സെൽഫ് ഡ്രൈവിങ് ട്രാൻസ്പോർട്ട് വേൾഡ് കോൺഗ്രസ് 26 മുതൽ
text_fieldsദുബൈ: ഡ്രൈവറില്ലാ വാഹനങ്ങളുടെ അന്താരാഷ്ട്ര പ്രദർശനത്തിന് വേദിയൊരുങ്ങുന്ന ദുബൈ സെൽഫ് ഡ്രൈവിങ് ട്രാൻസ് പോർട്ട് വേൾഡ് കോൺഗ്രസിന്റെ മൂന്നാമത് എഡിഷൻ സെപ്റ്റംബർ 26, 27 തീയതികളിൽ അരങ്ങേറും. ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ മുഖ്യ രക്ഷാധികാരത്തിലാണ് പ്രദർശനം ഒരുക്കുന്നത്. ദുബൈ വേൾഡ് ട്രേഡ് സെന്ററാണ് വേദി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി നൂതന ഡ്രൈവറില്ലാ വാഹന നിർമാതാക്കൾ മേളയിൽ പ്രദർശനം സംഘടിപ്പിക്കും. മേഖലയിൽ വിദഗ്ധരായ പ്രമുഖരുടെ സംസാരങ്ങളും ഒരുക്കിയിട്ടുണ്ട്. രണ്ടായിരം അന്താരാഷ്ട്ര പ്രതിനിധികൾ പങ്കെടുക്കും.
പ്രദർശനത്തിന് മുന്നോടിയായി ഒരുക്കിയ സെൽഫ് ഡ്രൈവിങ് ട്രാൻസ്പോർട്ട് വേൾഡ് ചലഞ്ചിന്റെ അവസാന റൗണ്ടിലെത്തിയ 10 വാഹനങ്ങളുടെ പേരുകൾ ദിവസങ്ങൾക്ക് മുമ്പ് പ്രഖ്യാപിച്ചിരുന്നു. മൂന്നാമത് ഡ്രൈവറില്ലാ വാഹനങ്ങളുടെ അന്താരാഷ്ട്ര മത്സരത്തിൽ ഇത്തവണ ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽനിന്നുള്ള നൂതനവാഹനങ്ങൾ പങ്കെടുത്തിരുന്നു. ‘സ്വയം പ്രവർത്തിക്കുന്ന ബസുകൾ’ എന്ന തീമിലാണ് ഇത്തവണത്തെ മത്സരങ്ങൾ നടന്നത്. അപകടവും തടസ്സങ്ങളും മുൻകൂട്ടി കണ്ട് സ്വയം ഓടുന്ന ബസുകൾ നിർമിക്കുന്ന മുൻനിര സ്ഥാപനങ്ങളും യു.എ.ഇയിലെ ഗവേഷണ വിദ്യാഭ്യാസ സ്ഥാപനങ്ങളുമാണ് ചലഞ്ചിൽ പ്രധാനമായും മാറ്റുരച്ചത്. 23 ലക്ഷം ഡോളറാണ് വിജയികൾക്ക് ലഭിക്കുന്ന സമ്മാനത്തുക. ഇതിൽ 20 ലക്ഷം ഡോളർ സ്ഥാപനങ്ങൾക്കും മൂന്ന് ലക്ഷം ഡോളർ ഗവേഷണ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ലഭിക്കും.
സെൽഫ് ഡ്രൈവിങ് ട്രാൻസ്പോർട്ട് വേൾഡ് കോൺഗ്രസിൽ വെച്ചാണ് മത്സര വിജയികളെ പ്രഖ്യാപിക്കുക. മുൻവർഷത്തേക്കാൾ ഇക്കുറി മത്സരാർഥികളുടെ എണ്ണം 130 ശതമാനം വർധിച്ചിട്ടുണ്ട്.
മൊത്തം വാഹനങ്ങളുടെ 25 ശതമാനം സ്വയം നിയന്ത്രിത വാഹനങ്ങളാക്കാനുള്ള ദുബൈയുടെ ലക്ഷ്യത്തിന്റെ ഭാഗമാണ് ഈ ചലഞ്ച്. ദുബൈ സിലിക്കൻ ഒയാസിസിലാണ് ഡ്രൈവറില്ലാ വാഹനങ്ങളുടെ പരീക്ഷണയോട്ടം നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.