പെരുന്നാൾ ദിനങ്ങളിൽ സ്വയം നിയന്ത്രിത വാഹനങ്ങളിൽ സഫാരി
text_fieldsഅബൂദബി: സഅദിയാത്ത്, യാസ് ഐലന്‍ഡ് ദ്വീപുകളില്‍ പെരുന്നാള്‍ അവധി ചെലവിടാനെത്തുന്നവര്ക്ക് സ്വയം നിയന്ത്രിത വാഹനങ്ങളിലെ യാത്ര അനുഭവിക്കാന്‍ അവസരം. സംയോജിത ഗതാഗത കേന്ദ്രമാണ് ഇക്കാര്യം അറിയിച്ചത്. 2021 നവംബറിലാണ് യാസ് ഐലന്‍ഡില്‍ ഡ്രൈവറില്ലാ വാഹനത്തിന്റെ പരീക്ഷണ സര്‍വിസ് ആരംഭിച്ചത്.
യാസ് ഐലന്‍ഡിലെ വിവിധ കേന്ദ്രങ്ങളെ ബന്ധിപ്പിച്ചായിരുന്നു TXAI സര്‍വിസ് നടത്തിയത്. സ്മാര്‍ട്ട്ഫോണ്‍ ആപ്പിലൂടെയാണ് സേവനം ബുക്ക് ചെയ്യേണ്ടത്. ഓരോ സര്‍വിസിലും പരിശീലനം സിദ്ധിച്ച സുരക്ഷ ഉദ്യോഗസ്ഥരും വാഹനത്തിലുണ്ടാവും. നഗര, ഗതാഗത വകുപ്പ്, ബയാനത്ത്, ജി 42 ഗ്രൂപ് എന്നിവയുമായി സഹകരിച്ച് സംയോജിത ഗതാഗത കേന്ദ്രം 2022 ഒക്ടോബറിലാണ് യാസ് ഐലന്‍ഡ്, സഅദിയാത്ത് എന്നിവിടങ്ങളില്‍ പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിച്ചത്.
ആദ്യഘട്ട പരീക്ഷണയോട്ടത്തില്‍ അഞ്ച് ഡ്രൈവറില്ലാ ഇലക്ട്രിക് വാഹനങ്ങളും യാസ് ഐലന്‍ഡില്‍ ഒമ്പത് സ്റ്റോപ്പുകളുമായി ഒരു ഹൈബ്രിഡ് ടാക്സിയുമായിരുന്നു ആരംഭിച്ചത്. ഐ.ടി.സി, ജി 42 എന്നിവയുമായി സഹകരിച്ച് പദ്ധതിയിലെ പാര്‍ട്ണറായ ബയാനത്ത് യു.എ.ഇയുടെ മൊത്തത്തിലുള്ള മാപ്പിങ് പൂര്‍ത്തിയാക്കിയിരുന്നു.
അബൂദബി ആസ്ഥാനമായ റിയല്‍ എസ്റ്റേറ്റ് സ്ഥാപനം മിറാലുമായി സഹകരിച്ചായിരുന്നു നഗര, വികസന വകുപ്പ് സ്വയം നിയന്ത്രിത ടാക്സികള്‍ക്ക് തുടക്കം കുറിച്ചത്. ലെവല്‍ നാല് സ്വയം നിയന്ത്രിത ഡ്രൈവിങ് സാങ്കേതികവിദ്യ ഡെവലപ്പറായ വിറൈഡാണ് വാഹനങ്ങള്‍ക്ക് ആവശ്യമായ സോഫ്റ്റ് വെയറും ഹാര്‍ഡ് വെയറും നല്‍കിയിരിക്കുന്നത്.
എമിറേറ്റിലെ വിവിധ മേഖലകളിലേക്ക് യാത്ര ചെയ്യാന്‍ ആഗ്രഹമുള്ളവര്‍ക്ക് സൗജന്യ ബസ് സൗകര്യവും അബൂദബി ലിങ്ക് ബസ് സേവനം മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ഉപയോഗിക്കാം. അബൂദബിയില്‍ എത്തുന്നവര്‍ക്ക് നഗരത്തിലെ വിവിധ ഇടങ്ങളിലേക്ക് സഞ്ചരിക്കാന്‍ ഏറെ ഉപകാരപ്പെടുന്നതാണ് അബൂദബി ലിങ്ക് ബസ് സേവനം. അബൂദബിയിലെ ചില പ്രദേശങ്ങളില്‍ മാത്രമേ ഈ സര്‍വിസ് ലഭ്യമാവൂ.
പരമാവധി രണ്ട് ദിര്‍ഹമാണ് ചെലവ്. സഅദിയാത്ത് ഐലന്‍ഡ്, യാസ് ഐലന്‍ഡ്, അല്‍ റാഹ, ഷഹാമ, അല്‍ ബാഹിയ എന്നിവിടങ്ങളില്‍ നിന്നാണ് ബസ് സര്‍വിസ്. രാവിലെ ആറു മുതല്‍ രാത്രി 11 വരെ ഈ സേവനം ലഭ്യമാണ്.
ഹിദ്ദ് അല്‍ സഅദിയാത്ത്, സഅദിയാത്ത് ബീച്ച് വില്ലാസ്, സഅദിയാത്ത് ബീച്ച് റെസിഡന്‍സസ്, ജുമൈറ റിസോര്‍ട്ട്-സഅദിയാത്ത് ഐലൻഡ്, സഅദിയാത്ത് ബീച്ച് ക്ലബ്, സഅദിയാത്ത് ബീച്ച് ഗോള്‍ഫ് ക്ലബ്, സഅദിയാത്ത് ഹോട്ടല്‍ ഏരിയകള്‍, സഅദിയാത്ത് കള്‍ചറല്‍ ഡിസ്ട്രിക്ട്, ലൂവ്റേ അബൂദബി മ്യൂസിയം, മംഷ അല്‍ സഅദിയാത്ത് എന്നിവിടങ്ങളിലേക്കും അബൂദബി ലിങ്കിന്റെ സര്‍വിസുണ്ട്.
ഗൂഗിള്‍ പ്ലേസ്റ്റോറില്‍നിന്നും ആപ്പിള്‍ ആപ് സ്റ്റോറില്‍നിന്നും അബൂദബി ലിങ്ക് ആപ് ഡൗണ്‍ലോഡ് ചെയ്യാം. ഇന്‍സ്റ്റാള്‍ ചെയ്തശേഷം ആപ് തുറക്കുമ്പോള്‍ വൈഫൈ, അല്ലെങ്കില്‍ ഫോണ്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതിനുള്ള അനുമതി നല്‍കേണ്ടതുണ്ട്. ആദ്യമായി തുറക്കുമ്പോള്‍ ലോഗിന്‍ ചെയ്യുന്നതിനായി പേര്, ഇ-മെയില്‍ വിലാസം, ഫോണ്‍ നമ്പര്‍ വിവരങ്ങള്‍ നല്‍കുകയും പാസ് വേഡ് നിര്‍മിക്കുകയും വേണം.
ഇതിനുശേഷം നെക്സ്റ്റ് എന്ന ബട്ടണില്‍ അമര്‍ത്തിയാല്‍ ആപ്പിന് ഫോണ്‍ ലൊക്കേഷന്‍ അനുമതി നല്‍കണം. ബസ് ബുക്കിങ് ചെയ്യുന്നതിന് ഇത് അനിവാര്യമാണ്. യാത്ര തുടങ്ങേണ്ടതും അവസാനിക്കുന്നതുമായ സ്ഥലങ്ങള്‍ നല്കിയാല് ആപ്ലിക്കേഷന്‍ നിലവിലുള്ള ബസ് സര്‍വിസുകള്‍ പരിശോധിച്ച് ഇവ കാണിക്കും. ബസ് നമ്പര്‍, ബസ് ഐഡി, ഡ്രൈവറുടെ പേര് അടക്കമുള്ളവയാണ് ഈ സമയം കാണിക്കുക. യാസ് ഐലന്‍ഡിലും സഅദിയാത്ത് ഐലന്‍ഡിലും നിലവില്‍ സര്‍വിസ് സൗജന്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.