സെൽഫ് ഡ്രൈവിങ് ട്രാൻസ്പോർട്ട് വേൾഡ് കോൺഗ്രസ് ഇന്ന്
text_fieldsദുബൈ: ഡ്രൈവറില്ലാ വാഹനങ്ങളുടെ വികസനം ലക്ഷ്യമിട്ട് ദുബൈ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ) സംഘടിപ്പിക്കുന്ന സെൽഫ് ഡ്രൈവിങ് ട്രാൻസ്പോർട്ട് വേൾഡ് കോൺഗ്രസിന്റെ മൂന്നാമത് എഡിഷന് ചൊവ്വാഴ്ച തുടക്കമാവും. യു.എ.ഇ എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനും ദുബൈ കിരീടാവകാശിയുമായ ശൈഖ് ഹംദാൻ ബിൻ റാശിദ് ആൽ മക്തൂമിന്റെ രക്ഷാകർതൃത്വത്തിൽ ദുബൈ വേൾഡ് ട്രേഡ് സെന്ററിലാണ് സമ്മേളനം നടക്കുക.
ഡ്രൈവറില്ലാ വാഹനങ്ങളുടെ വികസനത്തിനായി ആർ.ടി.എ സംഘടിപ്പിച്ച ദുബൈ സെൽഫ് ഡ്രൈവിങ് ട്രാൻസ്പോർട്ട് ചലഞ്ചിലെ വിജയികളെ ചടങ്ങിൽ പ്രഖ്യാപിക്കും. 23 ലക്ഷം ഡോളറാണ് ചലഞ്ചിന്റെ ആകെ സമ്മാനത്തുക. 20 ലക്ഷം ഡോളർ സ്ഥാപനങ്ങൾക്കും മൂന്ന് ലക്ഷം ഡോളർ യു.എ.ഇയിലെ ഗവേഷണ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ലഭിക്കും. ഡ്രൈവറില്ല ബസുകൾ വികസിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു ഇത്തവണത്തെ ചലഞ്ച്. 27 സ്ഥാപനങ്ങളാണ് രണ്ടു കാറ്റഗറിയിലായി ചലഞ്ചിൽ പങ്കെടുത്തിരുന്നത്.
മേഖലയിലെ വിദഗ്ധരുടെ മേൽനോട്ടത്തിൽ ദുബൈ സിലിക്കൻ ഒയാസിസിലെ മുൻനിശ്ചയിച്ച സ്ഥലത്തുവെച്ചായിരുന്നു ചലഞ്ച്. സ്വയം നിയന്ത്രിക്കുന്ന ബസുകൾ റോഡിലെ കൃത്രിമ തടസ്സങ്ങളെ മറികടന്ന് വിജയകരമായി മുന്നോട്ടുപോകണമെന്നതായിരുന്നു ചലഞ്ച്. തുടർന്ന് 27 കമ്പനികളിൽനിന്ന് പത്ത് കമ്പനികളെ അവസാന റൗണ്ടിലേക്ക് തെരഞ്ഞെടുത്തു. അന്താരാഷ്ട്ര തലത്തിൽ അഞ്ച് കമ്പനികളും പ്രാദേശിക ഗവേഷണ വിദ്യാഭ്യാസ സ്ഥാപനവിഭാഗത്തിൽ അഞ്ച് സ്ഥാപനങ്ങളുമാണ് അവസാന റൗണ്ടിലെത്തിയത്. ഈ കമ്പനികളിൽ നിന്നായിരിക്കും അന്തിമവിജയികളെ പ്രഖ്യാപിക്കുക.
‘ഗതാഗത രംഗത്തെ ശാക്തീകരണം 4.0’ പ്രമേയത്തിന് കീഴിൽ നടക്കുന്ന സമ്മേളനത്തിൽ രാജ്യത്തിനകത്തും പുറത്തുംനിന്നായി 2000 പ്രതിനിധികൾ പങ്കെടുക്കും. വിവിധ വിഷയങ്ങളിലായി 33 സെഷനുകളും വർക്ഷോപ്പുകളും സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. പ്രാദേശിക, അന്താരാഷ്ട്ര തലത്തിൽ പ്രശസ്തരായ 53 പ്രഭാഷകരും സമ്മേളനത്തിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും. ജനറൽ മോട്ടോഴ്സ് ക്രൂസ്, അറേബ്യൻ ഗൾഫ് മെക്കാനിക്കൽ സെന്റർ, യുനൈറ്റഡ് മോട്ടോഴ്സ്, ഹെവി എക്യുപ്മെന്റ് കമ്പനി, റുപ്ടല്ല, എസ്.ജി.എസ് ഗൾഫ്, അൽ നബൂദ, ട്രാപേസ്, മിനുസ് സീറോ, ദുബൈ ടെക്നോളജി, തലബാത്ത് തുടങ്ങി പ്രമുഖ കമ്പനികളെ പ്രതിനിധാനംചെയ്ത് 40 പ്രദർശകർ സമ്മേളനത്തിൽ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.