സുരക്ഷ: സംരംഭകരുമായി സംവദിച്ച് റാക് പൊലീസ്
text_fieldsറാസല്‍ഖൈമ: സുരക്ഷ പ്രചാരണത്തിന്റെ ഭാഗമായി എമിറേറ്റിലെ ബിസിനസ് സംരംഭകരുമായി ആശയവിനിമയം നടത്തി റാസല്‍ഖൈമ പൊലീസ്. ‘നിങ്ങളോടൊപ്പം ഞങ്ങളുടെ സമൂഹം’ എന്ന കാമ്പയിനിന്റെ ഭാഗമായാണ് ബിസിനസ് കമ്യൂണിറ്റികളെ പങ്കെടുപ്പിച്ച് ഫോറം സംഘടിപ്പിച്ചതെന്ന് റാക് പൊലീസ് മേധാവി മേജര്‍ അലി അബ്ദുല്ല അല്വാന് അല്‍ നുഐമി പറഞ്ഞു.
സമൂഹ സുരക്ഷയും ജീവിതനിലവാരം ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് റാക് പൊലീസിന്റെ നേതൃത്വത്തില്‍ പ്രചാരണം നടക്കുന്നത്. ബിസിനസ് കമ്യൂണിറ്റികളുമായുള്ള ആശയവിനിമയം അവരുടെ പ്രവര്‍ത്തന മേഖലകളില്‍ കൂടുതല്‍ ആത്മവിശ്വാസം നല്കുന്നതിനുതകും. സംരംഭകരുടെ നിർദേശങ്ങള്‍ ഭാവിപദ്ധതികളില്‍ ഉള്‍പ്പെടുത്തുമെന്നും സുരക്ഷയുമായി ബന്ധപ്പെട്ട് സംയുക്തപരിപാടികള് ആസൂത്രണം ചെയ്യുന്നത് സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചക്കും സമൂഹത്തിന്റെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനും സഹായിക്കുമെന്നും അധികൃതര്‍ അഭിപ്രായപ്പെട്ടു. റാക്കിസ് ഗവ. കമ്യൂണിക്കേഷന്‍സ് വിഭാഗം മേധാവി ബ്രിഗേഡിയര്‍ ജനറല്‍ ഡോ. താരിഖ് മുഹമ്മദ് ബിന്‍സ സെയ്ഫ്, പൊലീസ് ഓപറേഷന്‍സ് ഡയറക്ടര്‍ ജനറല്‍, പൊലീസ് ഉദ്യോഗസ്ഥര്‍, വ്യവസായികള്‍, സാമ്പത്തിക വിദഗ്ധര്‍ തുടങ്ങിയവര്‍ ഫോറത്തില്‍ പങ്കെടുത്തു.
സ്റ്റെവി പുരസ്ക്കാര തിളക്കത്തില്‍ റാക് പൊലീസ്
റാസല്‍ഖൈമ: മികച്ച പ്രവര്‍ത്തനത്തിന് റാക് പൊലീസ് സ്റ്റെവി അവാര്‍ഡുകള്‍ക്കായി തെരഞ്ഞെടുക്കപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. ഇതോടെ മിഡിലീസ്റ്റിനും നോര്‍ത്ത് ആഫ്രിക്കക്കും വേണ്ടിയുള്ള 2024ലെ സ്റ്റെവി പുരസ്കാര പട്ടികയിലെ ആദ്യ സര്‍ക്കാര്‍ സ്ഥാപനമായി റാസല്‍ഖൈമ പൊലീസ്.
പ്രാദേശിക-ആഗോള മികവിന് റാക് പൊലീസിന് ലഭിച്ച അവാര്‍ഡുകളില്‍ അഞ്ച് സുവര്‍ണ പുരസ്കാരങ്ങളും ഉള്‍പ്പെടുന്നതായി റാക് പൊലീസ് മേധാവി മേജര്‍ അലി അബ്ദുല്ല അല്വാന് അല്‍ നുഐമി പറഞ്ഞു.
100 ജീവനക്കാരോ അതില്‍ കൂടുതലോ ഉള്‍പ്പെടുന്ന ഓര്‍ഗനൈസേഷനുകള്‍ക്ക് നല്കുന്ന എക്സലന്‍സ് ഗവ. ഇന്നവേഷന്‍ അവാര്‍ഡ്, എട്ട് സില്‍വര്‍ അവാര്‍ഡുകള്‍, ആറ് വെങ്കല അവാര്‍ഡുകള്‍ തുടങ്ങിയവയാണ് റാക് പൊലീസിന് ലഭിച്ചത്.
പൊലീസ് പ്രവര്‍ത്തനത്തിന്റെ വിവിധ മേഖലകളില്‍ മികവും നൂതനത്വവും ആര്‍ജിക്കാനുള്ള റാക് പൊലീസ് ജനറല്‍ കമാന്‍ഡിന്റെ പ്രതിബദ്ധതയാണ് ഈ പുരസ്കാരങ്ങള്‍ പ്രതിഫലിപ്പിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.
റാക് മൂവിന് പിക്ക് ഹോട്ടലില്‍ നടന്ന അവാര്‍ഡ് വിതരണ ചടങ്ങില്‍ റാക് പൊലീസ് ഡെപ്യൂട്ടി കമാന്‍ഡര്‍ ഇന്‍ ചീഫ് ബ്രിഗേഡിയര്‍ ജനറല്‍ ജമാല്‍ അഹമ്മദ് അല്‍ തയ്ര്, സ്റ്റെവി അവാര്‍ഡ് സി.ഇ.ഒ മൈക്കിള്‍ ഗല്ലാഗസില് എന്നിവര്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.