തിരികെയെത്തിയ പ്രവാസികൾക്ക് സ്വയംതൊഴിൽ പദ്ധതി
text_fieldsതിരികെയെത്തുന്ന പ്രവാസികളെ സ്വയം തൊഴിൽ സംരംഭങ്ങളിലൂടെ സുസ്ഥിര വരുമാനമുണ്ടാക്കാന്‍ പ്രാപ്തരാക്കുകയാണ് നോര്‍ക്ക ഡിപ്പാർട്ട്മെൻറ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രൻറ്സ് (എൻ.ഡി.പി.ആർ.ഇ.എം) എന്ന പദ്ധതിയുടെ ലക്ഷ്യം. പദ്ധതി അതിനുവേണ്ട ബാങ്ക് വായ്പകള്‍ മൂലധന, പലിശ സബ്സിഡിയോടുകൂടി ഉറപ്പാക്കും. ചുരുങ്ങിയത് രണ്ടു വര്‍ഷം വിദേശത്ത് താമസിക്കുകയോ ജോലി ചെയ്യുകയോ ചെയ്തതിനുശേഷം സ്ഥിരമായി നാട്ടില്‍ മടങ്ങിയെത്തിയ പ്രവാസികൾക്കും അത്തരം പ്രവാസികള്‍ ചേര്‍ന്ന് രൂപീകരിച്ച കമ്പനി, ട്രസ്റ്റ്, സൊസൈറ്റി തുടങ്ങിയവക്കും ആനുകൂല്യം ലഭിക്കും.
താല്‍പര്യമുള്ള സംരംഭങ്ങള്‍ക്ക് വേണ്ടി പദ്ധതിയുടെ ഭാഗമായി മേഖലാടിസ്ഥാനത്തില്‍ പരിശീലന കളരികള്‍, ബോധവത്ക്കരണ സെമിനാറുകള്‍ എന്നിവയും സംഘടിപ്പിക്കുന്നുണ്ട്. ദേശസാല്‍കൃത ബാങ്കുകളുള്‍പ്പെടെ 16 ധനകാര്യസ്ഥാപനങ്ങളാണ് പദ്ധതിയിൽ സഹകരിക്കുന്നത്. പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനും ബാങ്ക് വായ്പ ഉറപ്പാക്കുന്നതിനും സംരംഭകര്‍ക്കുള്ള മാർഗനിർദേശങ്ങള്‍ നല്‍കുന്നതിനും സൗജന്യ വിദഗ്ധ സേവനവും ലഭ്യമാണ്.
ആനുകൂല്യങ്ങൾ:
30 ലക്ഷം രൂപ വരെ മൂലധന ചെലവ് പ്രതീക്ഷിക്കുന്ന സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക് 15 ശതമാനം മൂലധന സബ്സിഡി(പരമാവധി മൂന്നുലക്ഷം രൂപ വരെ) നൽകും. നോര്‍ക്ക-റൂട്ട്സുമായി ധാരണാപത്രം ഒപ്പിട്ടിട്ടുള്ള സംസ്ഥാനത്തെ ദേശസാല്‍കൃത ബാങ്കുകളില്‍ നിന്നോ ഷെഡ്യൂള്‍ഡ് ബാങ്കുകളില്‍ നിന്നോ സഹകരണ ബാങ്കുകളില്‍ നിന്നോ മറ്റ് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നോ ഉള്ള വായ്പകള്‍ക്കാണ് സബ്സിഡി ലഭിക്കുക. കൂടാതെ, മുടക്കമില്ലാതെ മാസഗഡു തിരിച്ചടക്കുന്നവര്‍ക്ക് നാല് വര്‍ഷത്തേക്ക് പലിശയിനത്തിൽ മൂന്നു ശതമാനം സബ്സിഡിയും ലഭിക്കുന്നതാണ്.
വായ്പ അനുവദിക്കുന്ന ബാങ്കുകള്‍:
കെ.എസ്.ബി.ഡി.ഡി.സി, സ്റ്റേറ്റ് ബാങ്ക് ഏഫ് ഇന്ത്യ, യൂണിയന്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, സൗത്ത് ഇന്ത്യൻ ബാങ്ക്, കാനറാ ബാങ്ക്, ഫെഡറല്‍ ബാങ്ക്, കേരള സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമീണവികസന ബാങ്ക്, സംസ്ഥാന പട്ടികജാതി/വർഗ വികസന കോര്‍പ്പറേഷന്‍, കേരള സംസ്ഥാന പ്രവാസി ക്ഷേമവികസന കോഓപ്പറേറ്റീവ് സൊസൈറ്റി മലപ്പുറം, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, കേരള ബാങ്ക്, കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍, ബാങ്ക് ഓഫ് ഇന്ത്യ, യൂകോ ബാങ്ക്, ട്രാവന്‍കൂര്‍ പ്രവാസി ഡെവലപ്മെൻറ് സഹകരണ സൊസൈറ്റി എന്നിവയാണ് വായ്പ അനുവദിക്കുന്ന ബാങ്കുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.