെ രണ്ടാമത്തെ സംഘം യു.എ.ഇയിലെ ആശുപത്രികളിൽ ചികിത്സക്കായി അബൂദബിയിൽ വിമാനമിറങ്ങി. ഈജിപ്തിലെ ആരിഷിൽ നിന്നാണ് വിമാനത്തിൽ പരിക്കേറ്റ കുട്ടികളെയും രക്ഷിതാക്കളെയും എത്തിച്ചത്.
ഇസ്രായേലി ആക്രമണത്തിൽ പൊള്ളലേൽക്കുകയും അസ്ഥികൾ ഒടിയുകയും ചെയ്തവരും അർബുദരോഗികളുമായ കുട്ടികളെയാണ് 15 മണിക്കൂറിൽ താഴെ മാത്രം സമയമെടുത്ത ദൗത്യത്തിലൂടെ അബൂദബിയിലെത്തിച്ചത്. കുട്ടികളും മെഡിക്കൽ വളന്റിയർമാരും വിമാനജീവനക്കാരുമടക്കം അമ്പതിലേറെ പേരാണ് വിമാനത്തിലുണ്ടായിരുന്നത്. പ്രാദേശിക സമയം 5.45ന് അൽആരിഷിൽനിന്ന് പുറപ്പെട്ട വിമാനം യു.എ.ഇ സമയം 7.45ന് അബൂദബിയിലെത്തി.
1000 കുട്ടികളെ രാജ്യത്തെത്തിച്ച് ചികിത്സിക്കുമെന്ന് യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഗുരുതരമായി പരിക്കേറ്റവരടക്കം കുട്ടികളുടെ ആദ്യ സംഘം കഴിഞ്ഞ വെള്ളിയാഴ്ച അബൂദബിയിലെത്തിയിരുന്നു.
ഈജിപ്തിൽവെച്ച് പ്രാഥമിക പരിശോധനകൾ പൂർത്തിയാക്കിയശേഷമാണ് കുട്ടികളെ അബൂദബിയിലേക്കു മാറ്റുന്നത്. യു.എ.ഇയിലെ വിവിധ ആശുപത്രികളിൽനിന്നുള്ള ഡോക്ടർമാരും നഴ്സുമാരും അടിയന്തര ആരോഗ്യസേവന ജീവനക്കാരും റഫ അതിർത്തിയിലുണ്ട്. ഇവരുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് യു.എ.ഇയിലേക്ക് എത്തിക്കേണ്ട കുട്ടികളെ നിർണയിക്കുന്നത്. 1000 അർബുദരോഗികളെ ചികിത്സിക്കുന്ന പദ്ധതിയും യു.എ.ഇ പ്രഖ്യാപിച്ചിട്ടുണ്ട്. വിമാനമാർഗം യു.എ.ഇയിൽ എത്തിക്കുന്നതിന് തടസ്സമുള്ള കുട്ടികളെയും മുതിർന്നവരെയും ചികിത്സിക്കുന്നതിന് എമിറേറ്റ്സ് റെഡ് ക്രസന്റ് റഫയിൽ ഫീൽഡ് ആശുപത്രി നിർമിക്കുന്നുണ്ട്. ഗസ്സയിൽ സഹായമെത്തിക്കുന്നതിന് യു.എ.ഇ പ്രഖ്യാപിച്ച ‘ഗാലന്റ് നൈറ്റ്-3’ ഓപറേഷന്റെ ഭാഗമായാണ് ആശുപത്രി നിർമിച്ചത്.
എമിറേറ്റ്സ് റെഡ് ക്രസന്റ്, ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ ഫൗണ്ടേഷൻ, സായിദ് ചാരിറ്റബ്ൾ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ എന്നിവയുമായി സഹകരിച്ചാണ് പ്രതിരോധ മന്ത്രാലയം നവംബർ 5ന് ‘ഗാലന്റ് നൈറ്റ്-3’ ആരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.