തെരഞ്ഞെടുപ്പ് വരുന്നു: പറക്കുമോ 'വോട്ടർ വിമാനങ്ങൾ'
text_fieldsദുബൈ: അവധിക്കാലത്തിന് പുറമെ പ്രവാസികൾ നാട്ടിലേക്ക് കൂട്ടത്തോടെ പറക്കുന്ന സീസണാണ് കേരളത്തിലെ തെരഞ്ഞെടുപ്പു കാലം. വിമാനം നിറയെ വോട്ടർമാരുമായി വന്നിരുന്ന ചരിത്രവും പ്രവാസലോകത്തുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബറിൽ പ്രഖ്യാപിച്ചതോടെ പ്രവാസി വോട്ടർമാരെ നാട്ടിലെത്തിക്കുന്നതിനെക്കുറിച്ച് രാഷ്ട്രീയ കക്ഷികൾ ആലോചിച്ചുതുടങ്ങിയിട്ടുണ്ട്. എന്നാൽ, കോവിഡ് യാത്ര നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ഇത് എത്രത്തോളം ഫലവത്താകുമെന്നതിനെക്കുറിച്ച് പ്രവാസികൾക്കും സ്ഥാനാർഥികൾക്കും ആശങ്കയുണ്ട്.
പ്രധാന പ്രശ്നം ക്വാറൻറീനാണ്. രാഷ്ട്രീയ കക്ഷികൾ നൽകുന്ന ടിക്കറ്റിൽ നാട്ടിലെത്തി തൊട്ടടുത്ത ദിവസം തിരിച്ചു മടങ്ങുന്ന സംവിധാനം നേരത്തേയുണ്ടായിരുന്നു. എന്നാൽ, ഇത്തവണ ഇത് നടക്കുമോ എന്ന് ഉറപ്പില്ല. കേരളത്തിൽ ഏഴുദിവസം ക്വാറൻറീൻ നിർബന്ധമാണ്.തെരഞ്ഞെടുപ്പ് അടുക്കുേമ്പാഴേക്കും പ്രവാസികൾക്ക് ഏർപെടുത്തിയിരിക്കുന്ന ക്വാറൻറീൻ പൂർണമായും ഒഴിവാക്കും എന്ന പ്രതീക്ഷയിലാണ് സ്ഥാനാർഥികളും പ്രവാസികളും. ഇത് നടപ്പാക്കി പ്രവാസികൾക്ക് വോട്ടിങ് സൗകര്യം ഏർപെടുത്തണമെന്നാവശ്യപ്പെട്ട് പ്രവാസി സംഘടനകൾ സംസ്ഥാന സർക്കാരിൽ സമ്മർദം ചെലുത്താനൊരുങ്ങുകയാണ്. ഇക്കുറി ടിക്കറ്റിന് പുറമെ, കോവിഡ് പരിശോധനയും പ്രവാസി സംഘടനകൾ സ്പോൺസർ ചെയ്താൽ അത്ഭുതപ്പെടേണ്ടതില്ല.
തയാറെടുക്കാം ഇപ്പോൾതന്നെ
ക്വാറൻറീൻ ഒഴിവാക്കുമെന്ന തീരുമാനം കേരളത്തിൽ നടപ്പായാൽ അബൂദബി ഒഴികെയുള്ള മറ്റ് എമിറേറ്റുകളിലെ പ്രവാസികൾക്ക് നാട്ടിലെത്തി വോട്ട് രേഖപ്പെടുത്തി തൊട്ടടുത്ത ദിവസം തിരികെ വരുന്നതിന് തടസ്സമുണ്ടാവില്ല. അബൂദബിയിലുള്ളവർക്ക് തിരിച്ചെത്തിയാൽ 14 ദിവസം ക്വാറൻറീൻ നിർബന്ധമാണ്. ഇതിന് പുറമെ, ഐ.സി.എ അനുമതിയും ആവശ്യമാണ്. അനുമതി ലഭിക്കാൻ വൈകുമോ എന്ന ആശങ്കയാണ് അബൂദബി വിസക്കാർക്കുള്ളത്. മറ്റ് എമിറേറ്റുകളിലെ വിമാനത്താവളത്തിലെത്തിയാലും അബൂദബി വിസക്കാർക്ക് ഐ.സി.എ അനുമതിയും 14 ദിവസം ക്വാറൻറീനും നിർബന്ധമാണ്.
ദുബൈയിൽനിന്ന് പോകുന്നവർക്ക് യാത്രക്ക് മുമ്പുതന്നെ ജി.ഡി.ആർ.എഫ്.എയുടെ അനുമതിക്കായി അപേക്ഷിക്കാം. ചില അപേക്ഷകൾ നിരസിക്കുന്നുണ്ട്. ഇതിനുശേഷം അഞ്ചുദിവസം കഴിഞ്ഞാലേ വീണ്ടും അപേക്ഷ നൽകാൻ കഴിയൂ. അതിനാൽ, ദുബൈ വിസക്കാർ ഇവിടെനിന്ന് നാട്ടിലേക്ക് പുറപ്പെടുന്നതിന് മുമ്പുതന്നെ ജി.ഡി.ആർ.എഫ്.എ അനുമതി എടുക്കുന്നതാവും നല്ലത്. ജി.ഡി.ആർ.എഫ്.എ അനുമതിക്ക് 30 ദിവസത്തെ കാലാവധിയുണ്ട്. നിലവിൽ 300 ദിർഹം മുതൽ കേരളത്തിലേക്ക് ടിക്കറ്റ് ലഭ്യമാണ്. നാട്ടിൽനിന്ന് യു.എ.ഇയിലേക്ക് നിരക്ക് കൂടുതലാണ്.
സർക്കാർ ക്വാറൻറീൻ ഒഴിവാക്കാൻ കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധം
ദുബൈ: വിദേശരാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ എത്തുന്നവർക്ക് സർക്കാർ ക്വാറൻറീൻ ഒഴിവാക്കണമെങ്കിൽ കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന് കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം. വ്യാഴാഴ്ച പുറത്തിറക്കിയ പുതിയ നിർദേശത്തിലാണ് ഇക്കാര്യമുള്ളത്. എന്നാൽ, സംസ്ഥാനങ്ങൾക്ക് സാഹചര്യത്തിനനുസരിച്ച് തീരുമാനമെടുക്കാമെന്ന നിബന്ധന നിലനിൽക്കുന്നതിനാൽ കേരളത്തിന് ഇക്കാര്യം ബാധകമാണോ എന്ന കാര്യത്തിൽ ആശയക്കുഴപ്പമുണ്ട്. നിലവിൽ കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റില്ലാത്തവർക്കും കേരളത്തിൽ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ നിർബന്ധമില്ല. വിദേശത്തുനിന്നെത്തുന്നവർക്ക് ഏഴുദിവസം ഹോം ക്വാറൻറീനാണ് കേരളം നിർദേശിച്ചിരിക്കുന്നത്.
യാത്രയുടെ 72 മണിക്കൂറിനുള്ളിൽ ആർ.ടി. പി.സി.ആർ ടെസ്റ്റ് നടത്തി നെഗറ്റിവ് ഫലവുമായി എത്തുന്നവർക്ക് ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ വേണ്ട എന്നതാണ് പുതിയ നിർദേശം. ഇതിന് ശേഷം ന്യൂഡൽഹി വിമാനത്താവളത്തിെൻറ ഓൺലൈൻ പോർട്ടലിൽ (newdelhiairport.in) സെൽഫ് ഡിക്ലറേഷൻ ഫോറം സബ്മിറ്റ് ചെയ്യണം. ഇന്ത്യയിലെ ചില വിമാനത്താവളങ്ങളിൽ പി.സി.ആർ ടെസ്റ്റ് സൗകര്യമുണ്ട്. ഇങ്ങനെയുള്ള സൗകര്യമുള്ളവർക്ക് വിമാനത്താവളത്തിൽ എത്തിയശേഷം കോവിഡ് പരിശോധന നടത്തിയാലും മതി. സെൽഫ് ഡിക്ലറേഷൻ ഫോറവും ഇവിടെ നൽകിയാൽ മതി. അടിയന്തര ആവശ്യങ്ങൾക്ക് നാട്ടിലെത്തുന്നവരെ ക്വാറൻറീനിൽ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാൽ, ഇവരും കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് നിർദേശത്തിൽ പറയുന്നു. അതേസമയം, കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റില്ലാതെ വരുന്നവർക്ക് ഏഴ് ദിവസം ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീനും ഏഴ് ദിവസം ഹോം ക്വാറൻറീനും നിർബന്ധമാണെന്നും കേന്ദ്രത്തിെൻറ പുതിയ നിർദേശത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.