സേഹയുടെ എല്ലാ കോവിഡ് പരിശോധന കേന്ദ്രങ്ങളും ഇന്ന് പൂട്ടും
text_fieldsഅബൂദബി: അബൂദബി ഹെൽത്ത് സർവിസസ് കമ്പനി(സേഹ)യുടെ എല്ലാ കോവിഡ് പരിശോധന കേന്ദ്രങ്ങളും ശനിയാഴ്ച അടച്ചുപൂട്ടും. സേഹയുടെ ഹെൽത്ത് കെയർ സെന്ററുകളിൽ മാത്രമാകും കോവിഡ് പരിശോധനയും വാക്സിനേഷൻ സൗകര്യവും ഇനിമുതൽ ലഭ്യമാവുക. കോവിഡ് പോസിറ്റിവ് കേസുകൾ അൽ റഹ്ബ, അൽഐൻ ആശുപത്രികളിൽ കൈകാര്യം ചെയ്യുമെന്നും വാർത്താ ഏജൻസിയായ വാം റിപ്പോർട്ട് ചെയ്തു.
കോവിഡ് കേസുകൾ കുറഞ്ഞുവരുന്നതിനനുസരിച്ച് സേഹ കോവിഡ് പരിശോധന കേന്ദ്രങ്ങളുടെ പ്രവർത്തനം അവസാനിപ്പിച്ചുവരുകയായിരുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ വിവിധ സ്ഥലങ്ങളിൽ പ്രവർത്തിച്ചുവന്നിരുന്ന വിവിധ കോവിഡ് പരിശോധന കേന്ദ്രങ്ങൾ അടച്ചുപൂട്ടിയിട്ടുണ്ട്. അൽ ഷംഖ ഡ്രൈവ്-ത്രൂ സെന്റർ ആഗസ്റ്റിലും ദുബൈ സിറ്റി വാക്കിലെ മൊബൈൽ ടെസ്റ്റിങ് സർവിസ് പ്രവർത്തനം മാർച്ചിലും അവസാനിപ്പിക്കുകയുണ്ടായി. റാശിദ് പോർട്ടിലെ പരിശോധന കേന്ദ്രം കഴിഞ്ഞ വർഷം ജനുവരിയിൽതന്നെ അടച്ചിരുന്നു.
കോവിഡ് കേസുകൾ കുത്തനെ കുറഞ്ഞതും വ്യാപകമായി വാക്സിനേഷൻ ലഭ്യമാക്കിയതും മൂലം സാധാരണ നിലയിലേക്ക് രാജ്യം മാറിയതോടെയാണ് സെന്ററുകൾ പൂട്ടിയത്. നിലവിൽ ദിവസം 100ൽ താഴെ കേസുകൾ മാത്രമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. വ്യാഴാഴ്ച 74 രോഗികളെയാണ് കണ്ടെത്തിയത്. രാജ്യത്താകെ 1500 കേസുകൾ മാത്രമാണ് നിലവിലുള്ളത്. നവംബറിലാണ് രണ്ടര വർഷത്തിനുശേഷം കോവിഡിനെ പ്രതിരോധിക്കാൻ രാജ്യത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ യു.എ.ഇ പൂർണമായും പിൻവലിക്കുന്നത്. പൊതുസ്ഥലങ്ങളിൽ പ്രവേശിക്കാൻ അൽഹുസ്ൻ ആപ്പിൽ ഗ്രീൻപാസ് കാണിക്കേണ്ടതും പള്ളികളിൽ നമസ്കരിക്കാനെത്തുന്നവർ സ്വന്തം നിസ്കാരപ്പായ കൊണ്ടുവരണമെന്നതടക്കം മിക്ക നിബന്ധനകളും നിലവിലില്ല.
പകർച്ചവ്യാധികൾക്കായി മൊബൈൽ ലബോറട്ടറി
അബൂദബി: പകർച്ചവ്യാധികൾക്കായി എമിറേറ്റിലെ ആദ്യ മൊബൈൽ ലബോറട്ടറിക്ക് തുടക്കംകുറിച്ച് അബൂദബി പബ്ലിക് ഹെൽത്ത് സെന്റർ. ക്രിമിയൻ-കോംഗോ ഹെമോറാജിക് പനി, യെല്ലോ ഫിവർ തുടങ്ങിയ കൊടും പകർച്ചവ്യാധികൾ അടക്കമുള്ളവയെ കൈകാര്യംചെയ്യാൻ ശേഷിയുള്ള ലെവൽ-3 ബയോസേഫ്റ്റി മൊബൈൽ ലാബാണ് അബൂദബി പൊതു ആരോഗ്യകേന്ദ്രം തുറന്നത്.
കൃത്യതയാർന്നതും അതിവേഗവുമുള്ള പരിശോധനയിലൂടെ പകർച്ചവ്യാധികളെ കൈകാര്യംചെയ്യാനുള്ള അബൂദബിയുടെ ശേഷി വർധിപ്പിക്കുന്നതാണ് പുതിയ നടപടിയെന്ന് അധികൃതർ അറിയിച്ചു. ശൈഖ് ഖലീഫ മെഡിക്കൽ സിറ്റി, അൽ റഹ്ബ ആശുപത്രി, തവാം ആശുപത്രി, മദീനത്ത് സായിദ് ആശുപത്രി എന്നിവിടങ്ങളിലെ ആരോഗ്യപ്രവർത്തകരെ സഹായിക്കാനാണ് മൊബൈൽ ലാബ് പ്രവർത്തിക്കുക. മൊബൈൽ ലാബിന്റെ നിർമാതാക്കളാണ് ഇതിലെ സാങ്കേതിക പ്രവർത്തകർക്ക് പരിശീലനം നൽകിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.