തീവ്രവാദക്കേസിൽ ജീവപര്യന്തം തടവും 2 കോടി പിഴയും ശിക്ഷ വിധിച്ചു
text_fieldsഅബൂദബി: ജസ്റ്റിസ് ആൻഡ് ഡിഗ്നിറ്റി ഓർഗനൈസേഷൻ കേസിൽ തീവ്രവാദ മുസ്ലിം ബ്രദർഹുഡ് സംഘടനയിലെ 53 അംഗങ്ങളും ആറ് കമ്പനികളും കുറ്റക്കാരാണെന്ന് അബൂദബി ഫെഡറൽ അപ്പീൽ കോടതിയുടെ സ്റ്റേറ്റ് സെക്യൂരിറ്റി ഡിവിഷൻ കണ്ടെത്തി. പ്രതികൾക്ക് ജീവപര്യന്തം തടവും 2 കോടി ദിർഹം വരെ പിഴയും കോടതി വിധിച്ചു.
രാജ്യത്തിനകത്ത് ഭീകരപ്രവർത്തനങ്ങൾ നടത്തുന്നതിനായി ജസ്റ്റിസ് ആൻഡ് ഡിഗ്നിറ്റി ഓർഗനൈസേഷൻ സ്ഥാപിക്കുകയും നിയന്ത്രിക്കുകയും ചെയ്തതായി കണ്ടെത്തിയ 43 പേർക്കാണ് ജീവപര്യന്തം തടവ് വിധിച്ചത്. സമൂഹ മാധ്യമങ്ങളിൽ രാജ്യവിരുദ്ധ ലേഖനങ്ങളും ട്വീറ്റുകളും പ്രസിദ്ധീകരിച്ച് നിയമവിരുദ്ധമായ റിഫോം കോൾ ഓർഗനൈസേഷനുമായി സഹകരിച്ചതിന് അഞ്ച് പ്രതികൾക്ക് 15 വർഷത്തെ തടവ് ശിക്ഷയും ലഭിച്ചു.
തീവ്രവാദ സംഘടന സ്ഥാപിക്കുക, ധനസഹായം നൽകുക എന്നിവയിൽ നിന്ന് ഉരുത്തിരിഞ്ഞ കള്ളപ്പണം വെളുപ്പിക്കൽ കുറ്റകൃത്യങ്ങൾക്ക് മറ്റ് അഞ്ച് പ്രതികൾക്ക് 10 വർഷം തടവും ഒരുകോടി ദിർഹം വീതം പിഴയും വിധിച്ചു. കൂടാതെ, ആറ് കമ്പനികൾക്കും അവരുടെ ഉദ്യോഗസ്ഥർക്കും രണ്ടുകോടി ദിർഹം വീതം പിഴയും ചുമത്തി.
അവരുടെ സ്ഥലങ്ങൾ പിരിച്ചുവിടാനും അടച്ചുപൂട്ടാനും ഉത്തരവിടുകയും സംഘടിത കള്ളപ്പണം വെളുപ്പിക്കൽ കുറ്റകൃത്യങ്ങളിൽ ഉപയോഗിച്ച ഫണ്ടുകളും സ്വത്തുക്കളും മറ്റു സാമഗ്രികളും ഉൾപ്പെടെയുള്ള സ്വത്തുക്കൾ കണ്ടുകെട്ടാനും ഉത്തരവിട്ടു.
റിഫോം കോൾ ഓർഗനൈസേഷനുമായി സഹകരിച്ച് പ്രവർത്തിച്ചതിന് 24 പ്രതികൾക്കെതിരായ ക്രിമിനൽ കേസുകൾ കോടതി തള്ളുകയും ഒരു പ്രതിയെ എല്ലാ കുറ്റങ്ങളിൽ നിന്നും വെറുതെവിടുകയും ചെയ്തു. ഈ വിധി ഫെഡറൽ സുപ്രീംകോടതിയിൽ അപ്പീലിന് വിധേയമാണ്. 10ലധികം സെഷനുകളിലായാണ് കോടതി കേസ് കൈകാര്യം ചെയ്തത്. പ്രതികൾക്ക് എല്ലാ നിയമപരമായ അവകാശങ്ങളും ഗാരന്റികളും ഉറപ്പാക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.