ആരോഗ്യസേവനത്തിന് സെഹയുടെ ശനിയാഴ്ച ക്ലിനിക്ക്
text_fieldsഅബൂദബി: എമിറേറ്റിലെ പൊതുജനാരോഗ്യ വിഭാഗമായ സെഹ ശനിയാഴ്ച ക്ലിനിക്കുകൾ ആരംഭിക്കുന്നു. വാരാന്ത്യങ്ങളിൽ രോഗികൾക്ക് കൂടുതൽ ആരോഗ്യസേവനം ഉറപ്പാക്കാനാണ് പദ്ധതി.
സെഹയുടെ കീഴിലുള്ള ആംബുലേറ്ററി ഹെൽത്ത് കെയർ സർവിസസ്, ശൈഖ് ഖലീഫ മെഡിക്കൽ സിറ്റി, ശൈഖ് ഷെഖ്ബൂത്ത് മെഡിക്കൽ സിറ്റി, അൽ ദഫ്രയിലെ ആശുപത്രികൾ എന്നിവിടങ്ങളിലാണ് പ്രത്യേക ക്ലിനിക്കുകൾ ആരംഭിക്കുക.
ശിശുരോഗവിഭാഗം, പ്രസവചികിത്സ, ഗൈനക്കോളജി, ഗ്യാസ്ട്രോ എൻററോളജി, കാർഡിയോളജി, സൈക്യാട്രി, ഡെൻറിസ്ട്രി, ഒാഫ്താൽമോളജി, ഓർത്തോപീഡിക്സ്, ഇ.എൻ.ടി, ഡെർമറ്റോളജി, പോഷകാഹാരം എന്നീ വിഭാഗങ്ങളിൽ ചികിത്സ ലഭ്യമാക്കും.
രോഗികൾക്ക് കൂടുതൽ സൗകര്യപ്രദമായ സമയത്ത് ആരോഗ്യ ചികിത്സയും സേവനങ്ങളും ഉറപ്പാക്കുന്നതിൽ സന്തോഷമുണ്ടെന്ന് സെഹ ആക്ടിങ് ഗ്രൂപ് ചീഫ് ഓപറേഷൻ ഓഫിസർ ഡോ. മർവാൻ അൽ കാബി പറഞ്ഞു.
ശനിയാഴ്ച ക്ലിനിക്കുകൾ തുറക്കുന്നതോടെ രോഗികൾക്ക് വാരാന്ത്യ അവധിയിലും ആരോഗ്യ പരിരക്ഷ സൗകര്യം ലഭ്യമാകും. ശനിയാഴ്ച ക്ലിനിക്കുകൾക്ക് പുറമെ പശ്ചിമ അബൂദബിയിലെ ആശുപത്രികളിൽ രോഗികൾ ചികിത്സാസേവനം ലഭ്യമാക്കാൻ സായാഹ്ന ക്ലിനിക്കുകളും ആരംഭിക്കും.
ഇതോടെ ജോലിസമയത്തിന് ശേഷം സായാഹ്ന ആരോഗ്യ പരിചരണകേന്ദ്രം സന്ദർശിക്കാനാവും.80050 എന്ന ടോൾ ഫ്രീ നമ്പറിൽ സെഹ കോൾ സെൻറലോ, സെഹ ആപ് വഴിയോ, 024102200 എന്ന ലാൻഡ്ലൈൻ നമ്പറിലോ ഉപഭോക്താക്കൾക്ക് മുൻകൂട്ടി ബുക്ക് ചെയ്യാനും സൗകര്യമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.